GeneralLatest NewsMollywoodNEWS

ആകാശവാണിയിലൂടെ ഒഴുകിയെത്തി ഭാരതമെങ്ങും അലയടിച്ച സംഗീതസാഗരം

അവസാന ഗാനമൊക്കെ റെക്കോർഡ് ചെയ്യുമ്പോൾ രാധാകൃഷ്‍ണൻ ചേട്ടന് എഴുന്നേറ്റു നിൽക്കാൻ പോലും വയ്യ

മലയാളചലച്ചിത്ര സം‌ഗീതസം‌വിധായകനും കർണ്ണാടകസംഗീതജ്ഞനുമായിരുന്നു എം.ജി. രാധാകൃഷ്ണൻ എന്ന മലബാർ ഗോപാലൻ നായർ രാധാകൃഷ്ണൻ ഓർമ്മയായിട്ട് പതിനൊന്നു വർഷങ്ങൾ. ലളിതസംഗീതത്തെ ജനകീയമാക്കിയതിൽ മുഖ്യപങ്കു വഹിച്ച സംഗീതസംവിധായകനായിരുന്നു എം.ജി. രാധാകൃഷ്ണൻ

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്ന സ്ഥലത്താണ് ജനിച്ചത്. 1940 ജൂലൈ 29-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പ്രശസ്ത സംഗീതസംവിധായകനും , ഹാർമോണിസ്റ്റുമായ ശ്രീ മലബാർ ഗോപാലൻനായരും , ഹരികഥാ കലാകാരിയും സംഗീത അദ്ധ്യാപികയുമായ ഹരിപ്പാട് മേടയിൽ കമലാക്ഷി അമ്മയും ആണ് മാതാപിതാക്കൾ. അവരുടെ മൂന്ന് മക്കളിൽ മൂത്തയാളായിരുന്നു രാധാകൃഷ്ണൻ. പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയും ചലച്ചിത്രപിന്നണിഗായകൻ എം.ജി. ശ്രീകുമാറുമാണ് ഇളയ സഹോദരങ്ങൾ. ആലപ്പുഴ എസ്.ഡി.കോളേജിൽ നിന്നുമാണ് കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്വാതിതിരുനാൾ സംഗീതഅക്കാദമിയിൽ നിന്നും ഗാനഭൂഷണം കരസ്ഥമാക്കി. പ്രശസ്തനായ പിന്നണിഗായകൻ കെ. ജെ. യേശുദാസ് അവിടെ അദ്ദേഹത്തിന്റെ സതീർത്ഥ്യനായിരുന്നു.

read also: ബോളിവുഡ് നടൻ മിർ സർവാർ മലയാളത്തിലേക്ക്: ‘സമാറ’യിലൂടെ റഹ്മാൻ്റെ വില്ലനായി അരങ്ങേറ്റം

സംഗീതജീവിതം

ജി. അരവിന്ദന്റെ പ്രശസ്തമായ തമ്പ് എന്ന ചലച്ചിത്രത്തിനാണ് എം.ജി. രാധാകൃഷ്ണൻ, ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. തുടർന്ന് തകര, ആരവം, ഞാൻ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോൾ, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്നിദേവൻ തുടങ്ങി നാൽപ്പതിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകി. കള്ളിച്ചെല്ലമ്മ, ശരശയ്യ എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.

2001-ൽ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2005-ൽ അനന്തഭദ്രം എന്ന ചിത്രത്തിനുമായി രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സിനിമാസംഗീതത്തിലും ലളിതസംഗീതത്തിലും തന്റേതായ മുഖമുദ്ര പതിപ്പിച്ചിരുന്നു എം.ജി രാധാകൃഷ്ണൻ.

