GeneralLatest NewsMollywoodNEWSWOODs

ഒരു കൂട്ടം പുരുഷന്‍മാര്‍ക്കൊപ്പം തനിച്ച്‌ ഡാന്‍സ് ചെയ്ത സുബിയെ വെറുതേ വിട്ടിട്ടുണ്ടാവുമോ? വൈറൽ കുറിപ്പ്

സുബിയുടെ സമകാലീനരായ ലേഡി ആര്‍ട്ടിസ്റ്റുകളുടെ അഭിമുഖങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

അവതാരകയായും നടിയായും ശ്രദ്ധ നേടിയ സുബി സുരേഷ് വിടവാങ്ങി. ആദ്യ കാലങ്ങളിൽ അവരുടെ പരിപാടികളെ കുറ്റപ്പെടുത്തിയവർ നടിയുടെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ വാഴ്ത്തിപ്പാടലുമായി എത്തി. ശരിക്കും മരണത്തില്‍ പോലും ആര്‍ക്കും സുബിയെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും സുബി മരണപ്പെട്ടപ്പോള്‍ പ്രശംസയുമായി വരുന്നവര്‍ അവര്‍ ജീവിച്ചിരുന്നപ്പോള്‍ എന്താണ് ചെയ്തതെന്നും എഴുത്തുകാരന്‍ സന്ദീപ് ദാസ് ചോദിക്കുന്നു.

read also: ചിലര്‍ എന്നെ തല്ലി, അക്രമത്തിനിടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു: വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയ താരം

കുറിപ്പ്

‘സുബി സുരേഷിനോട് ഒരു കാര്യത്തില്‍ അസൂയ തോന്നിയിട്ടുണ്ട്. ‘മറ്റുള്ളവര്‍ എന്നെപ്പറ്റി എന്ത് വിചാരിക്കും’ എന്ന ചിന്ത ഒരുകാലത്തും സുബിയെ അലട്ടിയിരുന്നില്ല. അവര്‍ പരിപൂര്‍ണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിച്ചത്. അങ്ങനെ ചെയ്യാന്‍ നമ്മളില്‍ എത്രപേര്‍ക്ക് സാധിക്കും?

കുറച്ചുകാലം മുമ്ബ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തില്‍ സുബി പറഞ്ഞിരുന്നു- ”നര്‍ത്തകി എന്ന നിലയിലാണ് ഞാന്‍ എന്റെ കരിയര്‍ തുടങ്ങിയത്. ചെറുപ്പത്തില്‍ ബ്രേക്ക് ഡാന്‍സ് പരിശീലിക്കുമായിരുന്നു. ഒരുപാട് പുരുഷന്‍മാര്‍ക്കിടയിലെ ഏക പെണ്‍ ഡാന്‍സര്‍ ഞാനായിരുന്നു…’

ഒരു കൂട്ടം പുരുഷന്‍മാര്‍ക്കൊപ്പം തനിച്ച്‌ ഡാന്‍സ് ചെയ്ത സുബിയെ അന്നത്തെ സമൂഹം വെറുതെ വിട്ടിട്ടുണ്ടാവുമോ? ‘അടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണ്’ എന്ന ബഹുമതി ചെറുപ്പത്തില്‍ തന്നെ സുബിയ്ക്ക് ലഭിച്ചിട്ടുണ്ടാവും. സുബി അതുകൊണ്ട് നിര്‍ത്തിയില്ല. സമൂഹം ‘അരുത് ‘ എന്ന വിലക്കിയിട്ടുള്ള ഇടങ്ങളിലേയ്ക്കാണ് അവര്‍ നിരന്തരം സഞ്ചരിച്ചത്.

മിമിക്രിയും മോണോ ആക്ടുമെല്ലാം പുരുഷന്‍മാരുടെ കുത്തകയാണെന്ന് കരുതപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്തരം വേദികളിലേയ്ക്ക് സുബി നിര്‍ഭയം കടന്ന് ചെന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സുബി സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേയ്ക്ക് പാഞ്ഞു. ഒരുപാട് ഗ്ലോറിഫൈ ചെയ്യപ്പെട്ട ‘ആണ്‍തുണ’ ഇല്ലാതെ വിദേശ യാത്രകള്‍ നടത്തി.

