CinemaGeneralLatest NewsMollywoodNEWS

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ ; ചിത്രീകരണം ആരംഭിക്കുന്നു

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്

ബറോസ് എന്ന സിനിമ പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയതാണ്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് സിനിമയുടെ നിർമ്മാണം. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം മാർച്ച് 31ന് ആരംഭിക്കുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

കോവിഡ് പ്രതിസന്ധി മൂലം സിനിമയുടെ ചിത്രീകരണം വൈകിപ്പോയെങ്കിലും അത് ഏറെ അനുഗ്രഹമായി മാറ്റിക്കൊണ്ട് ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻസിൻ്റെ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുവാൻ മോഹൻലാലിനു കഴിഞ്ഞു. ധാരാളം ഹോം വർക്കുകൾ വേണ്ട ഒരു ചിത്രമാണ് ബറോസ്. നിലവിൽ സെറ്റ് ഡിസൈൻ, ത്രിഡി വർക്കുകൾ, മ്യൂസിക്ക് പ്രൊഡക്ഷൻ, സ്ക്രിപ്റ്റ് ഡിസ്ക്കഷൻ, എന്നിങ്ങനെയുള്ള ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ, കാക്കനാട് നവോദയാ സ്റ്റുഡിയോയിലാണ് ഈ ജോലികൾ നടക്കുന്നത്. ചിത്രത്തിലെ ഇൻ്റീരിയർ ഭാഗങ്ങൾ സെറ്റൊരുക്കി നവോദയാ സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുന്നത്.

ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥ്വിരാജും ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികളിൽ സജീവമായി പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ  വൈറലായി മാറിയിരുന്നു.

പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകൾ ഡിസൈൻ ചെയ്യുന്നത്.
ദക്ഷിണ ഏഷ്യയിലെ ഏറ്റം മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവനാണ് ഛായാ ഗ്രാഹകൻ. മലയാള സിനിമയിൽ നിരവധി പ്രതിമകൾ സമ്മാനിച്ച ജിജോ പുന്നൂസിൻ്റെ രചനയിലാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ കെ.പി.നമ്പ്യാതിരിയാണ് ത്രിഡി വിഭാഗത്തിൻ്റെ മേൽനോട്ടം വഹിക്കുന്നത്.

ആറാട്ട് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ മോഹൻലാൽ ഇതിനിടയിൽ ബിഗ് ബോസിൻ്റെ ചിത്രീകരണത്തിലും ബറോസിൻ്റെ പ്രീപ്രൊഡക്ഷൻ ജോലികളിലുമായി സജീവമാണ്. ഒരു ചിത്രവും പുതിയതായി കമിറ്റ് ചെയ്യാതെ തൻ്റെ നിറസാന്നിദ്ധ്യവും മനസ്സും ഈ ചിത്രത്തിനു വേണ്ടി സമർപ്പിച്ചിരിക്കുന്നു മോഹൻലാൽ.

പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത് ‘
വാസ്ക്കോഡി ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്.
നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് കാത്തിരിക്കുന്നത് യഥാർത്ഥ അവകാശിയേയാണം.നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതിലൂടെയാണ് ചിത്രത്തിനു പുതിയ വഴിത്തിരിവുകൾ ഉണ്ടാകുന്നതും. മോഹൻലാൽ നായക കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നു. കുട്ടി ബറോസായി എത്തുന്നത് പോളിവുഡ് താരം ഷൈലയാണ്.

പതിമൂന്നുകാരനായ  ലിഡിയൻ ആണ് സംഗീത സംവിധായകൻ. മോഹൻലാലിനും പ്രഥ്വിരാജിനും പുറമേയുള്ള അഭിനേതാക്കളെല്ലാം ഹോളിവുഡ്ഡിൽ നിന്നുള്ളവരാണ്.
ജിജോ പുന്നൂസാണ് ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ. ഗോവയാണ് ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. പ്രൊഡക്ഷൻ കൺട്രോളർ.’ സിദ്ദു പനയ്ക്കൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – സജി ജോസഫ്.- ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ മാനേജർ – ശശിധരൻ കണ്ടാണിശ്ശേരി.
ഫിനാൻസ് കൺട്രോളർ- മനോഹരൻ പയ്യന്നൂർ. ആശിർവ്വാദ് സിനിമാസ്  ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്

shortlink

Related Articles

Post Your Comments


Back to top button