1962-ൽ തിരുവനന്തപുരത്ത് ആകാശവാണിയിൽ ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ സംഗീതസപര്യ ആരംഭിക്കുന്നത്. ആകാശവാണിക്ക് വേണ്ടി നിരവധി ലളിതഗാനങ്ങൾക്ക് സംഗീതം പകർന്നു. ഓടക്കുഴലേ, ഓടക്കുഴൽ വിളി, ഖേദകീസുമങ്ങൾ, ബ്രഹ്മകമലദളയുഗങ്ങളിൽ, ഘനശ്യാമസന്ധ്യാഹൃദയം, ജയദേവകവിയുടെ തുടങ്ങിയവ അവയിൽ പ്രധാനമാണ്. 2000-ൽ സർവീസിൽ നിന്ന് വിരമിക്കും വരെ അദ്ദേഹം ആകാശവാണിയിൽ തുടർന്നു. കാവാലം നാരായണപ്പണിക്കരുടെ വരികൾക്കാണ് അദ്ദേഹം കൂടുതലും ഈണം പകർന്നിട്ടുള്ളത്.

read also: ‘ജസ്റ്റിസ് ഫോർ ബ്രൂണോ’: പ്രതിഷേധവുമായി സിനിമാതാരങ്ങൾ

ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ നിന്നു ഗാനഭൂഷണത്തിൽ ബിരുദത്തിനു ചേരുന്നതോടെ രാധാകൃഷ്ണനൊപ്പം കുടുംബവും തിരുവനന്തപുരത്തേക്ക് താമസം മാറ്റി. സംഗീതഭൂഷണം കരസ്ഥമാക്കിയ ശേഷം കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീത കച്ചേരികളിൽ അസാമാന്യ പ്രാഗൽഭ്യം തെളിയിച്ചിരുന്ന രാധാകൃഷ്ണൻ തന്റെ അനിയനായ എം ജി ശ്രീകുമാറിനെയും കച്ചേരി വേദികളിൽ കൂട്ടിയിരുന്നു.

1962ൽ ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായി ജോലി ആരംഭിച്ച രാധാകൃഷ്ണൻ, ദീർഘകാലം ആകാശവാണിയിൽ സംഗീതസംവിധായകനായി ജോലി ചെയ്തു. നിരവധി പ്രഗൽഭന്മാരൊത്ത് ആകാശവാണിയിൽ ജോലി ചെയ്യുവാൻ സാധിച്ചത് രാധാകൃഷ്ണന്റെ ലളിതസംഗീതത്തിലും ശാസ്ത്രീയസംഗീതത്തിലുമുള്ള കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുവാൻ സഹായിച്ചിരുന്നു. മികച്ച കവികളുടെ, പ്രധാനമായും കാവാലം നാരായണപ്പണിക്കരുടെ വരികളില്‍ നിന്ന് ആകാശവാണിക്കു വേണ്ടി അദ്ദേഹം സൃഷ്ടിച്ചെടുത്ത ലളിതഗാനങ്ങള്‍ ഒരു ശാഖയായി തന്നെ മലയാളത്തിൽ തഴച്ചു വളര്‍ന്നു. ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും, ജയദേവകവിയുടെ ഗീതികള്‍, ഘനശ്യാമസന്ധ്യാ ഹൃദയം, പ്രാണസഖി നിന്‍ മടിയില്‍ തുടങ്ങിയ ഗാനങ്ങള്‍ ആണ് ശ്രദ്ധേയമായതില്‍ ചിലത്. ആകാശവാണിയില്‍ ലളിതഗാനം പാടി പഠിപ്പിക്കുന്ന പരിപാടിയിലൂടെ അദ്ദേഹത്തിന്‍റെ ശബ്ദം വളരെ പ്രശസ്തം ആയി. വൈകാതെ തന്നെ സിനിമാമേഖലയിലും അദ്ദേഹത്തെ അവസരങ്ങൾ തേടി വന്നു. ഗായകനായാണ് സിനിമയിലേക്ക് വന്നതെങ്കിലും സംഗീതസംവിധാനരംഗത്താണ് ഏറെ പ്രശസ്തനായത്. കള്ളിച്ചെല്ലമ്മയിലെ “ഉണ്ണീ ഗണപതിയെ” എന്നതായിരുന്നു സിനിമയിൽ ആദ്യമായി ആലപിച്ച ഗാനം. 1978ൽ പുറത്തിറങ്ങിയ ജി അരവിന്ദന്റെ തമ്പ് ആയിരുന്നു രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ആദ്യ ചിത്രം. തുടർന്ന് വളരെയധികം സിനിമകൾക്ക് ഹൃദയസ്പർശിയായ ഗാനങ്ങൾ ചമച്ചു.

