CinemaGeneralLatest NewsMollywoodNEWSSocial Media

ഒരുപാട് പേർക്ക് പടം ഇഷ്‍ടപ്പെട്ടിട്ടില്ലെന്ന് മനസിലായി, എനിക്ക് പറയാനുള്ളത് ഇതാണ് : പിടികിട്ടാപ്പുള്ളിയുടെ സംവിധായകൻ

സിനിമ നിരാശപ്പെടുത്തിയതിൽ ക്ഷമ ചോദിച്ചും, ആസ്വദിക്കാനായെന്ന് പറഞ്ഞവരോട് നന്ദി പറയുന്നുവെന്നും ജിഷ്‍ണു ശ്രീകണ്ഠന്‍

സണ്ണി വെയ്ൻ, അഹാന കൃഷ്ണ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ചിത്രമാണ് പിടികിട്ടാപ്പുള്ളി. ജിയോ സിനിമയിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമ നിരാശപ്പെടുത്തിയതിൽ ക്ഷമ ചോദിച്ചും, ആസ്വദിക്കാനായെന്ന് പറഞ്ഞവരോട് നന്ദി പറയുന്നുവെന്നും പറയുകയാണ് ജിഷ്‍ണു ശ്രീകണ്ഠന്‍.

‘പിടികിട്ടാപ്പുള്ളി’ സംവിധായകന്‍ ജിഷ്‍ണു ശ്രീകണ്ഠന്റെ വാക്കുകൾ:

‘ഹെഡ്ഫോണ്‍സ് ഒക്കെ വച്ച് പിടികിട്ടാപ്പുള്ളി കാണുമ്പോള്‍ ഒരു വശത്ത് ഓഡിയോ കേള്‍ക്കുന്നില്ലെന്ന് പലരും പറയുന്നുണ്ട്. പക്ഷേ ഒഫിഷ്യല്‍ റിലീസിനു മുന്‍പ് ടെലിഗ്രാമിലൂടെയും ടൊറന്‍റിലൂടെയും ലീക്ക് ആയ പ്രിന്‍റിനാണ് അത്തരത്തില്‍ ഒരു കുഴപ്പം കാണുന്നത്. ജിയോ സിനിമയില്‍ ഇപ്പോള്‍ ഉള്ള പിടികിട്ടാപ്പുള്ളിയുടെ പ്രിന്‍റിന് അങ്ങനെ ഒരു പ്രശ്‍നം ഇല്ല. സ്റ്റീരിയോ സൗണ്ടില്‍ തന്നെ അവിടെ ചിത്രം ആസ്വദിക്കാനാവും.

രണ്ടാമത് പറയാനുള്ളത് പിടികിട്ടാപ്പുള്ളിയുടെ സ്വീകാര്യതയെക്കുറിച്ചാണ്. ഒരുപാട് റിവ്യൂസ് ഞാന്‍ കണ്ടിരുന്നു. ഒരുപാടുപേര്‍ക്ക് പടം ഇഷ്‍ടപ്പെട്ടിട്ടില്ലെന്ന് എനിക്കു മനസിലായി. നിങ്ങളുടെ ആ ഒരു ഫീല്‍ കൃത്യമായിട്ട് എനിക്ക് മനസിലാവും. കാരണം, സംവിധായകന്‍ എന്ന നിലയില്‍ ഒരേയൊരു സിനിമ മാത്രമാണ് ഞാന്‍ ചെയ്‍തിട്ടുള്ളത്. അതേസമയം ആയിരത്തിലധികം സിനിമകള്‍ കണ്ട നിങ്ങളെപ്പോലെ ഒരു പ്രേക്ഷകനാണ് ഞാന്‍. അപ്പോള്‍ ഒരു സംവിധായകന്‍ എന്നതിനേക്കാള്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയിലാവും നിങ്ങളുടെ വികാരം എനിക്ക് മനസിലാക്കാനാവുക. പിടികിട്ടാപ്പുള്ളി നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ സമയം ചെലവഴിച്ചു എന്നെനിക്ക് അറിയാം. രണ്ടര മണിക്കൂര്‍ ജീവിതത്തില്‍ നിന്ന് മാറ്റിവച്ചതിന് നിങ്ങളോട് ഞാന്‍ നന്ദി പറയുന്നു. തെറ്റുകുറ്റങ്ങളൊക്കെ മാറ്റി ഒരു മികച്ച സിനിമയുമായി നിങ്ങളുടെ മുന്നിലേക്ക് എത്തുമെന്ന് ഞാന്‍ വാക്കു തരുന്നു.

അതേസമയം സിനിമ വളരെ ഇഷ്‍ടപ്പെട്ടെന്ന് എന്നെ അറിയിച്ചവരുമുണ്ട്. സിനിമ എടുക്കാന്‍ അവസരം കിട്ടിയപ്പോള്‍, വലിയ ഭാരിച്ച ഉള്ളടക്കമൊന്നും സ്വീകരിക്കാതെ എല്ലാവര്‍ക്കും കുടുംബസമേതം കണ്ട് ആസ്വദിക്കാന്‍ പറ്റുന്ന ഒരു ക്ലീന്‍ എന്‍റര്‍ടെയ്‍നര്‍ കോമഡി പടം എടുക്കണം എന്നതായിരുന്നു എന്‍റെ ആഗ്രഹം. സ്ക്രീനില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സിനിമയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. തെറ്റുകുറ്റങ്ങളൊക്കെ പറ്റിയിട്ടുണ്ടെന്ന് അറിയാം. അതേസമയം ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ സിനിമ കണ്ട് ആസ്വദിക്കുകയും അത് എന്നെ അറിയിക്കുകയും ചെയ്‍ത നിങ്ങളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. എന്‍റെയീ പ്രയത്നം അമ്പേ പരാജയപ്പെട്ടുപോയില്ല, ഞാന്‍ മൊത്തത്തില്‍ അങ്ങ് തോറ്റുപോയിട്ടില്ല എന്ന് എന്നെ വിളിച്ച് അറിയിച്ചതിന്, ഇനിയും നല്ല സിനിമകള്‍ സൃഷ്ടിക്കാനാവുമെന്ന് എന്നില്‍ പ്രതീക്ഷയര്‍പ്പിച്ചതിന്, ചുരുക്കിപ്പറഞ്ഞാല്‍ എന്നെക്കൊണ്ട് ഈ പണിക്ക് കൊള്ളാം എന്ന് എന്നെ ഓര്‍മ്മിപ്പിച്ചതിന് നിങ്ങളോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്.’

shortlink

Related Articles

Post Your Comments


Back to top button