CinemaFilm ArticlesGeneralLatest NewsMollywoodNEWS

ജനപ്രിയ താരസങ്കൽപ്പനങ്ങളിലെ സുരാജ് വെഞ്ഞാറമൂട്

സാറേ വേറെ എത്രയോ സ്ളാങ്ങ് ഉണ്ട്, അതല്ലേ വെറൈറ്റി എന്ന് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്

.”തള്ളേ സുഖങ്ങളൊക്കെ തന്നേ, എന്തരപ്പീ എന്നൊക്കെ മറ്റ് ജില്ലകളിലുള്ളവര്‍ അതേ ടോണില്‍ ചോദിക്കും. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും,” [സുരാജ് / അഭിമുഖം] “

”പറ്റിക്കാൻ വേണ്ടി പറയുന്നതാ സാറേ .അല്ലേ സനലേ? ”പക്ഷേ പറ്റിക്കാൻ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനെയൊന്നും പറയല്ലേന്നു പറയണേ സാറേ ” ……. [സുരാജ്/ ആക്ഷൻ ഹീറോ ബിജു ]

ഉള്ളിലെ ദുഖം കടിച്ചമർത്തി ‘ നിറകണ്ണുകളുളെ മുണ്ടിൻ്റെ കോന്തലയുയർത്തി തുടച്ചു നടന്നു നീങ്ങുന്ന ദുർബലനായ മനുഷ്യൻ്റെ ചിത്രം അത്രമേൽ വേദനയോടെ ഓരോ ‘പ്രേക്ഷകൻ്റെയും ഉള്ളിൽ നിറഞ്ഞു നിൽക്കും .ആക്ഷൻ ഹീറോ ബിജുവിലെ രണ്ടു സീ നിൽ മാത്രം പ്രത്യക്ഷപ്പെട്ട് ‘ തൻ്റെ റോൾ അവിസ്മരണീയമാക്കിയ ‘സുരാജ് എന്ന നടൻ്റെ വളർച്ച മലയാള സിനിമയുടെ സാമ്പ്രദായിക താരനിർമ്മിതിയുടെ വഴികളിൽ നിന്നുംവ്യത്യസ്തമായിരുന്നു .ആക്ഷൻ ഹീറോ ബിജുവിലെ സാധാരണക്കാരൻ്റെ കഥാപാത്രത്തിൻ്റെ ‘ ഒരു തലത്തിലുള്ള തുടർച്ച ,മകളെ നഷ്ടപ്പെട്ട പിതാവിൻ്റെ ദു:ഖമായി ഒരു യമണ്ടൻ പ്രേമ കഥയിലും ഉണ്ടാകുന്നുണ്ട്.

read also: കാര്‍ത്തിക പോലും ചിരിയടക്കാന്‍ ബുദ്ധിമുട്ടി: ശ്രീനിവാസനെക്കുറിച്ച് സത്യന്‍ അന്തിക്കാടിന്റെ തുറന്നു പറച്ചില്‍

മിമിക്രി കലാകാരനിൽ നിന്നും ചലച്ചിത്ര താരത്തിലേക്ക് ഒരു വ്യക്തിയുടെ വളർച്ചയെന്നതിൽ സുരാജിന് മുൻപിൽ അനവധി പൂർവ്വ മാതൃകകളുണ്ട്. അത് ജയറാമായും ദിലീപായും കലാഭവൻ മണിയായും സലിം കുമാറായും ജയസൂര്യയായും ഒട്ടനവധി പേർ നമ്മുടെ മുമ്പിലുണ്ട്. തിരുവനന്തപുരം ഭാഷയെ വികൃതമാക്കിയ കലാകാരൻ എന്ന ആക്ഷേപം കേൾക്കേണ്ടി വന്ന ഈ താരം ഭാഷാ ഭേദങ്ങൾക്കപ്പുറത്ത് അയാളൊരു മികച്ച നടനാണ് എന്ന് എല്ലാവരെക്കൊണ്ടും പറയിപ്പിച്ചു. അതാണ് യഥാർത്ഥ ഹീറോയിസം

.മിമിക്രിയിൽ നിന്നും സിനിമയിലേക്ക് ….

