GeneralLatest NewsMollywoodNEWSSocial Media

പഴയ കാലം തിരികെ വരുക തന്നെ ചെയ്യും ; കുട്ടികൾക്ക് ആശംസയുമായി സംവിധായകൻ കെ മധു

അധ്യയന വർഷത്തിൽ കുട്ടികൾക്ക് ആശംസയുമായി മധു

കൊവിഡ് രണ്ടാംതരംഗത്തിനിടെ സംസ്ഥാനത്ത് വീണ്ടുമൊരു അധ്യയന വ‍ർഷം കൂടി ആരംഭിക്കുകയാണ്. ഇത്തവണയും ഓൺലൈൻ ക്ലാസുകളാണ്. ഇപ്പോഴിതാ അധ്യയന വർഷത്തിൽ കുട്ടികൾക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ കെ മധു. ആശംസയോടൊപ്പം തന്റെ സ്കൂൾ കാല ഓർമ്മകളും മധു പങ്കിട്ടു.

കുഞ്ഞുങ്ങൾ ഒരു തരി പോലും നിരാശരാകരുത് എന്നും, സന്തോഷവും ആഹ്ലാദവും സൗഹാർദ്ദവും നിറഞ്ഞ അധ്യയനവർഷം കാലമേറെയെല്ലാതെ നമുക്ക് തിരികെ പിടിക്കാൻ സാധിക്കും എന്നും മധു പറഞ്ഞു.

കെ മധുവിന്റെ വാക്കുകൾ :

മഴ കുതിർന്ന ഒരു അധ്യയനവർഷം എനിക്കും ഉണ്ടായിരുന്നു. അന്ന് മഴയെത്തുംമുമ്പേ സ്‍കൂളിലെത്താൻ ഞാനൊരിക്കലും ശ്രമിച്ചിരുന്നില്ല. നല്ല മഴ നനഞ്ഞ് റോഡിൽ മഴ തീർക്കുന്ന ചെറു ചാലിൽ കാലുകൾ ഓടിച്ച് ജലകണങ്ങൾ തെന്നി തെറിപ്പിച്ച് സന്തോഷിച്ച ഒരു ബാല്യം. ഹരിപ്പാട് കുമാരപുരം എന്ന ഗ്രാമനന്മയിലാണ് എന്റെ ബാല്യം. വീടിനു അടുത്തുള്ള കെകെകെവിഎം സ്‍കൂളിൽ ആയിരുന്നു എല്‍പി സ്‍കൂൾ വിദ്യാഭ്യാസം, ക്ലാസ് മുറി പഠനത്തിന്റെ ആദ്യ നാളുകൾ. അച്ഛൻ വാങ്ങി തന്ന പുത്തൻ കുടയും ബാഗുമായി പള്ളിക്കൂടത്തിലേക്കുളള ആ യാത്ര എത്ര രസകരമായിരുന്നു. ഇന്ന് പുതിയ അധ്യയനവർഷത്തിന് ആരംഭമാണ്. പക്ഷെ കാലത്തിന്റെ മുഖം തന്നെ മാറിയിരിക്കുന്നു.

കൂട്ടുകാരെയും അധ്യാപകരെയും സ്‍ക്രീനുകൾക്കപ്പുറത്ത് തൊടാതെ കാണാം. പക്ഷെ അതും കാലത്തിന്റെ അനിവാര്യതയാണ്. കൊവിഡ് മഹാമാരിയുടെ കാലത്ത് കരുതൽ തന്നെയാണ് രക്ഷ. ആ കരുതൽ രീതിയുടെ പുത്തൻ ജീവിത വ്യത്യാസങ്ങൾ നാം ഓരോരുത്തരും ഏറ്റെടുക്കുക തന്നെ ചെയ്യണം, ഒപ്പം നമ്മുടെ കുഞ്ഞുങ്ങൾ ഒരു തരി പോലും നിരാശരാകരുത്. കാലം മാറും പഴയ കാലം തിരികെ വരുക തന്നെ ചെയ്യും. സന്തോഷവും ആഹ്ലാദവും സൗഹാർദ്ദവും നിറഞ്ഞ അധ്യയനവർഷം കാലമേറെയെല്ലാതെ നമുക്ക് തിരികെ പിടിക്കാൻ സാധിക്കും. ഊർജ്ജസ്വലമായ ഭാവുകങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും നേരുന്നു.

shortlink

Related Articles

Post Your Comments


Back to top button