GeneralLatest NewsNEWS

മികച്ച പ്രകടനം കാഴ്ചവെച്ച ലിജോ മോള്‍ ജോസിനെ വാനോളം പ്രശംസിച്ച്‌ ജയ് ഭീം റിവ്യുവുമായി കെ കെ ശൈലജ

തിരുവനന്തപുരം : മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് സൂര്യ നായകനായി എത്തിയ ജയ് ഭീം. മലയാളത്തില്‍ ഉള്‍പ്പെടെ വലിയ സ്വീകരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഇപ്പോളിതാ കേരളത്തിലെ മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ ജയ് ഭീം സിനിമയുടെ അണിയറപ്രവർത്തകരെയും പ്രത്യേകിച്ച് ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ലിജോ മോള്‍ ജോസിനെയും വാനോളം പ്രശംസിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു കെ കെ ഷൈലജയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :-

‘ജയ് ഭീം മനുഷ്യജീവിതത്തിലെ ചോരകിനിയുന്ന ഒരു ഏടാണ്. ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജാതിവിവേചനത്തിന്‍റെയും ഭരണകൂട ഭീകരതയുടെയും നേര്‍കാഴ്ചയാണത്.

ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യത്വരഹിതമായ മേല്‍കോയ്മയുടെ ദുരനുഭവങള്‍ നാം കാണുന്നുണ്ട്. സമഭാവനയുടെ കണിക പോലും മനസ്സില്‍ ഉണരാതിരിക്കുമ്പോൾ അതിക്രൂരമായ തലങ്ങളിലേക്ക് മനുഷ്യ മനസ്സിന് വിഹരിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് കടുത്ത പോലീസ്‌ മര്‍ദ്ദനമുറകള്‍ ചൂണ്ടികാട്ടുന്നത്. അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തിന്റെ ജയിലുകളും പോലീസ് സ്റ്റേഷനുകളും വേദിയായത് ജയ്ഭീമില്‍ കണ്ട ഭീകര മര്‍ദ്ദന മുറകള്‍ക്കാണ്.

സ്വാതന്ത്ര്യത്തിന്റെ ദീര്‍ഘമേറിയ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അംബേദ്ക്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമത്വത്തിലൂന്നിയ ഭരണഘടനയുണ്ടായിട്ടും അധ:സ്ഥിതര്‍ക്ക് വെളിച്ചത്തിലേക്ക് വരാന്‍ കഴിയാത്തത് ഇന്ത്യയുടെ ഭരണനയത്തിലുള്ള വൈകല്യം മൂലമാണ്.

ജസ്റ്റിസ് ചന്ദ്രു എന്ന കമ്മ്യൂണിസ്റ് പാവങ്ങള്‍ക്ക് വേണ്ടി നടത്തിയ നിയമ പോരാട്ടത്തിന്‍റെ യഥാര്‍ത്ഥ അനുഭവങ്ങളാണ് ജ്ഞാനവേല്‍ സിനിമയ്ക്ക് ആധാരമാക്കിയതും സൂര്യയുടെ അതുല്യമായ പ്രകടനത്തില്‍ ജീവിതത്തിന്റെ നേര്‍കാഴ്ചയായതും.

ലിജോമോള്‍ ജോസഫ് സെങ്കണിയായി പരകായപ്രവേശനം ചെയ്യുകയായിരുന്നു. ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക. ശക്തമായ സ്ത്രീ കഥാപാത്രത്തിന്‍റെ സാന്നിദ്ധ്യം സിനിമയുടെ ഔന്നത്യം വര്‍ദ്ധിപ്പിക്കുന്നു. രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠന്‍ മനസ്സില്‍ നിന്ന് അത്രവേഗത്തില്‍ മഞ്ഞു പോകില്ല. പ്രകാശ് രാജ്, പോലീസുകാരുടെ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ എല്ലാം ഒന്നിനൊന്നു മെച്ചം.

മാര്‍ക്സാണ് എന്നെ അംബേദ്കറില്‍ എത്തിച്ചതെന്നു പറഞ്ഞ യഥാര്‍ഥ ചന്ദ്രു (ജസ്റ്റിസ് ചന്ദ്രു) നാടിന്റെ അഭിമാനമായി മാറുന്നു. മനുഷ്യ മനഃസാക്ഷിയേ പിടിച്ചു കുലുക്കുന്ന ഈ സിനിമ നിര്‍മ്മിച്ച സൂര്യക്കും ജ്യോതികയ്ക്കും നന്ദി’.

 

 

 

shortlink

Related Articles

Post Your Comments


Back to top button