മിമിക്രിവേദിയിൽ നിന്നും ചലച്ചിത്ര രംഗത്ത് എത്തിയ സുരാജ് യഥാർത്ഥത്തിൽ തൻ്റെ തന്നെ പരിമിതികളെ മറികടന്നു കൊണ്ടാണ് താരപദവി നേടിയെടുത്തത് അതിലളിതമായി പെട്ടന്നൊരു നാൾ താരപദവിയിലെത്തിയതല്ല മറിച്ച് ചെറിയ ചെറിയ കോമഡി റോളുകളിലൂടെ വണിജ്യ സിനിമകളുടെ ഭാഗമാകുകയും തുടർന്ന് ‘കമ്പോള സിനിമയുടെ അനിവാര്യ ഘടകമാകുകയും ഒപ്പം സമാന്തരസിനിമയുടെ ഭാഗഭാക്കാകുകയും ചെയ്യുക വഴിയാണ് സുരാജ് ,താരസങ്കൽപ്പത്തെ നിരാകരിച്ച താരപദവിയിലെത്തുന്നത്. ഡോ.ബിജുവിൻ്റെ പേരറിയാത്തവർ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും നേടിയെടുത്തു.മികച്ച നടനുള്ളസ്ഥാന ചലച്ചിത്ര അവാർഡ്ആൻഡ്രോയ്ഡ് കുഞ്ഞപ്പനി ലൂടെയും നേടിയെടുത്തു . മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാർഡും ഈ നടൻ നേടിയെടുത്തിട്ടുണ്ട്.

തിര്യന്തോരം ഹാസ്യാവതരണങ്ങൾ

സുരാജ് എന്ന നടനെ ഓർമ്മിക്കുമ്പോൾ പ്രാഥമികമായും അയാൾ ചെയ്ത തിര്യന്തോരം ഹാസ്യാവതരണങ്ങളും അവ സൃഷ്ടിച്ച ചിരിയലകളുമാണ് ചടുലമായി ഓർമയിൽ ഓടിയെത്തുന്നത്. ചലച്ചിത്രത്തിൽ സ്വതന്ത്രമായ ഒരിടം സ്വന്തമാക്കിക്കഴിഞ്ഞും അത്തരത്തിലുള്ള കഥാപാത്രങ്ങളെ സുരാജിന് അവതരിപ്പിക്കേണ്ടി വന്നു എന്നതാണ് വാസ്തവം .റോക്ക് എൻ റോൾ ,കനകസിംഹാസനം, അണ്ണൻ തമ്പി ,മാടമ്പി, ട്വൻ്റി ട്വൻറി ഉൾപ്പെടെ അനവധി ചിത്രങ്ങൾ ഉദാഹരണം. ”സാറേ വേറെ എത്രയോ സ്ളാങ്ങ് ഉണ്ട്, അതല്ലേ വെറൈറ്റി എന്ന് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പൊ ഇത് ചെയ്യ് എന്നാണ് മറുപടി കിട്ടുക. അങ്ങനെ സമ്മര്‍ദ്ദം മൂലം ചെയ്യേണ്ടി വന്നിട്ടുണ്ട് പലപ്പോഴും” സുരാജ് പറയുന്നു. അവരുടെ ആവശ്യത്തിന് നമ്മളെ ഉപയോഗിക്കുകയും പിന്നീട് നമുക്കതേ പറ്റൂവെന്ന് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതായാണ് സ്ളാങ്ങിന്റെ കാര്യത്തില്‍ തനിക്ക് തോന്നിയിട്ടുള്ളതെന്നും സുരാജ് തൻ്റെ അഭിമുഖങ്ങളിൽ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചതിൻ്റെ പേരിൽ ടെലിവിഷൻ ഷോയിൽ പോലും അപമാനിതനാകേണ്ടി വന്നിട്ടുണ്ട്. നാദിർഷ അവതരിപ്പിച്ച കൈരളി ടിവി ഷോയിൽ പങ്കെടുത്ത കാണികളുടെ ചോദ്യങ്ങളും സുരാജിൻ്റെ പ്രതികരണങ്ങളും ഓർമിക്കാവുന്നതാണ്.

