GeneralLatest NewsNEWS

ആ സിനിമയുടെ ടൈറ്റിൽ കാർഡിൽ സജിൻ എന്നെഴുതി ബ്രാക്കറ്റിൽ മമ്മൂട്ടി എന്ന് എഴുതി വെച്ചേക്കുന്നത് കാണാം: എ കബീർ

മമ്മൂട്ടി ആദ്യമായി നായകനായ സ്ഫോടനം സിനിമയുടെ സമയത്തുണ്ടായ മോശം അനുഭവങ്ങൾ കാരണം മമ്മൂട്ടി ഈ സിനിമയെ കുറിച്ച് സംസാരിക്കാറില്ലെന്ന് പഴയകാല പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന എ കബീർ. മമ്മൂട്ടി ചിത്രത്തിലേക്ക് വന്നതിനെ കുറിച്ച് പറഞ്ഞ അദ്ദേഹം ആ സിനിമയിൽ മമ്മൂട്ടിക്ക് നൽകിയ പേരിനെ കുറിച്ചും പറയാറുണ്ട്.

കബീറിന്റെ വാക്കുകൾ :

‘ഞാൻ ഈ പറയുന്നത് ജനം വിശ്വസിക്കുമോ എന്ന് പോലും എനിക്ക് അറിയില്ല. സ്ഫോടനം സിനിമ ഇറങ്ങുമ്പോൾ ഞാൻ ആലപ്പി ഷെരീഫിന് ഒപ്പമാണ്. ആ സമയത്താണ് ജയനെ ഹീറോ ആക്കി, സോമൻ സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ആലോചിക്കുന്നത്. അതിന്റെ കഥയൊക്കെ പൂർത്തിയായി ലൊക്കേഷൻ ഒക്കെ തീരുമാനിച്ച് ഇരിക്കുമ്പോഴാണ് കോളിളക്കത്തിന്റെ സെറ്റിൽ വെച്ച് ജയൻ മരിക്കുന്നത്,’ ജയന്റെ മരണശേഷം എല്ലാവരും മൂഡൗട്ടായി. ജയൻ സ്‌ഫോടനത്തിലെ നിർമ്മാതാക്കളിൽ ഒരാളാണ്. അതിന് ശേഷം നടൻ ആര് എന്ന രീതിയിൽ പല സംസാരവും വന്നു. അന്ന് ശരീഫിക്ക വലിയ ആളാണ്. പുള്ളി രവി മേനോന്റെ പേരൊക്കെ പറഞ്ഞെങ്കിലും ബാബു എന്ന നിർമ്മാതാവ് സമ്മതിച്ചില്ല. പുള്ളി ഒരു പുതിയ ആളെ നോക്കാമെന്ന് പറഞ്ഞു.മേളയിൽ ഒക്കെ അഭിനയിച്ച മമ്മൂട്ടി എന്നൊരാൾ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ അയാളെ വിളിച്ചു. അന്ന് കാണാൻ ഒക്കെ ഹാൻഡ്‌സമാണ് മമ്മൂട്ടി. കാണാൻ കൊള്ളാം, അഭിനയിക്കുമെങ്കിൽ ഓക്കെ എന്ന് ഷെരീഫിക്ക പറഞ്ഞു. അങ്ങനെ മമ്മൂട്ടി സ്ഫോടനത്തിൽ ഹീറോ ആയി. സുകുമാരന് ഒപ്പം തുല്യ റോളാണ്. അപ്പോൾ ഒരാൾ മമ്മൂട്ടി പേര് മാറ്റണമെന്ന് പറഞ്ഞു. അങ്ങനെ പേര് സജിൻ എന്നാക്കി.

ആ സിനിമയുടെ ടൈറ്റിൽ കാർഡ് നോക്കിയാൽ സജിൻ എന്നെഴുതി ബ്രാക്കറ്റിൽ മമ്മൂട്ടി എന്ന് എഴുതി വെച്ചേക്കുന്നത് കാണാം. മമ്മൂട്ടിയുടെ അഭ്യർത്ഥന പ്രകാരം ചെയ്തതാണ്. മമ്മൂട്ടി ആ പേര് ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് എവിടെയും പറയാത്തത്. നായകനായ ആദ്യ സിനിമ അതാണെന്നും മമ്മൂട്ടി പറയില്ല. മമ്മൂട്ടിക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടായിട്ടുണ്ട് ആ സിനിമയിൽ. അതുകൊണ്ടാണ് അദ്ദേഹം പറയാത്തതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അന്ന് വന്ന പോസ്റ്ററുകളിൽ പോലും സുകുമാരന്റെ ഒപ്പം മമ്മൂട്ടിയുടെ ചിത്രം ഉണ്ടായിരുന്നു. മമ്മൂട്ടി അവിടെ നിന്ന് വലിയ താരമായില്ലേ. അന്നേ എന്റെ മനസ് പറഞ്ഞിരുന്നു. അദ്ദേഹം വലിയ താരമാകുമെന്ന്. ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. ആലപ്പുഴ റസ്റ്റ് ഹൗസിൽ ഞങ്ങൾ ഒരുമിച്ച് ഉറങ്ങിയിട്ടുണ്ട്. അദ്ദേഹം ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ ആളായതിൽ സന്തോഷിക്കുന്നുണ്ട് ഞാൻ. പപ്പയുടെ സ്വന്തം അപ്പൂസിലെ ആ പ്രകടനമൊന്നും എനിക്ക് മറക്കാൻ കഴിയില്ല. അത് ഞാൻ നേരിട്ട് കണ്ടതാണ്. അന്ന് ഞാൻ പാച്ചീക്കാടെ (സംവിധായകൻ ഫാസിൽ) കൂടെയുണ്ട്’.

 

shortlink

Related Articles

Post Your Comments


Back to top button