GeneralLatest NewsMollywoodNEWSSocial Media

‘മലമുകളിലെ മാണിക്യം’ ; രഞ്ജിത്തിനെ പ്രശംസിച്ച് സംവിധായകൻ ഷാജി കൈലാസ്

മലമുകളിലെ മാണിക്യമാണ് രഞ്ജിത്ത് എന്നാണ് രഞ്ജിത്തിനെ ഷാജി കൈലാസ് വിശേഷിപ്പിച്ചത്

കഴിഞ്ഞദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് കാസർകോട് പാണത്തൂർ സ്വദേശി രഞ്ജിത്ത്. ഒരു കുടിലിൽ ജനിച്ചു വളർന്ന രഞ്ജിത്ത് സ്വന്തം പരിശ്രമത്തിലൂടെ റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റെ പ്രൊഫസറായി നിയമനം ലഭിച്ചു. ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് രഞ്ജിത്ത് ഹീറോയായി മാറുകയും ചെയ്തു. ഇപ്പോഴിതാ സംവിധായകൻ ഷാജി കൈലാസ് രഞ്ജിത്തിനെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

മലമുകളിലെ മാണിക്യമാണ് രഞ്ജിത്ത് എന്നാണ് അദ്ദേഹം പറയുന്നത്. സാഹചര്യങ്ങളെ പഴിച്ച് വെല്ലുവിളികളെ അഭിമുഖീകരിക്കാതെ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവര്‍ക്ക് രഞ്ജിത് ഒരു പാഠപുസ്തകവും മാര്‍ഗദര്‍ശിയുമാകുന്നുവെന്നും ഷാജി കൈലാസ് കുറിക്കുന്നു.

ഷാജി കൈലാസ് പങ്കുവെച്ച കുറിപ്പ്

മലമുകളിലെ മാണിക്യംഅസാധ്യം എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല എന്ന് പറഞ്ഞത് അലക്സാണ്ടര്‍ ചക്രവര്‍ത്തിയാണ്. ഈ വാചകം ഇന്നോര്‍ക്കാന്‍ കാരണം പാണത്തൂരിലെ രഞ്ജിത്താണ്. പ്രതിസന്ധികളില്‍ തളര്‍ന്നുപോകാതെ അതൊരവസരമായി മാറ്റി വിജയിച്ചവനാണ് രഞ്ജിത്ത്. റാഞ്ചിയില്‍ IIMല്‍ ധനതത്വശാസ്ത്ര അധ്യാപകനായി നിയമിതനാവുന്ന രഞ്ജിത്തിന്റെ ജീവിതം ഏതൊരാള്‍ക്കും പ്രചോദനവും പ്രേരണയുമാണ്. സാഹചര്യങ്ങളെ പഴിച്ച് വെല്ലുവിളികളെ അഭിമുഖീകരിക്കാതെ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവര്‍ക്ക് രഞ്ജിത് ഒരു പാഠപുസ്തകവും മാര്‍ഗദര്‍ശിയുമാകുന്നു.

സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളോട് പടപൊരുതിയാണ് രഞ്ജിത്ത് അഭിമാനാര്‍ഹമായ ഈ നേട്ടം കരസ്ഥമാക്കിയത്. ഹയര്‍ സെക്കന്‍ഡറിക്ക് തരക്കേടില്ലാത്ത മാര്‍ക്കുണ്ടായിരുന്ന രഞ്ജിത്തിന് ചുറ്റുപാടുകളുടെ സമ്മര്‍ദ്ദം മൂലം പഠനം നിര്‍ത്തേണ്ട അവസ്ഥ ഉണ്ടായതാണ്. എന്നാല്‍ പാണത്തൂര്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ രാത്രികാല സെക്യൂരിറ്റി ജോലിയില്‍ നിന്നും കിട്ടിയ പണം കൊണ്ട് രഞ്ജിത്ത് പഠിച്ചു. സെന്റ് പോള്‍സ് കോളേജിലും സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലും പഠനം പൂര്‍ത്തിയാക്കിയ രഞ്ജിത്ത് IIT മദ്രാസില്‍ നിന്നുമാണ് പിഎച്ച്ഡി എടുത്തത്.
ഇടക്ക് വച്ച് പിഎച്ച്ഡി പഠനം മുടങ്ങിപ്പോവുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ രഞ്ജിത്തിന്റെ ഗൈഡിന്റെ ഇടപെടല്‍ ഈ അവസരത്തില്‍ സഹായകമായി. ചെറിയ വീടും ചെറിയ ജീവിത സാഹചര്യങ്ങളും രഞ്ജിത്തിന്റെ വലിയ സ്വപ്നങ്ങളുടെ പൂര്‍ത്തീകരണത്തിന് തടസ്സമായില്ല. രഞ്ജിത്ത് പിഎച്ച്ഡി എടുത്തത് ഇന്ത്യയിലെ വ്യവസായ രംഗത്തെ വിദേശ നിക്ഷേപ വരവിന്റെ ഭൂമിശാസ്ത്രപരമായവിതരണം എന്ന വിഷയത്തിലാണ്. ഇന്ത്യയിലെ മികച്ച ധനകാര്യ സ്ഥാപനമായ IIM റാഞ്ചിയിലെ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ സ്വന്തം ജീവിതവിജയത്തിന്റെ ആത്മബലത്തില്‍ രഞ്ജിത്ത് പാഠങ്ങള്‍ പഠിപ്പിക്കും.രഞ്ജിത്ത്.. നീ എല്ലാ മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുന്നു. മലമുകളില്‍ നിന്ന് വിജയത്തിന്റെ ആകാശം തൊട്ട നിന്റെ അക്ഷീണ പരിശ്രമങ്ങള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ വിനീതരായി അഭിവാദ്യമര്‍പ്പിക്കുന്നു. നീ വിജയത്തിന്റെ മന്ത്രവും ആവേശവുമാണ്. ജീവിതത്തില്‍ പതറിപ്പോകുന്ന ഏതൊരാള്‍ക്കും നിന്റെ ജീവിതം ഒരു പ്രചോദനമാണ്. വിജയങ്ങളുടെ വലിയ ലോകങ്ങള്‍ നിന്നെ തലകുനിച്ച് ആദരവോടെ സ്വീകരിക്കട്ടെ. ഉത്തമനായ ഒരു അധ്യാപക ശ്രേഷ്ഠനായി നീ തീരട്ടെ. നിനക്ക് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും.

 

shortlink

Related Articles

Post Your Comments


Back to top button