InterviewsLatest NewsNEWS

‘മിഥുനത്തിലെ ഹണിമൂണ്‍ പോലെയായിരുന്നു ഞങ്ങളുടെ ഹണിമൂണും’: മേനക സുരേഷ്

ചെന്നൈ : ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികയായി തിളങ്ങിയിരുന്ന നടിയാണ് മേനക .1980 ല്‍ രാമായി വയസ്സുക്ക് വന്താച്ച്‌ എന്ന തമിഴ് സിനിമയിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ മേനക കെ.എസ് സേതുമാധവന്റെ ഓപ്പോള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 120 ഓളം സിനിമകളില്‍ അഭിനയിച്ചു.

സിനിമാ നിര്‍മാതാവായ സുരേഷ് കുമാറാണ് മേനകയെ വിവാഹം ചെയ്തത്. 1987ല്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. പൂച്ചക്കൊരു മൂക്കുത്തി സിനിമയുടെ ചിത്രീകരണം നടക്കുമ്പോളാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരു മുമ്പ് നല്‍കിയ അഭിമുഖം ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. മിഥുനത്തിലെ ഹണിമൂണ്‍ സീന്‍ തങ്ങളുടെ ജീവിതമാണെന്നാണ് മേനക പറയുന്നത്. നടിയും അവതാരികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി അവതാരികയായ പരിപാടിയില്‍ മേനകയും സുരേഷും ഒരുമിച്ച്‌ പങ്കെടുത്ത വീഡിയോയിലാണ് മേനക ഇത് പറയുന്നത്.

‘സുരേഷ് എന്നും തന്നോടൊപ്പം ഉണ്ടാകണമെന്ന ആ​ഗ്രഹമാണുള്ളത്. എന്നാല്‍ വല്ലപ്പോഴും മാത്രമാണ് അത്തരം സന്ദര്‍ഭങ്ങള്‍ തനിക്ക് വീണ് കിട്ടുന്നത്. മിഥുനത്തിലെ മോഹന്‍ലാലിന്റേയും ഉര്‍വ്വശിയുടേയും ഹണിമൂണ്‍ പോലെയായിരുന്നു ഞങ്ങളുടെ ഹണിമൂണും.ആ ഹണിമൂണ്‍ കഥ പ്രിയദര്‍ശനോട് പറഞ്ഞപ്പോഴാണ് അദ്ദേഹം സിനിമയാക്കിയത്’- മേനക പറഞ്ഞു.

‘എനിക്ക് വലിയ വലിയ ആ​ഗ്രഹങ്ങളില്ല ചെറിയ ആ​ഗ്രഹങ്ങള്‍ മാത്രമേയുള്ളൂ. വല്ലപ്പോഴും ഒരുമിച്ച്‌ ഒരു സിനിമയ്ക്ക് പോവുക. കപ്പലണ്ടി കഴിക്കുക. എപ്പോഴെങ്കിലും പുറത്ത് കറങ്ങാന്‍ പോവുക എന്നിവയാണത്. എന്നാല്‍ സുരേഷിന് അതിനോട് താല്‍പര്യവുമില്ല അതിനായി സമയം കണ്ടെത്താറുമില്ല. ഞാന്‍ നിര്‍മാണത്തില്‍ സഹായിച്ചോട്ടെയെന്ന് പലപ്പോഴും ചോദിച്ചിട്ടുള്ളതാണ് കണക്ക് കൈകാര്യം ചെയ്താല്‍ ശരിയാവില്ലെന്ന് പറഞ്ഞ് എല്ലാ ചരടും സുരേഷിന്റെ കയ്യില്‍ തന്നെ വെച്ചിരിക്കും. പൂര്‍ണമായും വിട്ടുതരില്ല. ഒരിക്കല്‍ പിസ കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ പിസ ഓഡര്‍ ചെയ്ത് തന്നു. എന്നാല്‍ ഞാന്‍ പിസ കഴിക്കാനെന്ന വ്യാജേന സുരേഷിനൊപ്പം പുറത്ത് പോകാനാണ് ആ​ഗ്രഹിച്ചത്. സിനിമ കാണാന്‍ പോയാല്‍ ഒരു കപ്പലണ്ടി വാങ്ങി തരാന്‍ പോലും പോകില്ല. സുരേഷിന് വളരെ ബുദ്ധിമുട്ടാണ് അത്തരം കാര്യങ്ങള്‍. ഇടയ്ക്ക് ഞാന്‍ ചോദിക്കാറുണ്ട് ഫോണിന് റെയ്ഞ്ചില്ലാത്ത എവിടേക്കെങ്കിലും യാത്ര പോയാലോ എന്ന്. അങ്ങനെ പോവുകയാണെങ്കില്‍ സുരേഷിനെ ആരും ഫോണില്‍ വിളിക്കില്ലല്ലോ’- മേനക കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button