ചാമരം, ഞാൻ ഏകനാണ്, ജാലകം, രാക്കുയിലിൻ രാഗസദസ്സിൽ, അയിത്തം, ദേവാസുരം, മണിച്ചിത്രത്താഴ്, അദ്വൈതം, മിഥുനം, അഗ്നിദേവന്‍, രക്ഷസാക്ഷികള്‍ സിന്ദാബാദ്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി എണ്‍പതിലധികം ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനങ്ങള്‍ ഒരുക്കി. സംഗീത സംവിധാനത്തിന് 2001ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2006ല്‍ അനന്തഭദ്രം എന്ന ചിത്രത്തിനും കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു.

കെ എസ് ചിത്ര, ജി.വേണുഗോപാൽ, കെ എസ് ബീന, അരുന്ധതി തുടങ്ങി ഒട്ടേറെ പ്രഗത്ഭ ഗായകരെ മലയാള സംഗീത ശ്രോതാക്കൾക്ക് ആദ്യമായി പരിചയപ്പെടുത്തിയത് രാധാകൃഷ്ണനാണ്. ഗായകനായ എം ജി ശ്രീകുമാർ, കർണ്ണാടക സംഗീതജ്ഞയായ ഡോ.ഓമനക്കുട്ടി എന്നിവർ സഹോദരങ്ങളാണ്.

1975ൽ ശ്രീമതി പത്മജയെ വിവാഹം കഴിച്ചു. 2020 ജൂൺ 15 ന് അവർ അന്തരിച്ചു. കവയത്രി, ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളില്‍ ശ്രദ്ധേയയായിരുന്നു. 2013ൽ ‘മിസ്റ്റര്‍ ബീന്‍’ എന്ന ചിത്രത്തിലൂടെ മകന്‍ എം.ആര്‍. രാജാകൃഷ്ണന്‍ ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതിയാണ് മലയാള സിനിമയില്‍ ഗാനരചനാരംഗത്തെത്തിയത്. എം.ജി. രാധാകൃഷ്ണന്‍ സംഗീതം ചെയ്ത ചില ലളിതഗാനങ്ങള്‍ക്കും വരികളെഴുതി. സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു.

രാജകൃഷ്ണൻ, കാർത്തിക എന്നിവരാണ് മക്കൾ. ചെന്നൈയിൽ സൗണ്ട് എഞ്ചിനീയറായ മകൻ രാജകൃഷ്ണൻ മലയാള സിനിമകളിൽ ഓഡിയോഗ്രാഫി, സൗണ്ട് ഡിസൈനിംഗ് തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്നു.

ജി.വേണുഗോപാലിന്റെ ഓർമ്മക്കുറിപ്പ്

ആദ്യത്തെ രണ്ടു സിനിമകളിൽ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയെങ്കിലും,നിനക്കൊരു മുഴുനീള പാട്ടു തരാൻ പറ്റുന്നില്ലല്ലോ” എന്ന് ചേട്ടൻ എപ്പോഴും വേവലാതിപ്പെട്ടു. അപ്പോഴൊക്കെ അൽപ്പം തമാശയായി ഞാൻ പറയും, blood is thicker than water. ഞാൻ പറയുന്നതിന്റെ പൂർണ അർത്ഥം ഗ്രഹിച്ചു അദ്ദേഹം ഉടൻ പറയും,”എടാ, അങ്ങനെ പറയല്ലേടാ, നീയെന്റെ അമ്മയുടെ വയറ്റിൽ ജനിക്കേണ്ടതായിരുന്നു, എനിക്ക് ജനിക്കാതെ പോയ അനിയനാണല്ലോടാ നീ.

മണിച്ചിത്രത്താഴിനുസംഗീതം നൽകാൻ ആലപ്പുഴയ്ക്ക് പോയ ചേട്ടൻ മടങ്ങി വന്നത് ഭ്രാന്തമായ അവസ്ഥയിലായിരുന്നു. ഞാൻ സിനിമാ സംഗീതം ഉപേക്ഷിക്കാൻ പോകുന്നു, എനിക്ക് മടുത്തു എന്ന് പ്രഖ്യാപിച്ചു. ആകാശവാണിയിലെ സർവസ്വതന്ത്രമായ സംഗീത സംവിധാന പ്രക്രിയയിൽ നിന്ന് വിഭിന്നമായി സിനിമ മേഖലയിലെ തിരുത്തലുകളും ഇടപെടലുകളുമൊന്നും അദ്ദേഹത്തിന് സഹിക്കാൻ പറ്റുന്നതല്ലായിരുന്നു. ആ സിനിമയിൽ നിന്നൊഴിവാകാനായി ഇരുപത്തിമൂന്നു ദിവസത്തെ മെഡിക്കൽ ലീവ് എടുത്തു, തിരുമ്മലിനായി അദ്ദേഹം സ്ഥലം വിട്ടു. പക്ഷെ മടങ്ങി വരുമ്പോൾ, ഫാസിൽ അദ്ദേഹത്തിനായി കാത്തിരിപ്പുണ്ടായിരുന്നു.

