InterviewsLatest NewsNEWS

എന്റെ വീട്ടുകാർ ആദ്യമായി ഒരു ഫിലിം സ്റ്റാറുമായി സംസാരിച്ചത് ചാക്കോച്ചനുമായിട്ടാണ്: ഷൈന്‍ ടോം ചാക്കോ

അസിസ്റ്റന്റ് ഡയറക്ടറായി ഏറെക്കാലം ക്യാമറയ്ക്ക് പിന്നില്‍ നിന്ന ശേഷം വലുതും ചെറുതമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ഒരിരിപ്പിടം നേടിയെടുത്ത താരമാണ് ഷൈന്‍ ടോം ചാക്കോ. സ്വാഭാവികമായ അഭിനയരീതിയിലൂടെ ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഒരു സാന്നിധ്യമായി മാറിയിരിക്കുകയാണ് ഷൈന്‍. അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് കുഞ്ചാക്കോ ബോബനേയും ആസിഫ് അലിയേയും ആദ്യമായി കണ്ടുമുട്ടിയ അനുഭവം പങ്കുവയ്ക്കുകയാണ് ഷൈന്‍ ടോം ചാക്കോ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍.

ഷൈനിന്റെ വാക്കുകൾ :

ചാക്കോച്ചന്റെ കൂടെ ആദ്യമായി താന്‍ വര്‍ക്ക് ചെയ്യുന്നത് സ്വപ്‌നക്കൂട് എന്ന ചിത്രത്തിലാണ്. എന്നാല്‍ ചാക്കോച്ചനെ ആദ്യമായി കാണുന്നത് നമ്മള്‍ എന്ന തന്റെ ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ്. നമ്മള്‍ സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് ചാക്കോച്ചന്‍ ലൊക്കേഷനില്‍ എത്തിയിരുന്നു. തൃശൂര്‍ വഴി പോയപ്പോള്‍ കമല്‍ സാറിനെ കാണാന്‍ വന്നതാണ്. അന്നാണ് ആദ്യമായി ചാക്കോച്ചനെ നേരിട്ട് കാണുന്നത്. അതുകഴിഞ്ഞ് എന്റെ അടുത്ത മൂവി സ്വപ്‌നക്കൂടില്‍ ചാക്കോച്ചനുമായി ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പറ്റി. അന്ന് ഞാന്‍ ചാക്കോച്ചന്റെ മൊബൈല്‍ നമ്പര്‍ നൈസായിട്ട് സംഘടിപ്പിച്ചു. അന്ന് മൊബൈലൊന്നും അത്ര പോപ്പുലറല്ല. പക്ഷേ ചാക്കോച്ചന്റെ കൈയില്‍ ഫോണുണ്ട്.

അങ്ങനെ ഞാന്‍ വീട്ടിലെത്തിയ ശേഷം ചാക്കോച്ചനെ വിളിച്ചു. പടം റിലീസായ സമയത്താണ് വിളിച്ചത്. ‘ഞാന്‍ ഷൈന്‍ ടോം ആണ്, കമല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന എന്നൊക്കെ പറഞ്ഞ് സംസാരിച്ചുതുടങ്ങി. ആ എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്നൊക്കെ അദ്ദേഹം ചോദിച്ചു. പിന്നെ ഞാന്‍ ഫോണ്‍ അമ്മയ്ക്കും വീട്ടുകാര്‍ക്കുമൊക്കെ കൊടുത്തു. ഞാന്‍ ഫിലിമില്‍ വര്‍ക്ക് ചെയ്യാന്‍ പോയ ശേഷം അവര്‍ ആദ്യമായി ഒരു ഫിലിം സ്റ്റാറുമായി സംസാരിച്ചത് ചാക്കോച്ചനുമായിട്ടാണ്, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

അതുപോലെ ആസിഫ് അലിയെ ആദ്യമായി കാണുന്നത് ട്രാഫിക്കിന്റെ ലൊക്കേഷനില്‍ വെച്ചാണ്. അന്ന് ആസിഫും അത്ര പോപ്പുലറായിരുന്നില്ല. ഞങ്ങളെ സംബന്ധിച്ച് അദ്ദേഹം പുതിയ ആളായിരുന്നു. ആസിഫിന്റെ വളര്‍ച്ച നമ്മള്‍ പിന്നീട് കണ്ടു. ആസിഫിന്റെ ലേബലില്‍ സിനിമ വന്നുതുടങ്ങിയ സമയത്ത് പകിടയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. അതില്‍ എന്റേതും നല്ല കഥാപാത്രമായിരുന്നു.

അതിന് ശേഷം പിന്നീട് വന്നത് കെട്ട്യോളാണെന്റെ മാലാഖയാണ്. ഉണ്ട റിലീസ് ആയ ദിവസമാണ് ഞാന്‍ അതില്‍ അഭിനയിക്കാന്‍ പോയത്. ലൊക്കേഷനില്‍ വെച്ച് ആസിഫിനെ കണ്ടു, എന്നെ ചേര്‍ത്ത് പിടിച്ച് അദ്ദേഹം സന്തോഷം പങ്കുവെച്ചു. അതുപോലെ ഉണ്ടയുടെ സെലിബ്രേഷന്റെ ഭാഗമായി കേക്കൊക്കെ കട്ട് ചെയ്താണ് അന്ന് പിരിഞ്ഞത്.

 

 

shortlink

Related Articles

Post Your Comments


Back to top button