GeneralLatest NewsNEWS

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്, തികഞ്ഞ ആത്മവിശ്വാസത്തോടെ പോരാട്ടത്തിനൊരുങ്ങി കേരള സ്‌ട്രൈക്കേഴ്‌സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുമ്പോൾ കേരള സ്‌ട്രൈക്കേഴ്‌സിന്റെ മത്സരങ്ങള്‍ ഞായറാഴ്ചയാണ് ആരംഭിക്കുക. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സ് തെലുങ്ക് വാരിയേഴ്‌സുമായി ഏറ്റുമുട്ടും. കര്‍ണാടക ബുള്‍ഡോസേഴ്‌സുമായാണ് കേരളത്തിന്റെ രണ്ടാമത്തെ കളി. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ജയ്പൂരിലാണ് മത്സരം.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേതാണ് കേരളത്തിന്റെ ഏറ്റവും ശ്രദ്ധേയ മത്സരം. മാര്‍ച്ച് 5ന് ആണ് തിരുവനന്തപുരത്ത് മത്സരം നടക്കുക. ബോളിവുഡ് താരങ്ങളുടെ ടീം ആയ മുംബൈ ഹീറോസ് ആണ് എതിരാളികള്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് സീസണ്‍ ആദ്യ പാദത്തിലെ കേരളത്തിന്റെ അവസാന മത്സരം. മാര്‍ച്ച് 11ന് രാജസ്ഥാനിലെ ജോധ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ഭോജ്പുരി ദബാംഗ്‌സ് ആണ് എതിരാളികള്‍.

കഴിഞ്ഞ ഒന്നരമാസമായി കോച്ച്‌ മനോജ്‌ ചന്ദ്രന്റെ കീഴില്‍ കൊച്ചിയില്‍ പരിശീലനം നടത്തി വരികയാണ് ടീം. കുഞ്ചാക്കോ ബോബന്‍ ക്യാപ്റ്റനാവുന്ന ടീമില്‍ 20 അംഗങ്ങളാണ് ഉള്ളത്. കൊച്ചിയിലെയും ആലപ്പുഴയിലേയും വിവിധ ക്ലബ്ബുകളുമായി ഇതുവരെ എട്ടോളം സൗഹൃദമാച്ചുകള്‍ ഇവര്‍ കളിച്ചു കഴിഞ്ഞു. കളിച്ച എട്ടുമാച്ചുകളില്‍ ഏഴെണ്ണത്തിലും വിജയം കേരള സ്ട്രൈക്കേഴ്സിനു തന്നെയായിരുന്നു. കുഞ്ചാക്കോ ബോബന്‍ ആണ് സി 3 കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറും. ദീപ്തി സതി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ടീമിന്റെ വനിതാ അംബാസിഡര്‍മാര്‍. ടീം ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായി തുടരും.

‘വളരെ ചിട്ടയോടെയാണ് ഇവിടെ പരിശീലനം നടക്കുന്നത്. ക്രിക്കറ്റിനോട് അങ്ങേയറ്റം താല്‍പ്പര്യമുള്ളവരാണ് ടീമിലുള്ളവരെല്ലാം. ഗൗരവപൂര്‍വ്വമാണ് ഇവര്‍ കളിയെ സമീപിക്കുന്നത്. അതു കൊണ്ടു തന്നെ കൂടുതല്‍ പ്രഷര്‍ കൊടുക്കേണ്ട ആവശ്യം വരുന്നില്ല. കര്‍ക്കശക്കാരനായ ഒരു കോച്ചല്ല ഇവര്‍ക്ക് ഞാന്‍. എല്ലാവരും പരിശീലനത്തിനായി കൃത്യസമയത്ത് മൈതാനത്തെത്തും. ഫിറ്റ്നസ്സ് കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കുന്നുണ്ട്. ടീമംഗങ്ങള്‍ തമ്മിലുള്ള സൗഹൃദവും എടുത്തു പറയണം. തമ്മില്‍ നല്ല ബോണ്ടിങ് ഉണ്ട് . ഗ്രൗണ്ടിലും പരസ്പരം ചിയര്‍ അപ് ചെയ്തു നില്‍ക്കുന്നുണ്ട്. വളരെ മികച്ച നേട്ടങ്ങള്‍ ഇവരുണ്ടാക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ടീമംഗങ്ങളോട് വളരെ ആത്മാര്‍ത്ഥമായി ഇടപെടലുകള്‍ നടത്തുന്നയാളാണ് ചാക്കോച്ചന്‍. എല്ലാ തിരക്കുകള്‍ക്കിടയില്‍ നിന്നും ഓടിവരും. ക്യാപ്റ്റന്‍ മാത്രമല്ല, നല്ല പ്ലെയര്‍ കൂടിയാണ്. അസ്സലായി ബാറ്റ് ചെയ്യും, ഫീല്‍ഡിങ്ങിലും മിടുക്കുണ്ട്. പ്രൊഫഷണല്‍ പ്ലെയേഴ്സ് ഫീല്‍ഡ് ചെയ്യുന്നതു പോലെയാണ് ചാക്കോച്ചന്‍ പലപ്പോഴും ഗ്രൗണ്ടില്‍ പെരുമാറുക. കഴിഞ്ഞൊരു മാച്ചില്‍ ഏതാണ്ട് 15 ക്യാച്ച്‌ എടുത്തു. ഈ ടീമിലെ മിക്ക പ്ലെയേഴ്സും അങ്ങനെതന്നെയാണ്. നന്നായി ബാറ്റ് ചെയ്യുന്ന 15 പേരെങ്കിലും ഈ ടീമിലുണ്ട്’ – കോച്ച്‌ മനോജ് ചന്ദ്രന്‍ ഇന്ത്യന്‍ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. മനോജ് ചന്ദ്രനൊപ്പം എല്ലാറ്റിനും മികച്ച പിന്തുണയേകി അസിസ്റ്റന്റ് കോച്ച്‌ ഹബീബ് റഹ്മാനും ഫിസിയോ സ്പെഷലിസ്റ്റായ മാഹിനും കൂടെയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button