ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന സംവിധായകന്മാരാണ് ഷങ്കറും രാജമൗലിയും. രണ്ടുപേരുടെയും ചിത്രങ്ങൾക്കായി പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സംവിധായകന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചിരിക്കുകയാണ് രാജമൗലി.
75 കോടിയാണ് രാജമൗലിക്ക് ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ ലഭിക്കുന്ന പ്രതിഫലം. ലോകവ്യാപകമായി ആയിരത്തി എണ്ണൂറ് കോടി കളക്ട് ചെയ്ത ബാഹുബലി സീരീസില്‍ നിന്ന് രാജമൗലിക്ക് ലാഭവിഹിതമായി ലഭിച്ചത് 100 കോടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന് ഷങ്കറാണ് പ്രതിഫല കാര്യത്തിൽ രണ്ടാമത് നില്‍ക്കുന്നത്. നാല്പത് കോടി രൂപയാണ് ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഷങ്കര്‍ വാങ്ങുന്നത്.
രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി. ആറും അജയ് ദേവ്ഗണും ആലിയ ഭട്ടും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ആര്.ആര്.ആര് ആണ് രാജമൗലിയുടെ പുതിയ ചിത്രം.
കമല്ഹാസന് നായകനാകുന്ന ഇന്ത്യന്‍ 2 സംവിധാനം ചെയ്യാന്‍ ഷങ്കര്‍ വാങ്ങിയ പ്രതിഫലം 40 കോടി രൂപയാണ്. രാംചരണ്‍ തേജ നായകനാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിനായി ഷങ്കര്‍ വാങ്ങുന്നതും നാല്പത് കോടി തന്നെയാണ്. ദില്‍രാജുവാണ് തെലുങ്ക് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കാതെ ഷങ്കര്‍ രാംചരണിന്റെ തെലുങ്ക് ചിത്രം ചെയ്യുന്നതിനെതിരെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ് . 40 കോടിയാണ് പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. അതില്‍ 14 കോടി ഷങ്കറിന് നല്കി കഴിഞ്ഞുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഏപ്രില്‍ 15ന് കോടതി ഈ കേസില്‍ വാദം കേള്‍ക്കും.
Post Your Comments