General

ഒന്നര വയസ്സുകാരനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ആദ്യഭാര്യ ജീവനൊടുക്കി: രേണുവും മക്കളും ആണ് ഇന്നെന്റെ ലോകമെന്ന് സുധി

തൃശൂർ: നടൻ കൊല്ലം സുധിയുടെ വിയോഗത്തിന്റെ വാർത്ത അറിഞ്ഞ ഞെട്ടലിലാണ് കേരളക്കര. മലയാളികളുടെ സദസ്സിലെ നിറസാന്നിധ്യമായി മാറാൻ കൊല്ലം സുധി എന്ന കലാകാരന് ഒരുപാട് നാളുകൾ വേണ്ടി വന്നില്ല. നിരവധി മിമിക്രി വേദികളില്‍, ടെലിവിഷന്‍ പരിപാടികളില്‍, സിനിമകളില്‍ നമ്മുടെ മുഖത്ത് ചിരി പടർത്തിയ സുധിയെന്ന കലാകാരന്‍ വിടപറഞ്ഞുവെന്ന വാർത്ത പലർക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.

വടകരയില്‍ നിന്നും പരിപാടി കൊച്ചിയിലേക്ക് മടങ്ങുമ്പോള്‍ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. സുധിയും സംഘവും സഞ്ചരിച്ച കാർ എതിർ ദിശയില്‍ വന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പല മിമിക്രി കഥാപാത്രങ്ങളുടെ ജീവിതത്തിന് സമാനമായ കഥയായിരുന്നു കൊല്ലം സുധിയുടേതും. ഏറെ കഷ്ടപ്പെട്ടാണ് സിനിമയിലേക്ക് എത്തിയത്. 16-17 വയസ്സില്‍ തുടങ്ങിയതാണ് സുധിയുടെ കലാജീവിതം. തുടക്കം പാട്ടിലൂടെയായിരുന്നു. പിന്നീട് മിമിക്രിയിലേക്ക് വഴിമാറി. നിരവധി ട്രൂപ്പുകളിലായി കേരളത്തിന് അകത്തും പുറത്തും ആയിരക്കണക്കിന് വേദികളില്‍ മിമിക്രി അവതരിപ്പിച്ചു.

സ്വന്തം ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ മറച്ച് വെക്കാന്‍ തയ്യാറാവാതെ പലപ്പോഴായി തുറന്ന് പറഞ്ഞ താരം കൂടിയാണ് സുധി കൊല്ലം. ആദ്യ ഭാര്യ പിണങ്ങിപ്പോയത് മുതല്‍ കൊറോണ സമയത്ത് നേരിട്ട വിവാദങ്ങളില്‍ വരെ പൊതുസമൂഹത്തോട് തനിക്ക് പറയാനുള്ളത് കൊല്ലം സുധി മറച്ച് വെക്കാതെ പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിൽ ഇത്ര വലിയ വേദനയുടെ കഴിഞ്ഞ കാലമുണ്ടെന്ന് ഞാൻ ഒരു ചാനലിൽ വെളിപ്പെടുത്തും വരെ ഏറെ അടുപ്പമുള്ളവർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂവെന്നാണ് ആദ്യ വിവാഹത്തിലെ തകർച്ചയെ കുറിച്ച് സുധി കൊല്ലം വ്യക്തമാക്കിയത്. പ്രണയ വിവാഹമായിരുന്നു അത്. ഒരു കുഞ്ഞും പിറന്നു.

എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ട് നിന്നില്ല. ‘ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്.’ – എന്നായിരുന്നു സുധി ആദ്യ ഭാര്യയെക്കുറിച്ച് വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നേരത്തെ പറഞ്ഞത്. പിന്നീട് താനും മകനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ച് പിടിച്ചതെന്നും താരം അഭിപ്രായപ്പെടുന്നു. അതിനു ശേഷം ആദ്യ ഭാര്യ ജീവനൊടുക്കിയിരുന്നു.