‘കല്യാണപ്രായം കഴിഞ്ഞിട്ടും’ സിംഗിള്‍ ആയി ജീവിച്ചു. സിനിമയിലെ അഭിനേത്രികള്‍ അത്യാവശ്യം പ്രിവിലേജ്ഡ് ആണെന്ന് പറയാം. എന്നാല്‍ സിനിമയ്ക്ക് പുറത്തുള്ള കലാകാരികളുടെ കാര്യം അങ്ങനെയല്ല. സീരീയല്‍ നടിമാരും സ്റ്റേജ് ആര്‍ട്ടിസ്റ്റുകളുമെല്ലാം ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. സുബി അവരുടെ പ്രതിനിധിയായിരുന്നു.

സുബിയുടെ സമകാലീനരായ ലേഡി ആര്‍ട്ടിസ്റ്റുകളുടെ അഭിമുഖങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? കുലസ്ത്രീ ഇമേജ് കാത്തുസൂക്ഷിക്കാനാണ് അവരില്‍ ഭൂരിപക്ഷം പേരും ശ്രമിക്കാറുള്ളത്. അതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താനും സാധിക്കില്ല. ഒന്നിനെയും കൂസാതെ മുന്നോട്ടുപോവാനുള്ള ധൈര്യം സുബിയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സുബി മരണപ്പെട്ടപ്പോള്‍ എല്ലാവരും പ്രശംസ ചൊരിയുന്നുണ്ട്. എന്നാല്‍ ജീവിച്ചിരുന്ന കാലത്ത് അവര്‍ ഒരുപാട് കുത്തുവാക്കുകള്‍ കേട്ടിട്ടുണ്ട്. സുബിയെ കുറിച്ചുള്ള പഴയ വാര്‍ത്തകളുടെ കമന്റ് ബോക്‌സ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പാരമ്ബര്യവാദികളുടെ കണ്ണിലെ കരടായിരുന്നു സുബി.

പതിനെട്ടാമത്തെ വയസ്സില്‍ പാര്‍പ്പിടം നഷ്ടമായ ആളായിരുന്നു സുബി. പെണ്ണുങ്ങള്‍ മിമിക്രി കാണിക്കരുത് എന്ന് ഉപദേശിക്കുന്നവര്‍ വീട് വെച്ച്‌ നല്‍കില്ലല്ലോ! അതുകൊണ്ട് കുറ്റം പറഞ്ഞവരുടെ മുന്നില്‍വെച്ച്‌ സുബി മിമിക്രി കാണിച്ചു. അതില്‍നിന്ന് സമ്ബാദിച്ച പണം കൊണ്ട് പുതിയ വീട് നിര്‍മ്മിച്ചു. തോറ്റുകൊടുക്കാന്‍ സുബിയ്ക്ക് ഇഷ്ടമില്ലായിരുന്നു.

മരിച്ചു കിടക്കുന്ന സുബിയുടെ ഫോട്ടോ കണ്ടിരുന്നു. അവരുടെ മുഖത്തെ പുഞ്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല. മരണത്തിന് പോലും സുബിയെ സങ്കടപ്പെടുത്താന്‍ സാധിച്ചില്ല! കഴിവുറ്റ ഒരു കലാകാരിയുടെ വേര്‍പാടില്‍ അതിയായ ദുഃഖമുണ്ട്. അതോടൊപ്പം സുബിയുടെ ജീവിതയാത്രയെ കുറിച്ച്‌ വളരെയേറെ അഭിമാനവുമുണ്ട്.

ജീവിക്കുകയാണെങ്കില്‍ സുബിയെപ്പോലെ ജീവിക്കണം. നമ്മുടെ ജീവിതം നമ്മുടെ ഇഷ്ടപ്രകാരമാവണം. അത് മറ്റുള്ളവര്‍ നിശ്ചയിക്കരുത്… എഴുതാന്‍ എളുപ്പമാണ്. അത് നടപ്പിലാക്കാന്‍ നമുക്ക് കഴിയുമോ? കഴിയേണ്ടതാണ്. അതിനുള്ള കരുത്ത് സുബി നമുക്ക് നല്‍കേണ്ടതാണ്…’

shortlink

Related Articles

Post Your Comments


Back to top button