Latest NewsMollywoodMovie ReviewsNEWSWOODs

ഈ ‘ചേട്ടച്ഛൻ’ നിരാശപ്പെടുത്തുമ്പോൾ !!

കാറ്റാടി കുടുംബത്തിലെ ജോണിന്റെ വേഷം വെറും ഒരു കെട്ടുകാഴ്ച മാത്രമായിപ്പോയി.

പൃഥിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ രണ്ടാമത്തെ ചിത്രം ബ്രോ ഡാഡി ഒടിടിയിലൂടെ റിലീസായിരിക്കുകയാണ്. ലൂസിഫറിന് ശേഷം മോഹൻലാലും പൃഥിയും ഒന്നിക്കുന്ന ചിത്രത്തിൽ അച്ഛൻ മകൻ വേഷത്തിലാണ് ഇരുവരും എത്തുന്നത്. 2 മണിക്കൂർ 39 മിനുട്ട് ദൈർഘ്യമേറിയ ചിത്രം പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ ചിത്രമായി ഒതുങ്ങിപ്പോയി.

അഡ്വെർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന ഈശോ ജോൺ കാറ്റാടിയുടെ അമ്മ അന്നമ്മയും (മീന) വ്യവസായിയായ അച്ഛൻ ജോൺ കാറ്റാടിയും ഈ പ്രായത്തിൽ രണ്ടാമതൊരു കുഞ്ഞിന്റെ മാതാപിതാക്കളാവാൻ പോകുന്നു. അതിവിടെ വലിയൊരു വിഷയമായി മാറുന്നില്ല. വർഷങ്ങളായി സൗഹൃദത്തിലുള്ള കുടുംബങ്ങളിലേ അംഗങ്ങളാണ് കുര്യനും ജോണും. കുര്യന്റെ മകൾ അന്ന ഈശോയ്‌ക്കൊപ്പം നാലു വർഷത്തോളമായി  ലിവിങ് ടു ഗെദർ ബന്ധത്തിലാണ്. ഈശോയുടെ പങ്കാളിയായ അന്നയും ഗർഭിണിയാകുന്നതോടെ ഉണ്ടാകുന്ന പൊല്ലാപ്പുകളും രസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

read also: ‘സമാനതകളില്ലാത്ത സന്തോഷത്തിനും സ്നേഹത്തിനുമായി തയ്യാറാകൂ’: പ്രിയങ്കയ്ക്കും നിക്കിനും അഭിനന്ദനങ്ങളുമായി അനുഷ്ക ശര്‍മ

‘ബ്രോ ഡാഡി’, അഥവാ ‘ചേട്ടച്ഛൻ’ എന്ന് നമുക്ക് പേര് മലയാളീകരിച്ചാൽ ചിത്രത്തിന്റെ പ്രമേയത്തിലെ ചില പഴമകൾ കണ്ടെത്താം. 24 വർഷങ്ങൾക്ക് മുൻപ് ഇതേ പേര് മലയാളിയെ പരിചയപ്പെടുത്തിയ മോഹൻലാൽ ചിത്രമാണ് പവിത്രം. വാർധക്യകാലത്ത് ‘അമ്മ’ ഗർഭിണിയാകുന്നതും അമ്മയുടെ മരണത്തെ തുടർന്ന് കുഞ്ഞിന്റെ അച്ഛനും ചേട്ടനുമായി മാറുന്ന ചേട്ടച്ഛനെ മനോഹരമായി അവതരിപ്പിച്ചു മലയാളികളുടെ മനസ്സിൽ ഇടം നേടിയ മോഹൻലാൽ, കാറ്റാടി കുടുംബത്തിലെ ജോണിന്റെ വേഷം വെറും ഒരു കെട്ടുകാഴ്ച മാത്രമായിപ്പോയി.

നന്നേ ചെറുപ്പത്തിൽ വിവാഹിതരായി, ഒരു മകന്റെ അച്ഛനും അമ്മയുമായ ജോണും അന്നമ്മയും തന്റെ മൂത്ത സഹോദരങ്ങളാണോ എന്ന ചോദ്യം കുട്ടിക്കാലം മുതലേ കേട്ടുവളർന്നയാളാണ് ഈശോ. ഒരു പേരുവിളിച്ചാൽ ഒന്നിച്ചു വിളികേൾക്കുന്ന, അന്നമ്മയും അന്നയും. അന്നയുടെ പിതാവ് കുര്യൻ മാളിയേക്കലായി ലാലു അലക്സ്, അമ്മ എൽസി കുര്യനായി കനിഹ എന്നിവർ എത്തുന്ന ചിത്രം ചെറിയ ഒരു ഇടത്തെയാണ് അവതരിപ്പിക്കുന്നത്. ജോണിന്റെയും കുര്യന്റെയും പൊതു സുഹൃത്തായ ഡോക്ടർ സാമുവലായി ജഗദീഷും വേഷമിടുന്നുണ്ട്. ഇവർക്കൊപ്പം കോമഡി വേഷങ്ങൾ നന്നായി ഇണങ്ങുന്ന സൗബിൻ ഷാഹിർ ഇവന്റ് മാനേജർ ഹാപ്പി പിന്റോയായും പുരോഹിതൻ ഫാദർ എഡ്‌വേഡ്‌ ആയി ജാഫർ ഇടുക്കിയും, സാമുവൽ ഡോക്‌ടറുടെ മരുമകനായ സിറിൽ ആയി ഉണ്ണി മുകുന്ദനും, നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരും ചിത്രത്തെ കളറാക്കാൻ എത്തുന്നുണ്ട്.

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ രണ്ടരമണിക്കൂർ പറയാൻ മാത്രം ഒന്നുമില്ലാത്ത ഒരു ചിത്രം. ഈ ചിത്രത്തിൽ നിലപാടുള്ള ഒരു കഥാപാത്രമാണ് ഉള്ളത് . അത് ജഗദീഷിന്റെ ഡോക്ടർ സാമുവൽ മാത്രമാണ്. പിന്നെ ലാലു അലക്സിന്റെ മാളിയേക്കൽ കുര്യനും. അഞ്ചുവർഷക്കാലം പ്രേമിക്കുകയും കല്യാണം ആലോചിച്ചു വീട്ടിൽ ചെന്നപ്പോൾ അധിക്ഷേപിച്ചു വിടുകയും ചെയ്തിട്ടും അന്ന ഇന്നും ഒരു ഇഷ്ടമായി ഉള്ളിൽ കൊണ്ട് നടക്കുന്ന കുര്യൻ. തന്റെ മകൾക്കും ആ പേര് തന്നെ കൊടുത്ത നിർവൃതി അടയുന്നു.

വാൽകഷ്ണം : അടുത്തിടെ ഇറങ്ങിയ ഒമർ ലുലുവിന്റെ   ധമക്ക എന്ന ചിത്രവും ഇതേ കഥ തന്നെയാണ് പങ്കുവച്ചത്. അന്ന് ഭൂലോകത്ത് നടക്കാത്ത കഥയുമായി എത്തിയെന്നു പറഞ്ഞ് ഒമർലുലുവിനെ ട്രോളിയവർ ഇന്ന് എവിടെ പോയോ

രശ്മി അനിൽ

shortlink

Related Articles

Post Your Comments


Back to top button