GeneralLatest NewsNEWS

‘വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ സങ്കടമുണ്ട്, ദുൽഖറിന്റെ ആരാധകർ ഈ പ്രചാരണം വിശ്വസിക്കരുത്’: ഗിരിജാ തിയറ്റർ ഉടമ

തൃശൂർ : തങ്ങളുടെ പേരിൽ ചിലർ സംഘടിതമായി വ്യാജപ്രചാരണങ്ങൾ നടത്തുന്നു എന്ന പരാതിയുമായി തൃശൂർ ഗിരിജാ തിയറ്ററിന്റെ ഉടമ ഡോക്ടർ ഗിരിജ. ‘കുറുപ്പ്’ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിന്റെ പേരിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നതിൽ മനംനൊന്താണ് ഡോക്ടർ ഗിരിജ എത്തിയത്.

‘കുറുപ്പ്’ സിനിമ ശരാശരിയാണെന്നും, വിതരണക്കമ്പനിയുടെ നിസ്സഹകരണം മൂലം ‘കുറുപ്പ്’ നിർത്തുകയാണെന്നും പറഞ്ഞുള്ള ചില സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗിരിജ തിയറ്റർ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുമായിരുന്നു പോസ്റ്റുകൾ പുറത്തുവന്നത്.

‘കുറുപ്പ്’ മെഗാഹിറ്റിലേക്ക് നീങ്ങുകയാണ്, അതിൽ അസൂയപ്പെടുന്നവരും തങ്ങളോട് വിരോധമുള്ളവരുമാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ഡോക്ടർ ഗിരിജ പറയുന്നു. ദുൽഖർ സൽമാന്റെ ആരാധകരും പ്രേക്ഷകരും ഈ നുണകൾ വിശ്വസിക്കരുതെന്നും ഡോക്ടർ ഗിരിജ അഭ്യർഥിക്കുന്നു.

ഡോക്ടർ ഗിരിജയുടെ വാക്കുകൾ :

‘ഒരു ബിഗ് ബജറ്റ്‌ സിനിമ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യുമ്പോൾ രണ്ടാം വാരം മുതൽ അത് ഏതെല്ലാം തിയറ്ററുകളിൽ തുടർന്ന് കളിക്കണമെന്ന് മുൻകൂട്ടി ധാരണയുണ്ടാകും. അത് പ്രകാരമാണ് കമ്പനിയുമായി ഞങ്ങൾ തുടർന്നുള്ള സിനിമകൾ ചാർട്ട് ചെയ്യുന്നത്. ഇവിടെ ദുൽഖർ സൽമാനുമായോ വിതരണക്കമ്പനിയായ വേഫെറർ ഫിലിംസുമായോ ഞങ്ങൾക്ക് യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. തുടർന്നും ദുൽഖറിന്റെ സിനിമകൾ ഞങ്ങൾ റിലീസ് ചെയ്യുന്നതാണ്. ദയവുചെയ്ത് ഞങ്ങളുടെ പ്രേക്ഷകരും ദുൽഖറിന്റെ ആരാധകരും ഇത്തരം വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് അഭ്യർഥിക്കുകയാണ്. ഇത്തരം വ്യാജവാർത്തകൾ ഞങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്നതിൽ വളരെയധികം സങ്കടമുണ്ട്. ഈ അടുത്ത കാലത്ത് കോവിഡ് കാരണം തിയറ്റർ അടച്ചു എന്നൊരു വ്യാജവാർത്ത പ്രചരിപ്പിച്ചു. ഇപ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ട ദുൽഖറിന്റെ ചിത്രം ലഭിച്ചത് എത്രയോ അനുഗ്രഹമായി കരുതുമ്പോൾ ഞങ്ങളുടെ പേരിൽ ഇല്ലാത്ത വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. വളരെയധികം സങ്കടമുണ്ട്. ഇതാരും വിശ്വസിക്കരുത്.’–ഡോ.ഗിരിജ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button