Latest NewsNEWSSocial Media

മോൻസൻ മാവുങ്കലിനെ വെള്ളപൂശാൻ ക്യാംപെയ്ൻ : നടി ലക്ഷ്മി പ്രിയയുടെ കുറിപ്പ്

കൊച്ചി: മോൻസൻ മാവുങ്കൽ എന്ന തട്ടിപ്പുകാരനെ നല്ല മനുഷ്യനായി വെള്ള പൂശാൻ ക്യാംപെയ്ൻ നടക്കുന്നുണ്ടെന്നും, ബുദ്ധി ഏറെയുള്ളവർ എന്നു കരുതിയിരുന്ന തന്റെ ചില സുഹൃത്തുക്കളും ഈ ക്യാംപെയ്നിൽ അറിയാതെ ഭാഗമായിട്ടുണ്ടെന്നും നടി ലക്ഷ്മി പ്രിയയുടെ പോസ്റ്റ്. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് ലക്ഷ്മി പ്രിയ ഈ വിവരം വ്യക്തമാക്കിയത്. മോൻസൻ മാവുങ്കൽ പറ്റിച്ചവരെല്ലാം കോടീശ്വരന്മാരാണെന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ട്രോളുകളോടു പ്രതികരിക്കുകയായിരുന്നു താരം.

ലക്ഷ്മി പ്രിയയുടെ കുറിപ്പ് :-

‘മോൻസൻ മാവുങ്കൽ പാവങ്ങളെ പറ്റിച്ചിട്ടില്ലെന്നും പറ്റിച്ചത് മുഴുവൻ പണക്കാരെ ആയിരുന്നുവെന്നും, അങ്ങനെ പറ്റിച്ചു കിട്ടിയ പണം കൊണ്ട് ഒരു കോടി രൂപയുടെ പള്ളിപ്പെരുന്നാൾ വരെ നടത്തിയെന്നും, ആ ഇനത്തിൽ പാവപ്പെട്ടവന് മൂന്നു ദിവസം വയറു നിറച്ച് അന്നവും പന്തലു പണിക്കാർക്കു വരെ നിറയെ പണവും കിട്ടിയെന്നും, തട്ടിപ്പ് തുക കൊണ്ട് ധാരാളം പാവപ്പെട്ടവരെ സഹായിച്ചു എന്നുമൊക്കെ സമാന്തര വെളുപ്പിക്കൽ ക്യാംപെയ്ൻ നടക്കുന്നു. ബുദ്ധി ഏറെ ഉള്ളവർ എന്നു ഞാൻ കരുതിയിരുന്ന എന്റെ ഒരുപാട് സുഹൃത്തുക്കളും ഈ വെളുപ്പിക്കലിൽ അറിയാതെ ഭാഗമായി കാണുന്നു.

പാവപ്പെട്ടവന് കൈ വയ്ക്കാവുന്ന ഒരു ഹോബിയോ ബിസിനസ്സോ അല്ല തീർച്ചയായും വിപുലമായ പുരാവസ്തു ശേഖരണം. അവന്റെ ഹോബി എപ്പോഴും, സ്റ്റാമ്പ്, നോട്ട്, നാണയം ഇവയുടെ ശേഖരണത്തിൽ ഒതുങ്ങുന്നു. നൂറ് കൊല്ലത്തിലും അധികം പഴക്കമുള്ള വസ്തുക്കൾ ശേഖരിക്കാൻ കോടികൾ മുടക്കാൻ പ്രാപ്തിയുള്ളവൻ തീർച്ചയായും പണക്കാരൻ ആവണം. ഒരുവൻ അവന്റെ ബുദ്ധിയും സമയവും ഉപയോഗിച്ച് പണം സമ്പാദിച്ചത് ഇങ്ങനെ ഉള്ളവർ കുബുദ്ധി ഉപയോഗിച്ച് പറ്റിച്ചെടുക്കുന്നത് ‘ഓഹ് അവന് ഒരുപാട് ഉണ്ടല്ലോ കുറച്ച് പൊയ്ക്കോട്ടേ ‘ എന്ന മട്ടിൽ ന്യായീകരിക്കാൻ എനിക്ക് കഴിയില്ല. ഏതെങ്കിലും പാവപ്പെട്ടവർ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടോ എന്നും നമുക്ക് നിശ്ചയം പോരാ. ധാരാളം യുട്യൂബേഴ്‌സ് ഇയാളുടെ കള്ളത്തരങ്ങൾ വിശ്വസിച്ചു വിഡിയോകൾ ചെയ്ത് നമ്മുടെ മുന്നിൽ എത്തിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ജാതി മത ഭേദമന്യേയുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ കണ്ണുനീര് കുടിപ്പിക്കാൻ മുൻ നിരയിൽ നിന്ന ആളാണ്‌ ഈ പറഞ്ഞ മോൻസൻ. ആരൊക്കെയാണ് അയാളോടൊപ്പം ഒരു ജനതയെ മുഴുവൻ ഭിന്നിപ്പിക്കാൻ, ഈ നാടിന്റെ ക്രമ സമാധാനം തകർക്കാൻ അയാൾക്കൊപ്പം നിന്നത്? ആരുടെ ബുദ്ധി? മതേതരം എന്നത് കേവലം പേപ്പറിൽ ഒതുങ്ങുന്ന വെറുമൊരു വാക്കാണ് എന്നു വരുത്തി തീർക്കാൻ കൂട്ടു നിന്ന ടിയാൻ പറ്റിക്കാൻ നോക്കിയത് ഒരു ചെറിയ സമൂഹത്തെ മാത്രമല്ല എന്ന് ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു’.

 

shortlink

Related Articles

Post Your Comments


Back to top button