CinemaGeneralLatest NewsMollywoodNEWSSocial Media

‘കള’യുടെ കഥ മനസിലാകാത്തവരോട് ; ടൊവിനോ പറയുന്നു, വീഡിയോ

സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ലൈവ് ഇന്‍ററാക്ഷനിലാണ് ടൊവിനോ 'കള'യെക്കുറിച്ച് സംസാരിച്ചത്

ടൊവിനോ ചിത്രം ‘കള’ മികച്ച അഭിപ്രായങ്ങളോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത്ത് സംവിധാനം ചെയ്‍ത ചിത്രമാണ് കള. ഷാജി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ​ ടൊവിനോ അവതരിപ്പിക്കുന്നത്. ഒറ്റവാക്കിൽ പകയുടെ വേട്ടയാടൽ എന്നു വിശേഷിപ്പിക്കാവുന്ന ‘കള’ ഒരു സൈക്കോ ത്രില്ലറാണ്. ചിത്രത്തിലെ ഭീതി ജനിപ്പിക്കുന്ന വയലന്‍സ് രംഗങ്ങള്‍ കാരണം ‘എ’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘കള’.

സംഘട്ടനരംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാൽ സിനിമ കണ്ടിട്ട് ഇതില്‍ കഥയെവിടെ എന്ന് ചോദിക്കുന്ന ചില പ്രേക്ഷകര്‍ ഉണ്ടായിരിക്കാമെന്ന് ടൊവിനോ പറയുന്നു. അതേസമയം ചിത്രത്തിലൂടെ തങ്ങള്‍ ഉദ്ദേശിച്ചത് അതുപോലെ മനസിലാക്കി ആസ്വദിക്കുന്നവരാണ് പ്രേക്ഷകരില്‍ ഭൂരിപക്ഷമെന്നും ടൊവിനോ പറയുന്നു. സിനിമ പൂർണമായും മനസിലാകാത്തവർ ഉണ്ടെന്നും അവരോട് പറയാൻ ഉള്ളത് ഇതാണ് എന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ലൈവ് ഇന്‍ററാക്ഷനിലാണ് ടൊവിനോ ‘കള’യെക്കുറിച്ച് സംസാരിച്ചത്.

ടൊവിനോയുടെ വാക്കുകൾ

“ഈ സിനിമ ഞങ്ങള്‍ക്ക് മനസിലായില്ലെന്ന് വളരെ സത്യസന്ധമായി പറഞ്ഞ ചിലരുണ്ട്. അത് അവരുടെ തെറ്റല്ല. ഞങ്ങളുടെ തെറ്റ് ആയിരിക്കാം. എല്ലാവര്‍ക്കും മനസിലാവുന്ന സിനിമകളുമായിട്ട് ഞങ്ങള്‍ വീണ്ടും വരുന്നതായിരിക്കും. പക്ഷേ ഏറ്റവും സന്തോഷം തോന്നിയത് ഒരു വലിയ ഭൂരിപക്ഷത്തിന് സിനിമ മനസിലാവുകയും സിനിമയില്‍ സൂക്ഷ്‍മമായി ഞങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള കുറേ കാര്യങ്ങള്‍ കണ്ടെത്തി പറയുന്നു എന്നുമാണ്. അത് ഞങ്ങളെ സംബന്ദിച്ചിടത്തോളം വലിയ സന്തോഷമാണ്. അത് വലിയ നേട്ടമായിത്തന്നെ കരുതുന്നു. മൂര്‍ ആണ് ചിത്രത്തില്‍ നായകവേഷം അവതരിപ്പിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ റിലീസിന് മുന്‍പ് സസ്‍പെന്‍സ് ആക്കി വച്ചിരിക്കുകയായിരുന്നു”, ടൊവിനോ പറയുന്നു.

“ഈ സിനിമയുടെ കഥ വളരെ ചെറുതായിട്ട് തോന്നിയിട്ടുള്ളവരുണ്ടാവും. അത് ശരിയുമാണ്. പക്ഷേ ആ കഥയുടെ ബാക്കിയായി ഒരു ദിവസത്തെ ഒരു സംഭവമാണ് സിനിമയില്‍ നമ്മള്‍ കാണിച്ചിരിക്കുന്നത്. ഒരു തിയറ്റര്‍ അനുഭവം എന്ന നിലയിലാണ് ഈ സിനിമയെ നമ്മള്‍ കണ്ടിട്ടുള്ളത്. കഥയാണ് ഒരു സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനകാര്യമെന്ന് ഞാന്‍ കരുതുന്നില്ല. കഥ പ്രധാനമാണ്, അതോടൊപ്പം ആ കഥ ആളുകളിലേക്ക് പറഞ്ഞുവെക്കുന്ന ആശയവും പ്രധാനമാണ്. ഇതൊരു ഇടിപ്പടം മാത്രമല്ല. ഇടിപ്പടത്തിനപ്പുറം ഈ സിനിമയില്‍ കുറേ കാര്യങ്ങള്‍ ഉണ്ട്. ആ വിഷയങ്ങള്‍ പ്രേക്ഷകരില്‍ പലരും സംസാരിക്കുന്നത് കാണുന്നതിലാണ് ഞങ്ങളുടെ സന്തോഷം. ആദ്യ ദിവസം വിളിച്ചിട്ട് എന്താടോ ഇത് ഫുള്‍ ഇടിയാണല്ലോ, കഥയൊന്നുമില്ലല്ലോ എന്ന് പറഞ്ഞവര്‍ രണ്ട് ദിവസം കഴിഞ്ഞ് വിളിച്ചിട്ട് അത് തിരുത്തി പറഞ്ഞിട്ടുണ്ട്”, ടൊവിനോ വ്യക്തമാക്കുന്നു.

‘കള’യുടെ ആശയലോകം ഒട്ടും മനസിലാവാത്തവര്‍ക്ക് ഒരു പുസ്‍തകവും നിര്‍ദേശിക്കുന്നു ടൊവിനോ. “കളയുടെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ഞാന്‍ രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്, എന്‍റെ ചിന്താഗതിയെത്തന്നെ മാറ്റിമറിച്ച ഒരു പുസ്‍തകമുണ്ട്, ആ പുസ്‍തകം ഒന്നു വായിക്കണം എന്ന്. 84 പേജേ ഉള്ളൂ ആ പുസ്‍തകം. ജയമോഹന്‍ സാറിന്‍റെ നൂറ് സിംഹാസനങ്ങള്‍ എന്ന പുസ്‍തകമാണ് അത്. ഇനിയിപ്പൊ ഈ സിനിമ കണ്ടിട്ട് ഞങ്ങള്‍ പറഞ്ഞുവെക്കുന്ന ആശയം ഒട്ടും മനസിലാവാത്ത ആളുകള്‍ ഉണ്ടെങ്കില്‍ ആ പുസ്‍തകം ഒന്ന് വായിച്ചുനോക്കൂ. ചിലപ്പൊ കുറച്ചുകൂടി ഈ സിനിമ ആസ്വദിക്കാന്‍ പറ്റുമായിരിക്കും. ഈ സിനിമ ഇഷ്ടപ്പെടാത്തവരോടോ മനസിലാവാത്തവരോടോ നമുക്ക് യാതൊരു പരാതിയോ പരിഭവമോ ഇല്ല. ചിലപ്പോള്‍ നിങ്ങളായിരിക്കും ശരി, ഞങ്ങള്‍ ശരിയായിരിക്കണമെന്നില്ല”, ടൊവിനോ പറഞ്ഞു.

https://www.instagram.com/tv/CNEXMttHOEq/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button