CinemaGeneralLatest NewsNEWS

‘കമല്‍ഹാസനും മോഹൻലാലും ഒരു സ്ത്രീയുമായി അഭിനയിക്കുമ്പോഴുള്ള ഈസിനസ് മമ്മൂട്ടിയില്‍ കാണാനാവില്ല’: ഷൈൻ ടോം ചാക്കോ

മമ്മൂട്ടിക്ക് മോഹന്‍ലാലിന്റെ അത്ര ഈസിനസ് ഇല്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ലാലേട്ടനിലും കമലഹാസനിലുമുള്ള ഒഴുക്ക് മമ്മൂട്ടിയില്‍ കാണാനാവില്ലെന്നും എന്നാല്‍ മമ്മൂക്ക മോഹന്‍ലാലുമായി ഇപ്പോഴും മത്സരിച്ച് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് എന്നും ഷൈൻ ടോം പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ഷൈൻ ടോം.

‘കുട്ടിയായിരുന്ന സമയത്ത് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. ലാലേട്ടന്റെ കഥാപാത്രങ്ങള്‍ വളരെ ഊര്‍ജസ്വലനായിരുന്നു. മമ്മൂക്ക വളരെ സീരിയസ് ആയ കഥാപാത്രങ്ങളാണ് ആ സമയത്ത് ചെയ്തുകൊണ്ടിരുന്നത്. പിന്നീട് മമ്മൂക്കയോട് ഇഷ്ടം തോന്നി തുടങ്ങുന്നത് ന്യൂഡല്‍ഹി, നായര്‍ സാബ്, കിങ് സമയത്താണ്. ഞാനന്ന് ഒന്‍പതാം ക്ലാസിലൊക്കെ ആയി. പിന്നെ കമല്‍ഹാസനാണ്. മലയാളം കൂടാതെ കണ്ടിട്ടുള്ളത് കമല്‍ഹാസന്റെ സിനിമകളാണ്.

മലയാളികള്‍ക്ക് നടന്മാരെ ആണ് വേണ്ടത്, താരങ്ങളെ അല്ല. ലാലേട്ടന്‍ ഹാര്‍മോണിയം വായിക്കുന്നതു കണ്ടാല്‍ ഹാര്‍മോണിയം വായിക്കുന്ന ആളെപ്പോലെ ഇരിക്കില്ലേ? എന്നാല്‍ മമ്മൂക്ക വയലിന്‍ പിടിക്കുന്നതു കണ്ടാല്‍ വയലിന്‍ വായിക്കാന്‍ അറിയില്ലെന്ന് മനസിലാകും. അതുപോലെ താളവട്ടത്തില്‍ ലിസി ഗിറ്റാര്‍ പിടിക്കുന്നതു കണ്ടാല്‍ അറിയില്ലേ ആദ്യമായാണ് ഗിറ്റാര്‍ തൊടുന്നത് എന്ന്. അതുപോലെ ബൈക്ക് ഓടിക്കുമ്പോഴാണെങ്കിലും കാര്‍ ഓടിക്കുമ്പോഴാണെങ്കിലും ഒരു പെണ്‍കുട്ടിയുടെ അടുത്ത് നിന്ന് വര്‍ത്തമാനം പറയുകയാണെങ്കിലും ലാലേട്ടനിലും കമലഹാസനിലുമുള്ള ഒഴുക്ക് മമ്മൂട്ടിയില്‍ കാണാനാവില്ല.

കമല്‍ഹാസന്‍ ഒരു സ്ത്രീയുമായി അഭിനയിക്കുമ്പോഴുള്ള ഈസിനസ് മറ്റ് നടന്മാരില്‍ കാണാനാവില്ല. മോഹന്‍ലാല്‍ സ്ത്രീകളുമായി അഭിനയിക്കുമ്പോഴുള്ള ഈസിനസ് മമ്മൂട്ടിയില്‍ കാണാനാവില്ല. പക്ഷേ ആ ഈസിനസ് അല്ല നല്ല നടന്മാരെയുണ്ടാക്കുന്നത്. മമ്മൂക്ക മോഹന്‍ലാലുമായി മത്സരിച്ച് മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്, കഥാപാത്രത്തിന്റെ ബലത്തില്‍. മമ്മൂക്ക ഡാന്‍സ് കളിക്കും. പക്ഷേ ഈസിയായി വരില്ല. ഡാന്‍സ് കളിച്ചതുകൊണ്ട് നല്ല നടനാവില്ലല്ലോ. മമ്മൂക്കയല്ലേ ഇപ്പോള്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നത്. എല്ലാം വഴങ്ങുമ്പോള്‍ അയാള്‍ നടനേക്കാള്‍ അപ്പുറം താരമായി മാറും. സ്റ്റാറായാല്‍ എല്ലാ സിനിമയിലും സ്റ്റാറായിട്ടല്ലേ നില്‍ക്കാനാവൂ’, ഷൈൻ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button