CinemaGeneralIndian CinemaLatest NewsMollywood

ലോക്കൽ ട്രെയിനിൽ ആരാധകർക്കൊപ്പം ഒരു യാത്ര: ഇതാ വ്യത്യസ്തമായ ഒരു സിനിമ പ്രചാരണം

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് വ്യത്യസ്തമായ ഒരു സിനിമ പ്രചാരണത്തിന്റെ വാർത്തയാണ്. ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ താരങ്ങളാണ് ഈ പ്രചാരണത്തിന് പിന്നിൽ. എറണാകുളം മുതൽ കണ്ണൂർ വരെ ആരാധകരോടൊപ്പം ഒരു ട്രെയിൻ യാത്ര നടത്തിയാണ് സിനിമയുടെ പ്രചാരണ പരിപാടികൾ. ബി​ഗ് സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള താരങ്ങളെ ട്രെയിനിൽ അടുത്തു കണ്ടപ്പോൾ യാത്രക്കാർക്കും അത്ഭുതം. അവർ സെൽഫിയെടുത്തും താരങ്ങളോട് സംസാരിച്ചും സന്തോഷം പങ്കുവെച്ചു. നായകൻ സിജു വിൽസൺ, നായിക കയാദു ലോഹർ, ടിനി ടോം എന്നിവരാണ് ഈ വൈവിധ്യമാർന്ന പ്രചാരണ രീതിയിൽ പങ്കുചേർന്നത്. രാവിലെ ആറ് മണിക്ക് പുറപ്പെട്ട എറണാകുളം കണ്ണൂർ ഇന്റർസിറ്റി ട്രെയിനിൽ ആയിരുന്നു താരങ്ങൾ കയറിയത്. ട്രെയിൻ കണ്ണൂർ എത്തുന്നത് വരെ താരങ്ങൾ ആരാധകർക്കൊപ്പം സമയം ചിലവിട്ടു.

സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയനാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ സംവിധാനം ചെയ്യുന്നത്. വിനയൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സിജു വിൽസൺ ആണ് വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്.

Also Read: ‘ഓടും കുതിര ചാടും കുതിര’: ഫഹദ് ഫാസിലിന്റെ പുതിയ ചിത്രത്തിന് പേരിട്ടു

ശ്രീ ​ഗോകുലം ​ഗ്രൂപ്പിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമ്മിക്കുന്നത്. സെപ്റ്റംബർ 8 തിരുവോണ നാളിൽ സിനിമ തിയേറ്ററുകളിൽ എത്തും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button