ട്രോളുകാരുടെ ഇഷ്ട തോഴൻ ദശമൂലം ദാമു

വ്യത്യസ്ത തലങ്ങളിലുള്ള അനവധി കോമഡി കഥാപാത്രങ്ങളെ സുരാജ് അവതരിപ്പിക്കുകയുണ്ടായി ‘ തന്നെയില്ല .പൊടിപാറ്റി [അലിഭായ് ] കീടം [മാടമ്പി ] ,പി പി ഷിജു [റോക്ക് എൻ റോൾ ] ബ്രോക്കർ [ എൽസമ്മ എന്ന ആൺകുട്ടി ] തവള തമ്പി [ സീനിയേഴ്സ് ] സുശീലൻ [മല്ലു സിങ്ങ് ] ഉൾപ്പെടെ ഒട്ടനവധി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും സുരാജിനെ അവിസ്മരണീയമാക്കിത്തീർത്ത കഥാപാത്രം ദശമൂലം ദാമു ആണ് .ചെമ്പട്ട് നാട്ടിലെ തല്ലുകൊള്ളിയും മരമണ്ടനുമായ നാടൻ ഗുണ്ടയായ ദശമൂലത്തിൻ്റെ ഇൻട്രോ സീൻ മുതൽ ഗംഭീര കോമഡിയായിരുന്നു. നായകൻ്റെ താവളത്തിൽ നിൽക്കുമ്പോഴും യജമാന സ്നേഹം വില്ലനോടു കാട്ടുന്നതിനൊപ്പം ചിത്രത്തിലെ ചില ട്വിസ്റ്റുകൾ വഴി വില്ലനെക്കൂടി വഴിതെറ്റിക്കുന്ന കഥാപാത്രമായി കൂടി ദശമൂലം വളരുന്നുണ്ട്. ഒടുവിൽ മല്ലയ്യയുടെ അനുകരണ മാത്യകയായി സ്വയം പകർന്നാടി അതേ വില്ലനെ തല്ലി സ്വന്തം തടി സുരക്ഷിതനാക്കി മാറ്റുന്ന ദശമൂലം മലയാള സിനിമയിലെ തന്നെ അവിസ്മരണീയ ഹാസ്യ കഥാപാത്രമായി.അതു കൊണ്ടു തന്നെ ട്രോളുകാരുടെ അവിഭാജ്യ കഥാപാത്രവും ദശമൂലം ദാമുവാണ്.

രമണൻ,.മണവാളൻ അടക്കമുള്ള ഹാസ്യ കഥാപാത്രങ്ങളേക്കാൾ കൂടുതലായി ദിവസേന ട്രോളുകളിൽ പ്രത്യക്ഷപ്പെടുന്നതും ദാമുവാണ്. സൈക്കിളിൽ പ്രത്യക്ഷപ്പെട്ട സൂപ്പർ താരം പൃഥിരാജിനെ ട്രോളൻമാർ അറഞ്ഞത് ദശമൂലം ലോക്കൽ സൈക്കിളിൽ പ്രിഥിയെ പിൻതള്ളി പറക്കുന്ന ചിത്രം ചേർത്തു വെച്ചാണ്. വെള്ളിത്തിരയിൽ ഇനിയൊരു പക്ഷേ ഒരങ്കത്തിനു കൂടിയുള്ള ബാല്യം ദശമൂലത്തിനു കിട്ടാനുള്ള കമ്പോള സാധ്യതകൾ കൂടുതലാണ് എന്നു കാണാം.

ക്യാരക്ടർ റോളുകളിൽ സുരക്ഷിതമായി

കോമഡി നടനും നായക താരത്തിനുമിടയിൽ സുരാജിനെ കേന്ദ്രീകരിച്ചു നിൽക്കുന്ന ഒട്ടനവധി ക്യാരക്ടർ റോളുകളുണ്ട്. ദി മെട്രോ ,ആദാമിൻ്റെ മകൻ അബു ,അമ്മയ്ക്കൊരു താരാട്ട് പള്ളിപ്പുലികളും ആട്ടിൻ കുട്ടിയും ,പരോൾ ,മിഖായേൽ ,സൗണ്ട് തോമ ,സ്പിരിറ്റ് ,ഞാൻ മേരിക്കുട്ടി ഉൾപ്പെടെ അനവധി ചിത്രങ്ങൾ ഉദാഹരണം. മുന്നണികൾ മാറി മാറി സഞ്ചരിച്ച് രാഷ്ട്രീയ അസ്തിത്വമില്ലാതായ അബ്ദുള്ളക്കുട്ടിയുടെ നിഴൽ മാതൃക എന്ന നിലയിലാണ് സ്പിരിറ്റിലെ മന്ത്രി അവതരിപ്പിക്കപ്പെട്ടത്: ട്രാൻസ് ജൻററുകളുടെ അതി ജീവനത്തിൻ്റെ കഥ പറഞ്ഞ ഞാൻ മേരിക്കുട്ടിയിൽ കലക്ടർ മനോജ് വൈദ്യനായി മികച്ച പ്രകടനമാണ് സുരാജ് കാഴ്ച വെച്ചത്. എങ്കിൽ തന്നെയും പ്രേക്ഷകരുടെ ഉള്ളിൽ കൊളുത്തി വലിക്കുന്ന കഥാപാത്രം ഗോഡ് ഫോർ സെയിലിലെ അതി ദരിദ്രനായ അണ്ണൻ കഥാപാത്രമാണ്. ഒരു പക്ഷേ ആ കഥാപാത്രത്തിൻ്റെ നിഴലിൽ നിന്നുണ്ടായ അവതരണങ്ങളായിരുന്നു ആക്ഷൻ ഹീറോ ബിജുവിലേയും ഒരു യമണ്ടൻ പ്രേമ കഥയിലെയും അച്ഛൻ കഥാപാത്രങ്ങൾ എന്ന് കണ്ടെത്താവുന്നതാണ്.

പ്രതിനായക മുദ്രകൾ

സുരാജിനെ പോലെയൊരു താരത്തിൻ്റെ പ്രതിനായക വേഷങ്ങൾ ഹാസ്യ പശ്ചാത്തലത്തിൽ ഉള്ളതായിരിക്കുമെന്ന പൊതുബോധം നിലവിലുണ്ട്. എങ്കിൽ തന്നെയും അവയോട് യോജിക്കുകയും അതേ സമയം വിയോജിക്കുകയും ചെയ്യുന്ന രീതി ശാസ്ത്രത്തിലുള്ള കഥാപാത്രങ്ങളുണ്ട് സുരാജിൻ്റെ അഭിനയ ജീവിതത്തിൽ. വിനീത് ശ്രീനിവാസൻ്റെ മലർവാടി ആർട്സ് ക്ലബ്ബിൽ ലോക്കൽ ഗുണ്ടയായി പ്രത്യക്ഷപ്പെടുന്ന സുരാജ് പിന്നിട് കരുത്തുറ്റ വില്ലൻ കഥാപാത്രങ്ങളിലേക്കു മാറുന്നുണ്ട്. 101 വെഡിങ്ങ് സി ലെ കള്ളൻ പി സുന്ദരേശൻ മുതൽ കരിങ്കുന്നം സിക്സസിലെ നെൽസൺ വരെ ഉദാഹരണം. നായകനു ഭീഷണിയാകുന്ന പ്രതിനായകൻ എന്ന സങ്കൽപ്പത്തിലൂന്നിയുള്ള ചിത്രമായ ആന അലറലോടലറലിൽ പ്രത്യക്ഷപ്പെട്ട വേലായുധൻ ,മലയാളിയുടെ അൽപ്പത്തരങ്ങളെ പ്രതിനിധീകരിക്കുന്ന ആഭാസത്തിലെ നെറിവുകെട്ട ബസ് കിളി എന്നിവയൊക്കെ അവിസ്മരണീയമായതിനു പിന്നിൽ സുരാജിൻ്റെ പ്രതിഭാ മുദ്രകളുണ്ട്. വെള്ളിത്തിരയിൽ പ്രതിനായകനായി പ്രത്യക്ഷപ്പെടുമ്പോൾ ഈ നടനിലുണ്ടാകുന്ന മാറ്റങ്ങൾ അതി സൂക്ഷ്മമായ പഠനങ്ങൾ അർഹിക്കുന്നവയാണ്.

താരസങ്കൽപ്പനങ്ങൾക്കപ്പുറത്ത്

കൊമേഡിയനായി തിളങ്ങുന്ന വേളയിൽ ഡബിൾ റോളിൽ നായകനായി അരങ്ങേറിയ ഡ്യൂപ്ളിക്കേറ്റ് ,അക്കാലയളവിലെ ചലച്ചിത്ര സങ്കൽപ്പനങ്ങളെ തൃപ്തി പ്പെടുത്തുന്ന ഒരു ഹാസ്യ ചിത്രം മാത്രമായിരുന്നു ഗർഭശ്രീമാനും ഫീമെയ്ൽ ഉണ്ണികൃഷ്ണനും തുടർന്ന് കസിൻസും ഒരു മുത്തശി ഗദയും ഒക്കെ അത്തരമൊരു വഴിയോട് ഒത്തു പൊരുത്തപ്പെട്ടുള്ളതായിരുന്നു .ഇത്തരത്തിൽ തളച്ചിടപ്പെട്ട നായക പദവി ചട്ടക്കൂടുകളിൽ നിന്ന് വേർപെട്ടുകൊണ്ടാണ് സുരാജ്, പേരറിയാത്തവർ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ,കുട്ടൻ പിള്ളയുടെ ശിവരാത്രി , ഡ്രൈവിങ്ങ് ലൈസൻസ് ,തൊണ്ടിമുതലും ദൃക്സാക്ഷിയും , ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഉൾപ്പെടെ യുള്ളവയിലൂടെ വേറൊരു തലത്തിലെത്തിയത്.

