InterviewsLatest NewsNEWS

സ്ത്രീകളായതിനാൽ പരസ്പരം മനസിലാക്കാന്‍ എളുപ്പമാണ്, ഒരു കുഞ്ഞിനെ വേണമെന്ന് തോന്നിയാൽ ദത്തെടുക്കും: അപര്‍ണ മള്‍ബറി

ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് പ്രശ്നമല്ലെന്നും, വിവാഹം എന്നത് തങ്ങള്‍ രണ്ടാളുടേയും താല്‍പര്യമായിരുന്നു എന്നും അപര്‍ണ മള്‍ബറി. സോഷ്യല്‍ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന, മലയാളികളെ പോലും ഞെട്ടിക്കുന്ന മലയാളം പറയുന്ന അപര്‍ണയെ കൂടുതൽ ആളുകൾ അറിഞ്ഞത് ബിഗ് ബോസ് ഷോയിൽ പങ്കെടുത്തപ്പോളാണ് . ഇതോടെ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ പങ്കെടുത്ത അപർണ്ണയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സ്വവര്‍ഗാനുരാഗിയായ അപര്‍ണ തന്റെ പ്രണയ കഥ വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കാര്‍ഡിയോളജിസ്റ്റായ അമൃത ശ്രീയാണ് അപര്‍ണയുടെ മനസ് കവര്‍ന്നത്. അമൃത ശ്രീ ഫ്രാന്‍സിലാണ് ജോലി ചെയ്യുന്നത്. അവളെന്റെ ഹൃദയം അടിച്ചു മാറ്റിയെന്ന് മലയാളി ശൈലിയില്‍ പറയുന്നുണ്ട് അപര്‍ണ.

അപർണ്ണയുടെ വാക്കുകൾ :

വിവാഹത്തിന്റെ ചടങ്ങുകളെല്ലാം സ്പെയിനിലായിരുന്നു. ഇന്ത്യന്‍ സ്‌റ്റൈലിലായിരുന്നു ഞങ്ങളുടെ വിവാഹം. നിലവിളക്കൊക്കെയുണ്ടായിരുന്നു. വിവാഹം എന്നത് ഞങ്ങൾ രണ്ടാളുടേയും താല്‍പര്യമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് പ്രശ്നമല്ല. ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വവര്‍ഗ പ്രണയവും വിവാഹമൊന്നും സമൂഹത്തിന്റെ കണ്ണില്‍ ഇപ്പോഴും സ്വഭാവികമായ ഒന്നായി മാറിയിട്ടില്ല. ഇന്നും പലരും തെറ്റായ കാഴ്ചപ്പാടുകളോടെയാണ് സ്വവര്‍ഗാനുരാഗികളെ കാണുന്നത്. അതിനാല്‍ വേണ്ട വിദ്യാഭ്യാസം കൊടുത്തില്ലെങ്കില്‍ പേടിക്കേണ്ട കാര്യമാണ് ഇങ്ങനെയുള്ള വിവാഹം.

അതുകൊണ്ട് തന്നെ ആദ്യമൊക്കെ എല്ലാരോടും പറയാന്‍ പേടിയായിരുന്നു. എന്നാല്‍ എന്നെപ്പോലെ കുറേപേരുണ്ടാവും, അവരെയൊക്കെ സഹായിക്കാമല്ലോയെന്ന് കരുതിയാണ് സോഷ്യല്‍മീഡിയയിലൂടെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചതോടെ ഒരുപാട് മെസേജുകളാണ് വന്നത്. നിങ്ങളെപ്പോലൊരു റോള്‍ മോഡല്‍ ഇപ്പോഴാണ് ഞങ്ങള്‍ക്ക് വന്നതെന്നൊക്കെയായിരുന്നു കമന്റുകള്‍.

3 വര്‍ഷത്തെ പ്രണയമായിരുന്നു തങ്ങളുടേത്. യുഎസില്‍ വെച്ചാണ് അമൃത ശ്രീയെ കണ്ടുമുട്ടിയത്. അമ്മയുടെ ഒരു പരിപാടിക്ക് പോയതായിരുന്നു താൻ. അപ്പോഴാണ് അമൃതശ്രീയെ കാണുന്നത്. ഞാനാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞത്. അവള്‍ക്കൊരു നാണമുണ്ടായിരുന്നു. പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നത് ശരിയാവുമോയെന്നൊക്കെയായിരിക്കാം അവള്‍ ചിന്തിച്ചിട്ടുണ്ടാവുക. പോയിട്ട് വരാമെന്നായിരുന്നു അവളുടെ മറുപടി. അയ്യോ ഇത് പറയേണ്ടിയിരുന്നില്ല എന്നൊക്കെയായിരുന്നു എനിക്ക് തോന്നിയത്. പിന്നീടാണ് അവളെന്നോട് സമ്മതം പറഞ്ഞത്.

സ്ത്രീയായതിനാല്‍ ഇരുവര്‍ക്കും പരസ്പരം മനസിലാക്കാന്‍ എളുപ്പമാണ്. ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങളൊന്നുമില്ല. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് ഞങ്ങളുടേത്. ഒരു കുഞ്ഞിനെ വേണമെന്ന് തോന്നുന്ന ഘട്ടത്തില്‍ ദത്തെടുക്കാനാണ് തീരുമാനം. അതിനെക്കുറിച്ചൊക്കെ ഞങ്ങൾ ചിന്തിച്ചിട്ടുണ്ട്. സമയമാകുമ്പോള്‍ നടക്കും.

 

shortlink

Post Your Comments


Back to top button