മറ്റൊരു ഗായകനെ കൊണ്ട് പാടിച്ച “ഒരു മുറയ് വന്ത് പാർത്തായ” യുടെയും “പഴം തമിഴ് പാട്ടിന്റെയും” ട്രാക്ക്, തൃപ്‍തിയാകാതെ വീണ്ടും എന്നെക്കൊണ്ട് പാടിച്ചു. “എടാ, ദാസിനെ കേൾപ്പിക്കാനാണ്, നീ ഒന്നുകൂടി പാടിത്താ” എന്ന് ചേട്ടൻ പറയുമ്പോൾ എനിക്കതൊരു ട്രാക്ക് മാത്രമാണെന്ന നിരാശയായിരുന്നില്ല. രാധാകൃഷ്‍ണൻ ചേട്ടന്റെ ഏത് ആവശ്യവും ഉത്തരവ് പോലെയാണ് അദ്ദേഹം കണ്ണടയ്ക്കും വരെ ഞാൻ നിറവേറ്റിയിട്ടുള്ളത്.

ഹാർമോണിയവും തബലയും മാത്രം വച്ച് പാടിയ ആ ട്രാക്കുകൾ മദ്രാസിൽ പോയി ദാസേട്ടനെക്കൊണ്ട് പാടിച്ചു മടങ്ങിവന്നപ്പോൾ രാധാകൃഷ്‍ണൻ ചേട്ടൻ പറഞ്ഞു പാട്ട് ആരാ പാടിയതെന്ന് ഞാൻ ദാസിനോട് ചോദിച്ചപ്പോൾ പറഞ്ഞതെന്താന്നറിയാമോ. എന്തായിരിക്കും ആ ഉത്തരമെന്നു ഞാൻ കാതോർത്തു. ആരായാലും ശരി, ശുദ്ധമായി പാടിയിട്ടുണ്ട്, എന്നായിരുന്നത്രെ ദാസേട്ടന്റെ മറുപടി. ജീവിതത്തിൽ കിട്ടിയ അസുലഭ ബഹുമതികൾക്കൊപ്പം ആ രണ്ടു വാചകങ്ങളും ഞാൻ ചേർത്ത് വയ്ക്കുന്നു.

ആ സിനിമയിൽ ആദ്യം ഉദ്ദേശിക്കാത്തൊരു ഗാനസന്ദർഭം ഉരുത്തിരിഞ്ഞുവന്നപ്പോൾ രാധാകൃഷ്‍ണൻ ചേട്ടൻ വീണ്ടും എന്നെ വിളിച്ചു. “അക്കുത്തിക്കുത്താനക്കൊമ്പിൽ” എന്ന ഗാനം എന്നെക്കൊണ്ടു പാടിക്കണമെന്ന് ആദ്യം ഫാസിലിനോടു നിർദ്ദേശിച്ചത് സുരേഷ് ഗോപിയാണ്. രാധാകൃഷ്‍ണൻ ചേട്ടൻ പൂർണമായി പിന്തുണയ്ക്കുകയും ചെയ്‍തു. പക്ഷെ സിനിമയിലെ പല നിഗൂഢ പ്രശ്‍നങ്ങൾ കാരണം ആ പാട്ട് ദൃശ്യവൽക്കരണത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ടു.