അതി സൂക്ഷ്മമായ ഭാവാഭിനയത്തിലൂടെ കഥാ പാത്രങ്ങളുടെ ഉൾത്തേങ്ങലുകൾ പോലും പ്രേക്ഷകനിൽ അനുഭവപ്പെടുത്തുവാൻ കഴിഞ്ഞ എക്സ്ട്രാ ഓർഡിനറി പെർഫോമൻസുകളിലേക്കാണ് സുരാജ് എന്ന നടൻ നടന്നു നീങ്ങിയത്. മലയാള സിനിമയെ കമ്പോള വിജയത്തിൽ ഉറപ്പിക്കുന്നതിനൊപ്പം ദേശീയ തലത്തിൽ കൂടി അടയാളപ്പെടുത്തുന്നതിന് സുരാജിൻ്റെ കഥാപാത്രങ്ങൾ വഹിച്ച പങ്കു ചെറുതല്ല .അധികാരം, ലിംഗ പദവി, ലൈംഗികത, മേൽക്കോയ്മ ,കുടുംബം, ജാതീയത ,പ്രാദേശികത, വംശീയത, പാരമ്പര്യ സങ്കൽപ്പനങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ ,സദാചാര മൂല്യങ്ങൾ. എന്നിവയെ സംബന്ധിച്ചുള്ള ആധികാരിക വിശകലനങ്ങൾക്കുള്ള ചലച്ചിത്ര പാഠങ്ങൾ കൂടിയാണ് സുരാജിൻ്റെ ഈ ചിത്രങ്ങളോരോന്നും സാമ്പ്രദായികമായ താരമൂല്യബോധങ്ങളെ അട്ടിമറിച്ചു കൊണ്ട് നില നിൽക്കുന്ന സുരാജിനെ ” എ ബ്രില്യൻ്റ് ആക്ടർ ” എന്ന് ആധികാരികമായിത്തന്നെ അടയാളപ്പെടുത്താവുന്നതാണ്. ..

.. ടെയ്ൽ എൻഡ്

ആദാമിൻ്റെ മകൻ അബുവിലൂടെ ദേശീയ പുരസ്കാരം നേടിയ സലിം കുമാർ അക്കാലയളവിൽ കോമഡി – മിമിക്രിക്കാരെ ചൂണ്ടിക്കാട്ടിയ ഒരു പ്രസ്താവന ഓർമ്മിക്കേണ്ടതുണ്ട്. ”ദേ ഇവിടെ നില നിന്നിരുന്ന ഒരു മതിൽ ഞാൻ തകർത്തിട്ടുണ്ട് .ഇനി കയറിപ്പോന്നോളണം” കൊമേഡിയൻ നായകൻ പദവികളെ കീഴാളവരേണ്യനിലകളിൽ പരിഗണിക്കുന്നതും മികച്ച നടനുള്ള പുരസ്കാരത്തിൽ നിന്നു തിരസ്ക്കരിക്കുന്നതുമായ ചരിത്ര വസ്തുതകളെയാണ് സലിം കുമാർ ആക്ഷേപ രൂപത്തിൽ വിമർശിച്ചത്. സലിം ആഗ്രഹിച്ചതു പോലെയോ അതിനപ്പുറമോ ആയി സുരാജ് മുന്നേറിക്കഴിഞ്ഞു. താരസങ്കൽപ്പനങ്ങളെ സംബന്ധിച്ച പൊതുബോധങ്ങളെയെല്ലാം പിളർത്തിക്കൊണ്ട്, പേരറിയാത്തവർ മുതൽ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വരെയുള്ള ചലച്ചിത്രാനുഭവങ്ങൾ അത് ബോധ്യപ്പെടുത്തുന്നു.

 രശ്മി, അനിൽ

shortlink

Related Articles

Post Your Comments


Back to top button