CinemaGeneralIndian CinemaLatest NewsMollywood

‘തെരുവു നായ്ക്കൾക്ക് പിഞ്ചുകുഞ്ഞുങ്ങളെ എറിഞ്ഞുകൊടുത്ത് ആരെയാണ് തൃപ്തിപ്പെടുത്തുന്നത്?’: നടി ശ്രീയ രമേശിന്റെ കുറിപ്പ്

കേരളത്തിൽ തെരുവ് നായ ആക്രമണം രൂക്ഷമായിരിക്കുകയാണ്. നിരവധി പേരാണ് വിവിധയിടങ്ങളിലായി തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നത്. ഇപ്പോളിതാ, വിഷയത്തിൽ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി ശ്രീയ രമേശ്. തെരുവു നായ വിഷയത്തിൽ കേന്ദ്രമോ കേരളമോ പഞ്ചായത്തോ ഉത്തരവാദികൾ ആരായാലും ഇനിയെങ്കിലും മലയാളികൾ പ്രതികരിയ്ക്കുവാൻ തയ്യാറാകണമെന്നാണ് ശ്രീയ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

Also Read: ‘ഒരുപാട് നാളത്തെ അധ്വാനത്തിന്റെ ഫലം, അവരുടെ സ്വപ്നങ്ങൾക്ക് വിഷ്വൽ ഒരുക്കിയവർ സിനിമയെ മനോഹരമാക്കി’: ഇന്ദ്രൻസ്

ശ്രീയ രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഏറെ സങ്കടവും രോഷവും കൊണ്ടാണ് ഇങ്ങിനെ ഒരു പോസ്റ്റ് ഇടേണ്ടി വരുന്നത്. ഈ ഓണക്കാലത്ത് വരുന്ന വാർത്തകളിൽ പിഞ്ചുകുട്ടികൾ പോലും നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് റാബിസ് വന്ന് മരിച്ച വാർത്തകൾ. പലർക്കും നൽകിയ വാക്‌സിൻ ഗുണനിലവാരം ഇല്ലാ എന്ന ആക്ഷേപം വേറെ. പലരും ഉത്തരവാദിത്വം നിർവ്വഹിക്കാതെയും തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണത്തിന്റെ മറവിൽ ഫണ്ട് അടിച്ചു മാറ്റുമ്പോഴും ജനത്തിന് ജീവൻ നഷ്ടപ്പെടുന്നു.

തെരുവു പട്ടി വിഷയത്തിൽ കേന്ദ്രമോ കേരളമോ പഞ്ചായത്തോ ഉത്തരവാദികൾ ആരായാലും രാഷ്ട്രീയ കാപ്‌സ്യൂൾ ലഹരിയിൽ പ്രതികരണ ശേഷി നഷ്ടപ്പെട്ട മലയാളികൾ ഇനിയെങ്കിലും തെരുവുപട്ടി വിഷയത്തിൽ പ്രതികരിയ്ക്കുവാൻ തയ്യാറാകുക.
ഇനി എത്ര പേപ്പട്ടി വിഷബാധയാൽ കുട്ടികൾ ഉൾപ്പെടെ മനുഷ്യരുടെ മരണം നടന്നാൽ ഇവിടത്തെ ഭരണകൂടങ്ങൾ കണ്ണ് തുറക്കും?

ഒരു രാഷ്ട്രീയ / മത പ്രമാണിയുടേയും മക്കൾക്കോ പേരക്കുട്ടികൾക്കോ തെരുവുനായയുടെ കടിയേറ്റ വാർത്ത ഇല്ല എന്നതാണോ വിഷയത്തെ ഗൗരവമായി കാണാത്തത്? അതോ റാബിസ് വാക്‌സിൻ മാഫിയ നിങ്ങൾക്ക് വേണ്ടപ്പെട്ടവരോ? ജനത്തിന് മറുപടി തരൂ. നപ്രതിനിധികളേ നിങ്ങൾക്ക് അധികാരം ചാർത്തി തന്ന സാധാരണക്കാരാണ് ഇവിടെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്നത്.

കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ ഏറെ ബുദ്ധിമുട്ടി ഇരുചക്ര വാഹനം ഓടിക്കുന്ന ഒരു പാട് പേർ തെരുവുപട്ടികളുടെ ആക്രമണത്തിൽ അപകടത്തിൽ പെടുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന പ്രാഥമിക ഉത്തരവാദിത്വം നിർവ്വഹിക്കുവാൻ ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്വം ഉണ്ട് എന്ന് ഓർമ്മപ്പെടുത്തേണ്ടി വരുന്നതിൽ വലിയ വിഷമം ഉണ്ട്. പക്ഷെ പറയാതെ നിവൃത്തിയില്ല. സഹികെട്ടു.

തെരുവുനായ്ക്കളുടെ ദംഷ്ട്രകളിലേക്ക് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ പോലും എറിഞ്ഞു കൊടുത്ത് ആരെയാണ് നിങ്ങൾ തൃപ്തിപ്പെടുത്തുന്നത് ? മേനക ഗാന്ധിയെയോ അവരെപ്പോലുള്ള വളരെ കുറച്ച് പേരുടെ കൂട്ടരെയോ കേരളത്തിലെ ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന തെരുവുപട്ടി വിഷയത്തിൽ ഇടപെടണ്ടാൻ ഇനിയും അനുവദിക്കുന്നത് എന്തിന്? അവരുടെ വീട്ടുകാർക്ക് ഇവയുടെ കടിയേറ്റിട്ടില്ല,നമ്മുടെ കുട്ടികൾക്കാണ് കടിയേൽക്കുന്നത്.

ഉപദ്രവകാരികളായ വന്യജീവികളെ കൊന്നുകളയുവാൻ വകുപ്പുള്ള രാജ്യത്ത് തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ലാത്രെ. ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും വർദ്ധിപ്പിക്കുവാൻ ഒത്തൊരുമയോടെ നിൽക്കുന്ന ജനപ്രതിനിധികളേ തെരുവു നായ്ക്കളുടെ വിഷയത്തിൽ നിങ്ങൾക്ക് വോട്ട് ചെയ്യുന്ന ജനത്തിനോട് അൽപ്പം എങ്കിലും പ്രതിബദ്ധത ഉണ്ടേൽ ഉടൻ ആവശ്യമായ നിയമങ്ങൾ കൊണ്ടു വരിക.
തെരുവിൽ അലയുന്ന നായ്ക്കൾ സമൂഹത്തിന് ഭീഷണിയാണ്. ഇനിയും നടപടി ഉണ്ടായില്ലേൽ ജനങ്ങൾ സംഘടിച്ച് തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യേണ്ടിവരും. അപ്പോൾ നിയമം പൊക്കി വരരുത്, തെരുവു പട്ടി സ്‌നേഹികൾ എന്ന് പറഞ്ഞ് നടക്കുന്നവർക്ക് മാധ്യമങ്ങൾ സ്‌പേസ് നൽകരുത്.

ഇത്തരം ഒരു പ്രതികരണം നടത്തേണ്ടി വന്നത് ഇവിടത്തെ ജനത്തിന്റെ നിസ്സംഗതയും തെരുവു പട്ടികളാൽ കടിച്ചു കീറപ്പെടുന്ന മക്കളുടെ അമ്മമാരുടെ കണ്ണുനീർ കണ്ടിട്ടു തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button