പെരുന്തച്ചൻസംവിധാനം ചെയ്ത അജയൻ, അരവിന്ദ് സ്വാമിയെ നായകനാക്കി എടുക്കാൻ ഉദ്ദേശിച്ച സിനിമയിൽ ഒഎൻവി/ എം ജി രാധാകൃഷ്‍ണൻ കൂട്ടുകെട്ടിൽ രണ്ടു പാട്ടുകൾ റെക്കോർഡ് ചെയ്യപ്പെട്ടു, പക്ഷെ സിനിമ ഇറങ്ങാതെ പോയത് പാട്ടിന്റെ മധുരമില്ലാതാക്കി. മംഗല്യത്തിരുമുഹൂർത്തം കഴിഞ്ഞു മനസ്സിൽ മന്ദാര മലർമാല വാടിക്കരിഞ്ഞു എന്ന വരികൾ പോലെത്തന്നെ വീണ്ടും എന്റെ മനസ്സിൽ ആഗ്രഹം വാടിക്കരിഞ്ഞു.

ഇക്കാലത്തൊക്കെയും രാധാകൃഷ്‍ണൻ ചേട്ടന്റെ ഈണത്തിൽ ധാരളം സി ഡി കളിലും ആൽബമുകളിലും സീരിയലുകളിലും ഞാൻ പാടിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ലളിതഗാനങ്ങൾ തന്ന ജീവനാണ് എന്നും എന്നെ മുന്നോട്ടു നടത്തിയത്. ആ ഗാനങ്ങളിൽ പലതിലും എന്റെ ശബ്‍ദത്തിന്റെ ജീവൽ സ്‍പർശത്തിന് അദ്ദേഹം നൽകിയ വിലയറിഞ്ഞ ഒരു സന്ദർഭം പറയാതെ വയ്യ. രാധാകൃഷ്‍ണൻ ചേട്ടനെ ആദരിക്കുന്ന വലിയൊരു ചടങ്ങ് തിരുവനന്തപുരം സെനറ്റ് ഹാളിൽ നടക്കുന്നു. ഞാൻ ചെന്നൈയിൽ നിന്ന് വരാൻ ഒരുങ്ങിയെങ്കിലും പരിപാടിയുടെ ഒരു സ്പോൺസറായ തിരുവനന്തപുരത്തെ ഒരു ബാർ/ ഹോട്ടൽ ഉടമയും ഞാനുമായുള്ള മുൻകാല അസ്വാരസ്യം മൂലം ആ സാധ്യത മുടങ്ങി. ഞാൻ വന്നു പാടിയാൽ താൻ പിന്മാറുമെന്ന് സ്പോൺസർ ഭീഷണി മുഴക്കിയപ്പോൾ രാധാകൃഷ്‍ണൻ ചേട്ടന് എന്നെ ഒഴിവാക്കുകയല്ലാതെ വഴിയില്ലാതായി. പക്ഷെ ആ ലളിതഗാനസന്ധ്യയിൽ എന്റെരണ്ടു പാട്ടുകൾ ആരെയും കൊണ്ട് പാടിക്കാതെ അദ്ദേഹം എന്റെ ഇടം അവിടെ ഒഴിച്ചിട്ടു എന്നറിഞ്ഞപ്പോൾ ആയിരമായിരം കയ്യടികളെക്കാൾ ഉച്ചത്തിൽ മനസ്സ് തുടിക്കുകയായിരുന്നു. കാവേരി, ഹരിതവനത്തിന്റെ എന്നീ രണ്ടു ഗാനങ്ങൾ അങ്ങനെ അന്ന് പാടാതെ ശ്രദ്ധിക്കപ്പെട്ടു. വേണു, നിനക്കല്ലാതെ മറ്റൊരാൾക്ക് ആ പാട്ടുകൾ നീ പാടുന്ന പോലെ പാടാൻ പറ്റാത്തതുകൊണ്ട് ഞാനതു ഒഴിവാക്കി – അന്നത്തെ അസിസ്റ്റന്റ് എം. ജയചന്ദ്രൻ്റെ കയ്യിൽ എന്റെ വീട്ടിലേയ്ക്ക് കൊടുത്തുവിട്ട കത്തിൽ രാധാകൃഷ്‍ണൻ ചേട്ടൻ എഴുതിയ വരികൾ. ആ വരികളിലും സുന്ദരമായ ഏതു ഗാനമാണ് അദ്ദേഹത്തിന് ഇനി എനിക്ക് നൽകാൻ കഴിയുക?

