InterviewsLatest NewsNEWS

മലയാളം എഴുതാനും വായിക്കാനും കൃത്യമായി അറിയാതിരുന്ന താൻ പ്രണയലേഖനം എഴുതിയാണ് മലയാളം പഠിച്ചത്: ഇന്ദുലേഖ

കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു തന്റെ പ്രണയമെന്നും, കേന്ദ്ര വിദ്യാലയത്തില്‍ പഠിച്ചത് കൊണ്ട് മലയാളം എഴുതാനും വായിക്കാനും കൃത്യമായി അറിയാതിരുന്ന താൻ പ്രണയലേഖനം എഴുതിയാണ് മലയാളം പഠിച്ചത് എന്നും നടി ഇന്ദുലേഖ. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് ഭര്‍ത്താവ് പോറ്റിയെ കുറിച്ചും അദ്ദേഹവുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും, വീട്ടുകാര്‍ അറിയാതെ ഒളിച്ചോടി വിവാഹം കഴിച്ചതിനെ പറ്റിയുമെല്ലാം ഇന്ദുലേഖ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ദുലേഖയുടെ വാക്കുകൾ :

കോളേജില്‍ പഠിക്കുന്ന കാലത്താണ് പോറ്റിയുമായുള്ള (ശങ്കര്‍ കൃഷ്ണ) തന്റെ പ്രണയം. അന്ന് ഇരുപത് വയസ്സാണ് തന്റെ പ്രായം. കേന്ദ്ര വിദ്യാലയത്തില്‍ പഠിച്ചത് കൊണ്ട് തനിക്ക് മലയാളം എഴുതാനും വായിക്കാനും കൃത്യമായി അറിയില്ലായിരുന്നു. എന്നാല്‍ പോറ്റിയോടുള്ള പ്രണയം കത്തുകളിലൂടെ ആയതിനാല്‍ ഭാഷ പഠിക്കാതെ നിവൃത്തിയില്ലതായി. അന്ന് ആ പ്രണയ ലേഖനം എഴുതി മലയാളം പഠിച്ചത് കൊണ്ട് ഇന്ന് തിരക്കഥ എഴുത്തില്‍ മുന്നിലാണ്.

പോറ്റിയുമായുള്ള പ്രണയം വീട്ടില്‍ സമ്മതിക്കില്ലെന്ന് അറിഞ്ഞത് കൊണ്ട് ആദ്യം ആരും അറിയാതെ രഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി. ഡാന്‍സ് കോളേജില്‍ പോകുകയാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങി, വൈകുന്നേരം കോളേജ് വിട്ട് വരുന്നത് പോലെ തന്നെ വീട്ടില്‍ തിരിച്ചെത്തി. മൂന്ന് മാസത്തോളം ആ വിവാഹം ആരെയും അറിയിക്കാതെ കൊണ്ടു പോയി. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഡാന്‍സ് ക്ലാസില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി പോറ്റിക്കൊപ്പം പോയത്

അദ്ദേഹത്തിന്റെ വീട്ടില്‍ വിവാഹത്തിന് എല്ലാവര്‍ക്കും സമ്മതമായിരുന്നു. അമ്പലത്തില്‍ പോയി താലി കെട്ടി വീട്ടില്‍ എത്തിയ ശേഷമാണ് അമ്മയോടും പറഞ്ഞത്. അന്ന് താലി എന്ന സീരിയലില്‍ അഭിനയിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ ഷൂട്ടിങിന് പോവും. ഇതിനിടയില്‍ തന്റെ അമ്മയും ചേട്ടനും വന്ന് സംസാരിച്ച് എല്ലാം കോംപ്രമൈസ് ആക്കുകയായിരുന്നു. അവിടെ നിന്നാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിച്ചതെന്ന്.

 

shortlink

Post Your Comments


Back to top button