‘ലജ്ജാവതിയേ നിൻ്റെ കള്ളക്കടക്കണ്ണിൽ’ ‘അന്നക്കിളി നീയെന്നിൽ വർണ്ണക്കന വേറി വന്നു..’, ‘നിൻ്റെ മിഴിമുന കൊണ്ടെൻ നെഞ്ചിലൊരു ബെല്ലേ ബെല്ലേ..’ തുടങ്ങിയ ഗാനങ്ങൾ ഏറ്റുപാടാത്ത മലയാളികൾ ഉണ്ടാകില്ല.
പുതിയൊരു ചലച്ചിത്ര ഗാന സംസ്കാരം ,പുതിയൊരു ചലച്ചിത്രാവതരണ രീതി ഉൾപ്പെടെ ഉള്ളവയെ അവതരിപ്പിച്ച് പുതുപുത്തൻ ട്രെൻഡ് സൃഷ്ടിച്ച ചലച്ചിത്രമാണ് ഫോർ ദ പീപ്പിൾ. ഭരത് ,അരുൺ, അർജുൻ ബോസ് ,പത്മകുമാർ, സുനിൽ (നരേൻ) ഉൾപ്പെടെയുള്ളവരെ കേന്ദ്ര കഥാപാത്രങ്ങളായി ജയരാജ് ആവിഷ്ക്കരിച്ച ഫോർ ദ പീപ്പിൾ ഒരു കാമ്പസ് ചിത്രമാണെങ്കിലും അതിൻ്റെ ട്രീറ്റ്മെൻ്റ് ചടുലമായിരുന്നു. രാഷ്ട്രീയ ബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള നാല് ചെറുപ്പക്കാർ അഴിമതിക്കെതിരെ പോരാടുന്നതും അവരുടെ അതിജീവനവുമാണ് ചിത്രത്തിൻ്റെ അടിത്തറ. ത്രസിപ്പിക്കുന്ന അനവധി രംഗങ്ങളാൽ സമ്പന്നമായിരുന്നു ചിത്രം. കൃത്യമായ ഇടവേളകളിൽ തകർപ്പൻ ഗാനങ്ങളും പ്രേക്ഷകരുടെ മുമ്പിലെത്തി.
read also: നടി രചന അന്തരിച്ചു: താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ ആരാധകർ
അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന നാലു ചെറുപ്പക്കാരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനായി എത്തുന്ന രാജൻ മാത്യുവിൻ്റെ അന്വേഷണങ്ങൾ ചിത്രത്തെ ഉദ്വേഗജനകമാക്കുന്നു. ലോകത്തെ മാറ്റി മറിക്കാനൊന്നും അല്ല എന്നു പറഞ്ഞ് ഇടപെടുന്ന ഫോർ ദ പീപ്പിൾ അക്കാലത്തെ യുവതലമുറയെ അതി ഗാഢമായി സ്വാധീനിച്ചിരുന്നു. നിയമത്തിനു മുമ്പിൽ ക്രിമിനലുകളായ ഫോർ ദ പീപ്പിളിനെ പോലീസ് കീഴടക്കുന്നുവെങ്കിലും പുതിയൊരു നാൽവർ സംഘം ഉടലെടുക്കുന്നതോടു കൂടിയാണ് ചിത്രം അവസാനിക്കുന്നത്.
2004 ലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഫോർ ദ പീപ്പിൾ. മേക്കിങ്ങിലും ട്രീറ്റ്മെൻറിലും സ്വീകരിച്ച പുത്തൻ രീതിയാണ് ചിത്രത്തെ അത്യാകർഷകമാക്കിത്തീർത്തത്. ന്യൂ ജനറേഷൻ എന്ന് നൂറുശതമാനവും പറയാവുന്ന ചിത്രം വിപണിയിൽ വൻ ചലനങ്ങളാണ് സൃഷ്ടിച്ചത്. ക്യാമ്പസുകളും സ്കൂളുകളും ഫോർ ദ പീപ്പിളിനെ ഒരു തരംഗമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. തിയറ്ററുകൾ പൂരപ്പറമ്പാക്കിയ കൗമാര യൗവനങ്ങൾ തിയറ്ററിനുള്ളിൽ ഇളകിയാടി ഡാൻസ് കളിച്ചു തിമിർത്തു. ചിത്രത്തിലെ ഓരോ ഗാനവും സ്ക്രീനിലെത്തുമ്പോൾ തിയറ്ററിനുള്ളിൽ – സീറ്റുകൾക്കു മുകളിൽ കയറിയും സ്ക്രീനിനു മുന്നിലെ പ്ലാറ്റ്ഫോമിലും കയറി ഡാൻസ് കളിച്ചാണ് യൂത്തൻമാർ ഫോർ ദ പീപ്പിൾ ആഘോഷിച്ചത്. ഓരോ കാമ്പസിനും ഒന്നിച്ച് ചിത്രം കാണുന്നതിനായി കാമ്പസ് സ്ട്രൈക്ക് പോലും വിദ്യാർത്ഥികൾ നടത്തിയത് അക്കാലത്തെ ആഘോഷമായിരുന്നു …..
