GeneralLatest NewsMollywoodNEWS

ഏത് നാശം പിടിച്ച നേരത്താണ് ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചത്’: ഒളിക്കാമറയിലെടുത്ത ചിത്രവുമായി വി കെ ശ്രീരാമൻ

ഞാനിതുവരെ മുഖം ശരിക്കു കണ്ടിട്ടില്ല

നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ പങ്കുവച്ച രസകരമായ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

കുറിപ്പ് പൂർണ്ണ രൂപം

ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടൻ പേരുകളും ശാസ്ത്രീയ നാമങ്ങളും പറഞ്ഞു തന്നു കൊണ്ട് വനചാരി മുമ്പെ നടന്നു.
ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുള്ളതുകൊണ്ട്
പിന്നിൽ നിന്ന് ഒളിക്കാമറ വെച്ചാണ് വന്യൻ്റെ ഫോട്ടം പിടിച്ചത്.
എന്നിട്ടും ജ്ഞാനദൃഷ്ടിയാൽ അതു കണ്ടു തിരിഞ്ഞു നിന്ന് എന്നെ നോക്കി ഭസ്മമാക്കാൻ ശ്രമിച്ചു.

ഞാൻ വടുതലവടാശ്ശേരി ഉണ്ണിമാക്കോതയേയും
കണ്ടര് മുത്തപ്പനേയും സേവിച്ചുപാസിച്ച ആളായ കാരണം ഇന്നെ ഒന്നും ചെയ്യാൻ പറ്റീല്ല.
ന്നാലും വെറുതെ വിടാൻ പറ്റില്ലല്ലോ? ഞാനൊരു പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ചു.
‘ബടെ ഇങ്ങളെന്തിനാ ഇങ്ങനെ കോങ്ക്രീറ്റം ഇട്ടത്. സ്വാഭാവിക റെയിൻഫോറസ്റ്റിൻ്റെ ഇക്കോളജിക്കൽ ബാലൻസ്പോവില്ലെ?’

ആ ചോദ്യത്തിലെ എൻ്റെ ജ്ഞാനപ്പെരുമ കേട്ട് ഞ്ഞെട്ടിയിട്ടുണ്ടാവുമെന്ന് ഉറപ്പ്. എന്നാൽ അതു പുറത്തു കാണിക്കാതെ ഇങ്ങനെ പറഞ്ഞു.
ചെളിപ്പറ്റുള്ള മണ്ണാൺഡാ.കോൺക്രീറ്റിട്ടില്ലെങ്കി നടന്നാ ബാലൻസുപോയി മലർന്നു വീഴും.
‘എന്നാൽ പിന്നെ മറ്റൊരു വഴി ചിന്തിക്കായിരുന്നു’
എന്തു വഴി?

‘ തോടുണ്ടാക്കി, രണ്ടു സൈഡിലും കണ്ടൽകാടു വെച്ചു പിടിപ്പിക്കുക. എന്നിട്ട് ആ തോട്ടിലൂടെ കൊതുമ്പുവള്ളത്തിൽ വീട്ടിലേക്കു വരാലോ? പിന്നെ ആ പാട്ടും പാടാം’

ഏതു പാട്ട്?
‘ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ’
അത് ഫിമെയ്ൽ വോയ്സല്ലേ?
‘ ഡ്യുവെറ്റായും കേട്ടിട്ടുണ്ട് ‘
ഉത്തരം ഒന്നുമുണ്ടായില്ല. അപ്പാേൾ ഞാൻ ചോദിച്ചു.
‘എന്താ ഒന്നും മുണ്ടീലാ എന്താ ങ്ങള് ചിന്തിക്കണത്?’

ഏത് നാശം പിടിച്ച നേരത്താണ് ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിയ്ക്കായിരുന്നു.
അത്രയും പറഞ്ഞ് അല്പനേരത്തിനു ശേഷം വീണ്ടും വന്യമായ വിവരണം തുടർന്നു.

സൂർത്തുക്കളേ
ഇതങ്ങേരല്ലെ
ഇങ്ങേരല്ലെ
ഇന്നയാളല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്.
ഇയ്ക്ക് ആളെ നിശ്ശല്ല.
ഞാനിതുവരെ മുഖം ശരിക്കു കണ്ടിട്ടില്ല.
സൗണ്ട് മാത്രേ കേട്ടിട്ടുള്ളൂ.

shortlink

Related Articles

Post Your Comments


Back to top button