ആ ഗാന വസന്തത്തിന് തിരശീല വീഴുന്നതിനു തൊട്ടു മുൻപാണ് ഞങ്ങളുടെ ഏറ്റവും അവിസ്‍മരണീയമായ സിനിമാഗാന സമാഗമം. എം എ നിഷാദിന്റെ പകൽ എന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ രചനയ്ക്ക് രാധാകൃഷ്‍ണൻ ചേട്ടന്റെ അതിസുന്ദരമായൊരു സംഗീത സാക്ഷാത്കാരം. ” എന്തിത്ര വൈകി നീ സന്ധ്യേ മനസ്സിന്റെ ചന്ദ്രോദയത്തിന്നു സാക്ഷിയാകാൻ. പലപ്പോഴും എന്റെ ജീവിത സന്ധികളുടെ ഗാനാക്ഷരങ്ങൾ ഈണം ചേരാറുള്ളതുപോലെ, ആപാട്ടിലും ആ സന്ദർഭത്തിന്റെ സാരാംശം അലിഞ്ഞു ചേർന്നിരുന്നു. രാധാകൃഷ്‍ണൻ ചേട്ടനുമൊത്തുള്ള ഗാനചന്ദ്രോദയം എന്തിത്ര വൈകിയെന്ന ചോദ്യം പോലെ, വിഷാദാത്മകമായ ഈണവും. ആ പാട്ടിലെ അടുത്ത ഈരടികൾ അതിലേറെ ഹൃദയവേദനകളോടെ മാത്രമേ പാടാനാകു. തൂവലുപേക്ഷിച്ചു പറന്നുപോം എന്റെയീ. തൂമണിപ്രാവിനെ താലോലിക്കാൻ. എന്ന വരികൾ എഴുതി ഗിരീഷും സംഗീതം പകർന്ന രാധാകൃഷ്‍ണൻ ചേട്ടനും പറന്നകന്നുപോയീ. പിന്നെയും പിന്നെയും താലോലിക്കാൻ കാത്തു നിൽക്കാതെ.

അവസാന ഗാനമൊക്കെ റെക്കോർഡ് ചെയ്യുമ്പോൾ രാധാകൃഷ്‍ണൻ ചേട്ടന് എഴുന്നേറ്റു നിൽക്കാൻ പോലും വയ്യ. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിട്ടേ ഞാൻ ഏതു പാട്ടും പാടിയിട്ടുള്ളു. എന്തിത്ര വൈകി. റെക്കോർഡിങ്ങിനു തൊട്ടു മുൻപ് ഞാൻ ചോദിച്ചു. ചേട്ടാ ഒന്നെഴുന്നേറ്റു നിൽക്കാമോ. എനിക്കനുഗ്രഹം വാങ്ങണം. ഇരുന്നിടത്തുനിന്നു പൊങ്ങാനാകാതെ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകി. നീയെന്നെ കരയിക്കാനാണോടാ പുറപ്പാട് എന്നെന്നോട് ചോദിച്ചു.

എന്റെ സിനിമാഗാന ജീവിതം കാൽ നൂറ്റാണ്ടെത്തുമ്പോൾ രാധാകൃഷ്‍ണൻ ചേട്ടനുണ്ടായിരുന്നു. രണ്ടായിരത്തി ഒൻപതിലെ ആ ചടങ്ങിന് എന്റെ പ്രൈമറി സ്‍കൂൾ ആയ കാർമൽ സ്‍കൂളിന്റെ മുകൾ നിലയിലേയ്ക്ക് ചേട്ടനെ കസേരയിലിരുത്തി എടുത്തു കൊണ്ട് പോകുകയായിരുന്നു. എടാ, സപ്രമഞ്ചത്തിൽ രാജാക്കന്മാർ മാത്രമേ ഇങ്ങനെ വന്നിട്ടുള്ളൂ. ഇതൊക്കെ ഒരു ഭാഗ്യമാ. കുലുങ്ങിക്കുലുങ്ങി മുകളിലോട്ടു കയറുമ്പോൾ, വേദന മറന്നും ചേട്ടൻ ചിരി പൊട്ടിച്ചു.

2010 ജൂലൈ 2-നു് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് കരൾരോഗത്തെത്തുടർന്ന് എഴുപതാം വയസ്സിൽ ആ തംബുരു മൂകമായി.

shortlink

Related Articles

Post Your Comments


Back to top button