GeneralLatest NewsNEWS

ഏഴാം കടലിനപ്പുറത്തെ അദ്ഭുത കഥയുമായി ‘ബിയോൺ ദി സെവൻ സീസ്’

യു എ യിലെ ഇരുപത്താറ് ഡോക്ടർമാർ അണിനിരന്ന ‘ബിയോൺ ദി സെവൻ സീസ്’ എന്ന ചിത്രം അറേബ്യൻ വേൾഡ് ഗിന്നസ് അവാർഡ് നേടി ശ്രദ്ധേയമായിരിക്കുന്നു. സിനിമയുടെ നിർമ്മാണം മുതൽ, അഭിനയം വരെയുള്ള മേഖലകളിൽ യു.എ.യിലെ ഡോക്ടർമാർ പങ്കെടുത്തത് വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ്. ഓൾ സ്മൈൽസ് ഡ്രീം മൂവീസിനു വേണ്ടി ഡോ. ടൈറ്റസ് പീറ്റർ നിർമ്മിക്കുന്ന ഈ ചിത്രം പ്രതീഷ് ഉത്തമൻ, ഡോ.സ്മൈലി ടൈറ്റസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. ചിത്രീകരണം ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിലായി പൂർത്തിയായി.

ദുബൈയിലെ മലയാളിയായ ജോയ് എന്ന പതിനഞ്ചുകാരൻ്റേയും, കുടുംബത്തിൻ്റേയും കഥ പറയുകയാണ് ഈ ചിത്രം. ദുബൈയിലെ ഒരു ബിസ്സിനസുകാരൻ്റെ മകനാണ് ജോയ് (പീറ്റർ ടൈറ്റസ്) അമ്മ മരിച്ചതോടെ ഒറ്റപ്പെട്ട ജോയിയെ, അമ്മയുടെ മരണത്തിന് ഉത്തരവാദി നീയാണന്ന് പറഞ്ഞ് ചേച്ചി ഉപദ്രവിക്കും. രണ്ടാനമ്മയ്ക്ക് ജോയിയെ ഇഷ്ടമാണെങ്കിലും, അവന് താൽപര്യമില്ല. ഒരു ദിവസം ജോയിയും കുടുംബവും അമ്മയുടെ ഓർമ്മ ദിവസത്തിൽ പങ്കെടുവാൻ നാട്ടിലെത്തി. അവിടെ ഒരു പൊളിഞ്ഞു കിടന്ന കെട്ടിടത്തിൽ നിന്ന് ഒരു ബുക്ക് കിട്ടി. ആ ബുക്കുമായി ജോയ് വീട്ടിലെത്തി. ബുക്കിനെ കുറിച്ച് റിസർച്ച് നടത്തി. അന്ന് ഉറക്കത്തിൽ സ്വപ്നത്തിൽ ഒരു പ്രേത രൂപം പ്രത്യക്ഷപ്പെട്ട്, ബുക്ക് എടുത്തതോടെ നീ ബുക്കിനടിമയാണെന്നും, ഇനി ബുക്ക് പറയുന്നതു പോലെ അനുസരിയ്ക്കണമെന്നും, ഇല്ലങ്കിൽ കുടുംബത്തിൽ അനർത്ഥങ്ങൾ ഉണ്ടാകുമെന്നും അറിയിച്ചു. ഈ സംഭവത്തോടെ ജോയിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. അവൻ ഒരു ദ്വീപിൽ എത്തിച്ചേർന്നു. അവിടെ അവന് വലിയ പരീക്ഷണങ്ങളെയാണ് നേരിടേണ്ടി വന്നത്.

വ്യത്യസ്തമായൊരു കഥയും അവതരണവുമാണ് ഈ ചിത്രം കാഴ്ചവെക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിനു ശേഷം കുട്ടികൾ അണിനിരക്കുന്ന വ്യത്യസ്തമായൊരു ഫാൻ്റസി ത്രില്ലർ ചിത്രമാണിത്. ഡോ. ഉണ്ണികൃഷ്ണവർമ്മ രചിച്ച്, ഡോ.വിമൽ കുമാർ കാളി പുറയത്ത് ഈണമിട്ട്, വിജയ് യേശുദാസ്, സിത്താര, ഡോ.ബിനീത, ഡോ.വിമൽ, ഡോ. നിത എന്നിവർ ആലപിച്ച അഞ്ചു മികച്ച ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ ഒരു പ്രത്യേകതയാണ്.

കഥ, തിരക്കഥ – റോയ് തോമസ്, ഡോ. സ്മൈലി ടൈറ്റസ്, ക്യാമറ – ഷിനൂപ് ടി ചാക്കോ, എഡിറ്റർ – അഖിൽ ഏലിയാസ്, ഗാനരചന – ഡോ ഉണ്ണികൃഷ്ണ വർമ്മ, സംഗീതം – ഡോ. വിമൽ കുമാർ കാളി പുറയത്ത്, ആലാപനം – വിജയ് യേശുദാസ്, സിത്താര, ഡോ.ബിനീത, ഡോ.വിമൽ, ഡോ. നിത, കല – കിരൺ അച്ചുതൻ, പ്രൊഡക്ഷൻ കൺട്രോളർ – റോയ് തോമസ്, റിക്സി രാജീവ് ചാക്കോ, കോസ്റ്റ്യൂംസ് – സൂര്യ രവീന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ – ബസ്റ്റിൻ കുര്യാക്കോസ്.

പീറ്റർ ടൈറ്റസ്, ഡോ. പ്രശാന്ത് നായർ, കിരൺ അരവിന്ദാക്ഷൻ, ഡോ. സുധീന്ദ്രൻ, സിനോജ് വർഗീസ്, വേദ ബൈജു, ഡോ. ഹൃദയ, ആതിര പട്ടേൽ, ഡോ.ഗൗരി ഗോപൻ, സാവിത്രി ശ്രീധരൻ എന്നിവർ അഭിനയിക്കുന്നു .

പി.ആർ.ഒ – അയ്മനം സാജൻ

shortlink

Post Your Comments


Back to top button