CinemaGeneralLatest NewsNEWSTollywood

രണ്ടേമുക്കാല്‍ വര്‍ഷത്തെ പ്രയത്‌നം: ‘ആര്‍ആര്‍ആറി’ന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി രാജമൗലി

2018 നവംബര്‍ 19നാണ് രാജമൗലി 'ആര്‍ആര്‍ആറി'ന്‍റെ ചിത്രീകരണം ആരംഭിച്ചത്

ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. ഇപ്പോഴിതാ സിനിമയുടെ ഒരു പ്രധാന അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. രണ്ടേമുക്കാല്‍ വര്‍ഷം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി എന്ന വിവരമാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

സിനിമയുടെ പ്രധാന ചിത്രീകരണം പൂര്‍ത്തിയായെന്നും ചില പിക്ക് അപ്പ് ഷോട്ടുകള്‍ മാത്രമാണ് ഇനി എടുക്കാനുള്ളതെന്നും അണിയറക്കാര്‍ അറിയിച്ചു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.

‘ബാഹുബലി 2’ന്‍റെ വന്‍ വിജയത്തിനു ശേഷം 2018 നവംബര്‍ 19നാണ് രാജമൗലി ‘ആര്‍ആര്‍ആറി’ന്‍റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ കൊവിഡ് മൂലം മാസങ്ങളോളം നിര്‍ത്തിവെക്കേണ്ടിവന്ന ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീണ്ടും പുനരാരംഭിച്ചത്.

ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവര്‍. രാം ചരണ്‍ ചിത്രത്തില്‍ അല്ലൂരി സാതാരാമ രാജു ആയി എത്തുമ്പോള്‍ ജൂനിയര്‍ എന്‍ടിആറാണ് വെള്ളിത്തിരയില്‍ കോമരം ഭീം ആയി പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നു. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്.

2021 ഒക്ടോബറിലാണ് ചിത്രം റിലീസിന് എത്തുക. 10 ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. ജനുവരിയില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിമൂലം മാറ്റി വെക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button