InterviewsLatest NewsNEWS

‘ഭിക്ഷയെടുത്തു കിട്ടിയ ഇരുപതു പൈസ കൂട്ടുകാരന്‍ കളഞ്ഞപ്പോള്‍ വഴിയില്‍ നിന്നു കരഞ്ഞ ആളാണ് ഞാന്‍’: നസീര്‍ സംക്രാന്തി

തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ കമലാസനന്‍ ആയി പ്രേക്ഷകരുടെ കൈയ്യടി നേടുന്ന താരമാണ് നസീര്‍ സംക്രാന്തി. ഫുക്രി, അമർ അക്ബർ അന്തോണി, സ്വർണ കടുവ തുടങ്ങിയ ചിത്രങ്ങളിലൂടെയും നസീർ സംക്രാന്തി പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ടെലിവിഷനിലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് അടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് നസീർ. തന്റെ കുട്ടിക്കാലത്ത് അനുഭവിച്ച ദുരിത ജീവിതത്തെ കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് അദ്ദേഹം.

‘ഇവിടം വരെയൊക്കെ എത്തുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാനാകാത്ത കുട്ടിക്കാലമായിരുന്നു. വീടു പോലുമില്ല, അന്ന് പട്ടിണിയാകാതിരിക്കാനുള്ള പലവിധ പരിപാടികളുമായി ഓട്ടത്തിലായിരുന്നു. ജാഡയില്‍ പറഞ്ഞാല്‍ പതിനൊന്നു വയസ്സിലേ നാട്ടില്‍ മീന്‍ എക്സ്പോര്‍ട്ടിങ്. സര്‍ക്കാരുമായി ചേര്‍ന്നുള്ള കോടികളുടെ ബിസിനസ്, ക്രാപ് സര്‍വീസ് നടത്തിയിരുന്നു.

കേൾക്കുമ്പോൾ ഒരിതില്ലേ, പക്ഷേ സത്യത്തില്‍ ചെയ്തത് മീന്‍ കച്ചവടവും ലോട്ടറി കച്ചവടവും ആക്രി പെറുക്കലുമായിരുന്നു. പിന്നെ, ഭിക്ഷാടനവും. രാവിലെ അര സൈക്കിളുമെടുത്ത് മീന്‍ കച്ചവടത്തിനു പോകും. തിരിച്ചു വന്നാല്‍ നേരെ കോട്ടയം ടൗണില്‍ ലോട്ടറി കച്ചവടം. മൂന്നു മണിയായാല്‍ സായാഹ്ന പത്രക്കെട്ടു വരും. കുറേക്കാലം ആക്രി പെറുക്കാന്‍ വീടുകള്‍ തോറും നടന്നു. ഒപ്പം ഭിക്ഷയുമെടുക്കും. ഒരിക്കല്‍ ഏതോ വീട്ടില്‍ നിന്ന് ഭിക്ഷയെടുത്തു കിട്ടിയ ഇരുപതു പൈസ കൂട്ടുകാരന്‍ ഹെഡ് ആന്‍ഡ് ടെയില്‍ കളിച്ച്‌ കളഞ്ഞപ്പോള്‍ വഴിയില്‍ നിന്നു കരഞ്ഞ ആളാണ് ഞാന്‍. ജീവിക്കാനുള്ള ഓട്ടത്തിനിടയില്‍ നിന്ന് ആള്‍ക്കാരെ ചിരിപ്പിക്കാനായി സ്റ്റേജിലെത്തിയത് അദ്ഭുതമാണ്’- നസീര്‍ സംക്രാന്തി പറഞ്ഞു.

shortlink

Post Your Comments


Back to top button