ആരോടും പരാതിയോ പരിഭവമോ ഇല്ല. ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യയും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെയാണെന്നും ഭാര്യ രേണുവിനെയും മക്കളായ രാഹുലിനെയും ഋതുലിനെയും ചേർത്തു പിടിച്ചുകൊണ്ട് സുധി അന്ന് പറഞ്ഞു. രേണുവിന് മൂത്തമകന്‍ രാഹുലിനെ ജീവനാണ്. താന്‍ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്തമകന്‍ അവനാണെന്നാണ് രേണു എപ്പോഴും പറയുന്നത്. രണ്ട് പേരും വലിയ ചങ്കുകളാണ്. ഇപ്പോള്‍ രാഹുല്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. മോന് പതിനൊന്ന് വയസുള്ളപ്പോഴാണ് ഞാന്‍ രേണുവിനെ വിവാഹം കഴിക്കുന്നത്. അന്ന് മുതല്‍ എന്റെ മകന്‍ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല.

എന്റെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതാണ് രേണു. എന്റെ വളര്‍ച്ചയില്‍ ഈ നിമിഷം വരെ അവളുടെ പിന്തുണയാണ് വലുത്. രേണു ജീവിതത്തിലേക്ക് കടന്ന് വരും മുന്‍പ് ഒന്നര വയസുള്ള കാലം മുതല്‍ രാഹുലിനെയും കൊണ്ടാണ് ഞാന്‍ സ്റ്റേജ് ഷോ കള്‍ക്ക് പോയത്. ഞാന്‍ സ്‌റ്റേജില്‍ കയറുമ്പോള്‍ സ്‌റ്റേജിന് പിന്നില്‍ അവനെ ഉറക്കി കിടത്തും. ഇല്ലെങ്കില്‍ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസൊക്കെ ആയപ്പോഴെക്കും മോന്‍ കര്‍ട്ടന്‍ പിടിക്കാന്‍ തുടങ്ങി.

കൊറോണ സമയത്താണ് സുധിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ചിലർ രംഗത്ത് വരുന്നത്. ഇതിനും തക്കതായ മറുപടി താരത്തിനുണ്ടായിരുന്നു. സുധി നിരവധി പേരില്‍ നിന്നും പണം കടം വാങ്ങിയെന്നും എന്നാല്‍ പറഞ്ഞ സമയത്ത് തിരികെ കൊടുത്തില്ലെന്നുമായിരുന്നു ആരോപണം. കൊറോണ സമയത്ത് കുറേപ്പർ സഹായിച്ചിട്ടുണ്ട്. വർക്ക് ഇല്ലാത്തതിനാലാണ് അതൊക്കെ തിരികെ കൊടുക്കാന്‍ വൈകിയത്. പരിപാടികള്‍ വരുന്നതോടെ എല്ലാ പൈസയും കൊടുത്തു തീർക്കുമെന്നും താരം വ്യക്തമാക്കി.

”എന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും അപവാദം പറയുകയാണ്. എന്നെ എത്രത്തോളം സാധ്യമാകുമോ അത്രത്തോളം താഴ്ത്തിക്കെട്ടുവാണ്. ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ തന്നെ ഒരുപാട് വീഡിയോകളും പോസ്റ്റുകളും അവര്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു. എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്. ഞാന്‍ എല്ലാവരേയും സന്തോഷിപ്പിക്കുന്ന കലാകാരനല്ലേ. നിങ്ങളില്‍ നല്ല മനസുള്ളവര്‍ എന്നെ പിന്തുണയ്ക്കണം. നല്ല വിഷമത്തോടു കൂടിയാണ് ഞാനിത് പറയുന്നത്. ദയവ് ചെയ്ത് ഉപദ്രവിക്കാതിരിക്കുക”. – എന്നും അന്ന് സുധി പറഞ്ഞിരുന്നു.

സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹം എന്ന് ഉല്ലാസ് പന്തളം ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ ഷൂട്ടില്‍ ഒന്നിച്ച് കൂടിയപ്പോള്‍ എന്‍റെ ജന്മദിനമായിരുന്നു. അന്ന് ഞങ്ങള്‍ ഒന്നിച്ച് ആഘോഷിച്ചു. എന്നാല്‍ ആ സമയത്ത് വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് സുധി കരഞ്ഞിരുന്നു. പരിപാടികള്‍ ധാരാളം വരുന്നുണ്ടെന്നും ഹോം ലോണ്‍ എടുക്കാമെന്നും എല്ലാം ശരിയാകുമെന്നും ബിനു അടിമാലിയും താനും അന്ന് പറഞ്ഞിരുന്നുവെന്ന് ഉല്ലാസ് ഓര്‍ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button