GeneralLatest NewsNEWS

നടനും സംവിധായകനും ഓസ്‌കര്‍ പുരസ്‌കാര ജേതാവുമായ സിഡ്‌നി പോയിറ്റിയര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കര്‍ പുരസ്‌കാര ജേതാവുമായ സിഡ്‌നി പോയിറ്റിയര്‍ (94) അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലെ വസതിയിലായിരുന്നു അന്ത്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ വംശവിവേചനം നടമാടിയിരുന്ന 1950കളിലും 60കളിലും മികച്ച വേഷങ്ങളിലൂടെ ജനപ്രീതി നേടിയ അഭിനേതാവാണ് അദ്ദേഹം. 1958 ലെ ‘ദി ഡിഫിയന്റ് വണ്‍സ്’ എന്ന ചിത്രത്തിലൂടെ ബ്രിട്ടീഷ് അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ കറുത്ത വര്‍ഗക്കാരനായിരുന്നു സിഡ്‌നി. ആറ് വര്‍ഷത്തിന് ശേഷം 1964ല്‍ ‘ലിലീസ് ഓഫ് ദി ഫീല്‍ഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ഓസ്‌കറും നേടി. ഈ അവാര്‍ഡ് നേടുന്ന ആദ്യത്തെ കറുത്തവര്‍ഗക്കാരനാണ് പോയിറ്റിയര്‍.

അമേരിക്കയില്‍ വംശവിവേചനം നടമാടിയിരുന്ന കാലത്ത് അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ സ്റ്റീരിയോടൈപ്പുകളെ പരിഹസിക്കുന്നതായിരുന്നു. മിനിസ്‌ക്രീനില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല, യുഎസ് സുപ്രിംകോടതിയിലെ ആദ്യത്തെ കറുത്തവര്‍ഗക്കാരനായ ജസ്റ്റിസ് തുര്‍ഗുഡ് മാര്‍ഷല്‍ തുടങ്ങിയവരെ അവതരിപ്പിച്ചു.

1963ലെ മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് 1974ല്‍ ബ്രിട്ടനില്‍നിന്ന് ലഭിച്ച ‘നൈറ്റ് കമാന്‍ഡര്‍ ഓഫ് ദ ഓര്‍ഡര്‍’, 1992ലെ ‘ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ്’ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2009ല്‍ ബരാക് ഒബാമ അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ യുഎസ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button