ഇഷ്ട ഭക്ഷണം ബീഫ് ആണെന്ന് ഒരു അഭിമുഖത്തിൽ ബോളിവുഡ് നടൻ രൺബീർ കപൂർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രൺബീറിന്റേതായി ഇന്ന് റിലീസ് ചെയ്ത ബ്രഹ്മാസ്ത്ര എന്ന ചിത്രം ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഒരു കൂട്ടം ആളുകൾ രംഗത്തെത്തിയിരുന്നു. കൂടാതെ നടനെ ക്ഷേത്രത്തിൽ കയറുന്നതിൽ നിന്ന് ബജ്റംഗ് ദൾ പ്രവർത്തകർ തടയുകയും ചെയ്തിരുന്നു.
ഇപ്പോളിതാ, രൺബീറിനെ പോലെ തന്നെ ബീഫ് ഇഷ്ടമാണെന്ന പരാമർശം നടത്തിയ ദി കാശ്മീർ ഫയൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ വീഡിയോയാണ് ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ഞാൻ ഒരുപാട് കാര്യങ്ങൾ എഴുതിയിട്ടുണ്ട്. ഏറ്റവും നല്ല ബീഫ് എവിടെ കിട്ടുമെന്ന് ഞാൻ എഴുതിയിട്ടുണ്ട്. അന്നും കഴിച്ചിരുന്നു, ഇപ്പോൾ കഴിക്കാറുണ്ട്. ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ല’ എന്നാണ് വീഡിയോയിൽ വിവേക് അഗ്നിഹോത്രി പറയുന്നത്. ഈ വീഡിയോ രൺബീറിന്റെ ആരാധകർ ഉൾപ്പെടെയുള്ളവർ ട്വിറ്ററിൽ ഷെയർ ചെയ്യുന്നുണ്ട്.
Also Read: ബാബു തിരുവല്ലയുടെ പുതിയ ചിത്രം: ‘സമം’ ആരംഭിക്കുന്നു
2011 ൽ റോക്സ്റ്റാർ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് രൺബീർ തനിക്ക് ബീഫ് കഴിക്കുന്നത് ഇഷ്ടമാണെന്ന് പറഞ്ഞത്. ‘എന്റെ കുടുംബം പെഷവാറിൽ നിന്നുള്ളവരാണ്. അതിനാൽ ധാരാളം പെഷാവാരി ഭക്ഷണവും അതിനൊപ്പമുണ്ട്. ഞാനൊരു മട്ടൺ, പായ, ബീഫ് ആരാധകനാണ്,’ അദ്ദേഹം പറഞ്ഞു. ബ്രഹ്മാസ്ത്രയുടെ റിലീസിന് മുന്നോടിയായി ഈ വീഡിയോ പ്രചരിക്കപ്പെടുകയായിരുന്നു.
Post Your Comments