GeneralLatest NewsNEWS

ബിച്ചു തിരുമല: മാസ്മരിക രചനാസൗകുമാര്യത്തിന്റെ അനശ്വരത

മലയാളത്തിന്റെ പ്രിയപ്പെട്ട ​ഗാനരചയിതാവ് ബിച്ചു തിരുമല വിടപറഞ്ഞപ്പോൾ അനാഥമായത് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു വീണ അയ്യായിരത്തിലേറെ ഗാന മലരുകളാണ്. 1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി. ജി ഭാസ്‌ക്കരൻ നായരുടെയും മൂത്തമകനായി ജനിച്ച ബി.ശിവശങ്കരൻ ബിച്ചു തിരുമലയായി മാറിയതിന് പിന്നിൽ അദ്ദേഹത്തിന്റെ മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള ആയിരുന്നു. അറിയപ്പെടുന്ന പണ്ഡിതൻ കൂടിയായിരുന്ന മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി.

അഞ്ച് പതിറ്റാണ്ട് നീണ്ട പാട്ടെഴുത്തു കാലത്തിൽ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പ്രണയവും വിരഹവും സ്നേഹവവും ആനന്ദവും ഉത്സാഹവും ഉന്മാദവുമെല്ലാം നമ്മെ തേടിയെത്തി. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി തുടങ്ങി എ. ആര്‍. റഹ്‌മാന്‍ വരെയുള്ള സംഗീത പ്രതിഭകളോടൊപ്പം പ്രവര്‍ത്തിച്ച അസാമാന്യപ്രതിഭ ഒരുക്കിയ ഈണങ്ങളും സന്ദര്ഭങ്ങൾക്കനുസരിച്ചുള്ള സാഹിത്യവൈഭവവും കേള്‍വിക്കാരന്റെ മനസ്സിന്റെ അണിയറയില്‍ താളവും മേളവും പകര്‍ന്ന് ഏഴുസ്വരങ്ങള്‍ക്ക് അകമ്പടിയേകി.

ഈണങ്ങള്‍ക്കൊപ്പിച്ച് ഏതെങ്കിലും വാക്കുകള്‍ ചേർത്തൊപ്പിച്ച് വെറുമൊരു പാട്ട് സൃഷ്ടിക്കാതെ വ്യത്യസ്തവും സുന്ദരവുമായ പദങ്ങള്‍ ചേര്‍ത്ത് സന്ദര്‍ഭത്തിനനുസരിച്ച് അര്‍ഥവത്തായ പദങ്ങള്‍ മനോഹരമായി അടുക്കി വച്ച് ആസ്വാദകന്റെ ഹൃദയം കീഴടക്കുന്ന മായാജാലമായിരുന്നു ബിച്ചു തിരുമല എന്ന സാഹിത്യകാരന്‍. മലയാള സിനിമാഗാനശാഖയ്ക്ക് അതിമനോഹരമായ പദങ്ങള്‍ പരിചയപ്പെടുത്തിയ കവികളില്‍ പ്രധാനിയാണ് ബിച്ചു തിരുമല.

1972 ല്‍ ഭജഗോവിന്ദം എന്ന സിനിമയ്ക്കു വേണ്ടി പാട്ടെഴുതിയാണ് ബിച്ചു തിരുമല എന്ന ഗാനരചയിതാവിന്റെ കടന്നു വരവ്. ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ തുടങ്ങി സംഗീതപ്രമുഖര്‍ക്കൊപ്പം ബച്ചു തിരുമല പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.ടി. ഉമ്മറിനൊപ്പം പ്രവര്‍ത്തിച്ച 70 കളില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് നിരവധി മനോഹരഗാനങ്ങള്‍. എ.ആര്‍. റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഒരേയൊരു മലയാളസിനിമയായ യോദ്ധയ്ക്ക് വേണ്ടി പാട്ടുകളെഴുതിയതും അദ്ദേഹം തന്നെ.

നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലേറേ ഗാനങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നു വീണത് സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങള്‍. എഴുപതുകളിലും എണ്‍പതുകളിലും ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു (1981ൽ തൃഷ്ണ എന്ന ചിത്രത്തിലെ ‘ശ്രുതിയിൽനിന്നുയരും…’, തേനും വയമ്പും– ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…എന്നീ ഗാനങ്ങൾക്കും, 1991ൽ കടിഞ്ഞൂൽ കല്യാണം എന്ന ചിത്രത്തിലെ ‘പുലരി വിരിയും മുമ്പേ…’, ‘മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം…എന്നീ ഗാനങ്ങൾക്കും). കൂടാതെ സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യ പുരസ്കാരം തുടങ്ങിയവയ്ക്കും അദ്ദേഹം അർഹനായി.

ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകള‍െഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി. ഏറെ നാളത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ‘ശബരിമല ശ്രീധർമശാസ്താവ്’ എന്ന ചിത്രത്തിൽ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയിൽ എഴുതിയ കവിത ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ‘ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം…’ എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

നടൻ മധു സംവിധാനം ചെയ്ത ‘അക്കൽദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ ‘നീലാകാശവും മേഘങ്ങളും…’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്. ഫാസിൽ, ഐ.വി ശശി, സിബി മലയിൽ, സിദ്ധിഖ് ലാൽ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുതിയത് ബിച്ചു ആയിരുന്നു.

‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ…’ ബിച്ചുവിന്റെ എക്കാലത്തും സൂപ്പർഹിറ്റായ ഗാനങ്ങളിലൊന്നാണിത്. ‘ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ…’, ‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ….’, ‘രാവു പാതി പോയ് മകനേ ഉറങ്ങു നീ…’, ‘കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ…’, ‘കണ്ണോടു കണ്ണോരം നീ കണിമലരല്ലേ…’, ‘എൻപൂവേ പൊൻപൂവേ ആരീരാരം പൂവേ…’ തുടങ്ങി മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ചത് ബിച്ചു തിരുമലയാണ്.

ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ആദ്യകാല കാർട്ടൂൺ പരമ്പരകളിൽ ഒന്നായ ‘ജംഗിൾബുക്കി’ൽ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ച ‘ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ…’ എന്ന അവതരണ ഗാനം മോഹൻ സിത്താര ഈണമിട്ട് ബിച്ചു എഴുതിയതാണ്. ‘പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി…’ എന്ന കുസൃതി ഒളിപ്പിച്ച വരികളും, ‘ആളൊരുങ്ങി അരങ്ങൊരുങ്ങീ….’, ‘ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ….’, ‘തത്തപ്പെണ്ണേ തഞ്ചത്തിൽ വാ….’, ‘കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ….’, ‘എട്ടപ്പം ചുടണം ചുട്ടപ്പം വരണം….’, ‘ചെപ്പടിക്കാരനല്ലാ അല്ലല്ലാ….’, ‘കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മൈനേ….’ തുടങ്ങിയ കുട്ടിപ്പാട്ടുകളും അദ്ദേഹത്തിന്റെ സംഭാവനയാണ്.

സമയ രഥങ്ങളിലൂടെ മറുകര തേടിയ, കണ്ണ് കണ്ണും തമ്മിൽ പ്രണയം കൈമാറുന്ന അനുഭൂതി നമ്മെ അറിയിച്ച, വീണയിലുയരുന്ന അനുപല്ലവിയായി കാമനകളെയുണർത്തിയ, നീലജലാശയത്തിൽ നീർപ്പോളകളുടെ നൊമ്പരമേറ്റ നീലത്താമരകൾ വിരിയിച്ച, വാഴപ്പൂങ്കിളികളെ ഒരു പിടി നാര് കൊണ്ട് കൂടുകള്‍ മെനയിച്ച, കണ്ണാം തുമ്പിയെ കൂടെ പോരാന്‍ വിളിച്ച മധുരക്കിനാവിന്റെ ലഹരിയില്‍ നമ്മെ ആറാടിച്ച, ഒരായിരം കളിത്തുമ്പികളെ മിഴിക്കുമ്പിളിലൊളിപ്പിച്ച, പീലിക്കൂട നിവര്‍ത്തി ആലിപ്പഴം പെറുക്കാന്‍ ക്ഷണിച്ച, കൊഞ്ചിക്കരയല്ലേ മിഴികള്‍ നനയല്ലേ എന്ന് നമ്മോട് പറഞ്ഞ, പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി വിടര്‍ത്തിയ, പാല്‍നിലാവിനും ഒരു നൊമ്പരമുണ്ടെന്ന് നമ്മെ ഓര്‍മിപ്പിച്ച, മഞ്ചാടിക്കുന്നില്‍ മണിമുകിലുകളെ കൊണ്ട് പീലിവീശിയാടിച്ച, ആ മാസ്മരിക രചനാസൗകുമാര്യത്തിന് ഒരിക്കലും വിസ്മൃതിയിലേക്ക് മറയാനാവില്ല.

shortlink

Related Articles

Post Your Comments


Back to top button