GeneralLatest NewsMollywoodNEWSSocial Media

ക്യാപ്റ്റനിൽ അതിഥിയാകാൻ ആദ്യം അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നു: മമ്മൂട്ടിയെ കുറിച്ച് പ്രജേഷ് സെൻ

തന്റെ ആദ്യ ചിത്രത്തിൽ തന്നെ മമ്മൂട്ടിയുടെ മുന്നിൽ ആക്ഷൻ പറയാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ ഭാഗ്യമാണെന്നും  പ്രജേഷ് സെൻ

വെളളിത്തിരയിൽ അൻപത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മോഹൻലാൽ ഉൾപ്പടെ നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് സംവിധായകൻ  പ്രജേഷ് സെൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ക്യാപ്റ്റൻ എന്ന സിനിമയില്‍ അതിഥിയായി ക്ഷണിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം ആശങ്ക ഉണ്ടായിരുന്നെങ്കിലും, പിന്നീട് തന്റെ സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതിക്കുകയുമായിരുന്നുവെന്ന്  പ്രജേഷ് പറയുന്നു. തന്റെ ആദ്യ ചിത്രത്തിൽ തന്നെ മമ്മൂട്ടിയുടെ മുന്നിൽ ആക്ഷൻ പറയാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ ഭാഗ്യമാണെന്നും  പ്രജേഷ് സെൻ കൂട്ടിച്ചേർത്തു.

പ്രജേഷ് സെന്നിന്റെ കുറിപ്പ്:

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ഒരു വടക്കൻ വീരഗാഥയാണ് ആദ്യം കണ്ടതെന്ന് ഓർമയിൽ പതിഞ്ഞ് നിൽക്കുന്ന ചിത്രം. ചന്തുവായി വീട്ടിലെ വാഴകൾ വെട്ടിനിരത്തിയതിന് കിട്ടിയ സമ്മാനത്തിന്റെ ചൂടും മറന്നിട്ടില്ല. സ്‍കൂളിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്ത് സീന തീയറ്ററിൽ പോയി ആദ്യം കണ്ടത് പാഥേയമാണ്. പിന്നീടങ്ങോട്ട് റിലീസിന്റെ അന്നു തന്നെ മമ്മുക്ക പടങ്ങൾ കാണുകയെന്നത് ശീലമായി മാറി.

മമ്മൂക്കയെ ഒന്നു കാണുക എന്നത് മാത്രമായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സ്വപ്‍നം. അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് തന്നെയായിരുന്നു ആദ്യത്തെ കാഴ്‍ച. കണ്ണും മനസ്സും നിറഞ്ഞ് അന്തം വിട്ട് നോക്കി നിന്നു എന്നതാണ് ശരി. മാധ്യമ പ്രവർത്തകനായ സമയത്ത് ഇന്റര്‍വ്യൂ ചെയ്യാനും അവസരം കിട്ടി. ഓരോ ചോദ്യത്തിനും വ്യക്തതയോടെ മറുപടി നൽകി ക്ഷമയോടെ ദീർഘനേരം സംസാരിച്ചു. വിറയൽ കൊണ്ട് ചോദ്യങ്ങൾ പലതും വിഴുങ്ങിയ ഓർമ്മയാണത്.

സിനിമയിൽ അസിസ്റ്റന്റെ ഡയറക്ടറായപ്പോൾ ഭാസ്കർ ദ റാസ്‍കലിൽ ഒപ്പം ജോലി ചെയ്യാനായി. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ വച്ചാണ് ക്യാപ്റ്റൻ തുടങ്ങുന്നത് മമ്മൂക്കയോട് പറയുന്നത്. ഫുട്ബാൾ ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ചും അതിനുപയോഗിക്കുന്ന ക്യാമറകളെക്കുറിച്ചെല്ലാം വിശദമായി സംസാരിച്ചു. പിന്നെ ഒന്ന് രണ്ട് വിദേശ സിനിമകൾ കാണാൻ നിർദ്ദേശിച്ചു.

ഫുട്ബാളുമായി ബന്ധമില്ലാത്ത സിനിമകളായിരുന്നു അത്. പക്ഷേ ഇമോഷന് ഏറെ പ്രാധാന്യമുള്ളത്. ഷൂട്ടിന് മുമ്പ് മാനസികമായ തയ്യാറെടുപ്പിന് വളരെയധികം സഹായിക്കുമെന്ന് ഗുരുനാഥനെപ്പോലെ പറഞ്ഞുതന്നു. ക്യാപ്റ്റനിൽ അതിഥിയായി ഒരു സീനിൽ എത്തുന്നതിൽ ആദ്യം മമ്മൂക്കയ്ക്ക് ആശങ്കയുണ്ടായിരുന്നു. പിന്നീട് സത്യേട്ടന് അദ്ദേഹത്തോടുള്ള സ്‍നേഹവും ആരാധനയും മനസ്സിലാക്കിയതോടെ അഭിനയിക്കാൻ സമ്മതിച്ചു. ‘ആ നമുക്ക് ചെയ്യാം’ ആ വാക്കുകൾ എന്നിൽ നിറച്ച സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. അങ്ങനെ ആദ്യ സിനിമയിൽ തന്നെ മമ്മൂക്കയോട് ആക്ഷൻ പറയാനുള്ള ഭാഗ്യമുണ്ടായി.

എത്ര കടൽ കണ്ടാലും നമുക്ക് മതിയാവാറേഇല്ലല്ലോ

ഭംഗിമാത്രമല്ല കടല്‍തീരത്തുനിന്ന് ആഴങ്ങളിലേക്ക് നോക്കി നില്‍കുമ്പോള്‍ കിട്ടുന്നൊരു നിര്‍വൃതിയുണ്ട്. ഇനിയും മനോഹരമായ എന്തൊക്കെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന തോന്നൽ ഉണ്ടാകും. അതാണ് മമ്മൂക്ക.

അഭിനയത്തിന്റെ 50 സുവർണ്ണ വർഷങ്ങൾ അദ്ദേഹം പൂർത്തിയാക്കുമ്പോൾ ആ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

https://www.facebook.com/prajeshsen/posts/10224484247486385

shortlink

Related Articles

Post Your Comments


Back to top button