ചിത്രം കമ്പോള വിജയം നേടിയെന്നതിനൊപ്പം തന്നെ കടുത്ത വിമർശനങ്ങളും നേരിട്ടു. ജാസി ഗിഫ്റ്റിൻ്റെ ഗാനങ്ങളും ചിത്രം ഉയർത്തിയ രാഷ്ട്രീയ നിലപാടുകളും ഒക്കെ വിമർശനങ്ങൾ നേരിട്ടു. എങ്കിൽ തന്നെയും ചിത്രം വലിയൊരു ട്രെൻ്റ് സെറ്ററായിരുന്നു
സംസ്കാരപഠനത്തിൻ്റെ വലിയൊരു സാധ്യതയെ ഫോർ ദ പീപ്പിളിലെ ഗാനങ്ങൾ ഉയർത്തിക്കാട്ടി. മലയാളിത്ത മണമുള്ള ഗാനങ്ങളുടെ വരേണ്യ ഭാവുകത്വങ്ങളെ പൊളിച്ചെഴുതിയ ഫോർ ദ പീപ്പിളിലെ ഗാനങ്ങൾക്ക് നേരെയുണ്ടായ വിമർശനങ്ങൾക്ക് ജാസി ഗിഫ്റ്റ് മറുപടി പറഞ്ഞത് ചരിത്ര മാണ്. ‘ഒരു പാട്ടു കൊണ്ട് ഇടിഞ്ഞു വീഴുന്നതാണ് സംസ്കാരമെങ്കിൽ ,കുഴപ്പം പാട്ടിനല്ല , ഇന്നോളം കാത്തു സൂക്ഷിച്ചു പോന്ന സംസ്കാരത്തിനാണ്. എല്ലാവരും പാട്ടുകാരാകുന്ന ,എല്ലാവരും പാടുന്ന ഒരു കാലത്തെ എന്തിന് ഭയപ്പെടണം’. (കടപ്പാട്: മാധ്യമം വാർഷികപ്പതിപ്പ് )
ടെയ്ൽ എൻഡ്
1) ചിത്രം വൻ വിജയമായതിനെത്തുടർന്ന് ജയരാജ് പറഞ്ഞ ഒരു കമൻറും അതിന് വാരികയിൽ വന്ന മറുപടിയും ഏറെ രസകരമായിരുന്നു. ചിത്രത്തിൻ്റെ വിജയം അറിയാൻ തിയറ്ററിലെത്തിയപ്പോൾ ഒരാൾ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. സർ പടം സൂപ്പറാ .ഞാൻ ബ്ലാക്കിൽ ടിക്കറ്റ് വിറ്റ് അയ്യായിരം രൂപയുടെ കടം വീട്ടി… സാറിനിയും ഇതുപോലെയുള്ള ചിത്രങ്ങൾ എടുക്കണേ എന്ന്….. ….. ബ്ലാക്ക് ടിക്കറ്റ് കാരനെ തൃപ്തിപ്പെടുത്തിയ പോലെ ജയരാജിൻ്റെ അടുത്ത ലക്ഷ്യം വ്യാജ സി.ഡിക്കാരനെ തൃപ്തിപ്പെടുത്തലായിരിക്കും… (കടപ്പാട്: സിനിമാ മംഗളം )
2 ഫോർ ദ പീപ്പിളിൻ്റെ തുടർച്ച എന്ന നിലയിൽ ഓഫ് ദ പീപ്പിൾ ,ബൈദ പീപ്പിൾ എന്നീ ചിത്രങ്ങൾ എത്തിയെങ്കിലും അവ രണ്ടും ദുരന്തമായി മാറുകയാണുണ്ടായത്…
Post Your Comments