ചെന്നൈ: ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാടിനെതിരെ തമിഴ് ജനത രംഗത്ത് വന്നിരുന്നു. ഹിന്ദി ഭാഷ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന വിവാദങ്ങള്‍ക്കിടെ വിജയ്‌യുടെ ബീസ്റ്റ് എന്ന ചിത്രത്തിലെ ഡയലോഗ് ശ്രദ്ധ പിടിച്ച് പറ്റുന്നു. ഏപ്രില്‍ 13 ന് പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിലെ ഇന്‍ട്രോ സീനിലെ സംഭാഷണമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘എല്ലാം ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ പറ്റില്ല, വേണമെങ്കില്‍ തമിഴ് പഠിച്ചിട്ട് വാ’ എന്ന് തീവ്രവാദികളോട് വിജയ് കഥാപാത്രം പറയുന്നുണ്ട്. ഇത് കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ ഉള്ളതാണെന്ന് വിജയ് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
അമിത് ഷായുടെ പരാമര്‍ശം തെക്കേ ഇന്ത്യയില്‍ നിന്നും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ളവർ ഇതിനെതിരെ പ്രതികരണം നടത്തിയിരുന്നു. നേരത്തെ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഏക ഭാഷ ഐക്യം കൊണ്ടുവരില്ലെന്നും, ഏകത്വവും ഐക്യം ഉണ്ടാക്കില്ലെന്നും ഈ ശ്രമത്തില്‍ ബി.ജെ.പിക്ക് വിജയം കണ്ടെത്താനാകില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ 37മത് യോഗത്തിലായിരുന്നു അമിത് ഷായുടെ ഹിന്ദിയെ കുറിച്ചുള്ള പ്രതികരണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തമ്മില്‍ ആശയ വിനിമയത്തിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നായിരുന്നു അമിത് ഷായുടെ നിര്‍ദേശം. ഹിന്ദിയെ രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കാന്‍ യോജിച്ച സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments