AwardsCinemaKeralaLatest News

‘കേരളം കണ്ട ഏറ്റവും വലിയ ഇതിഹാസം, മാന്യൻ’: രഞ്ജിത്തിനെ വാനോളം പുകഴ്ത്തി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിന് പിന്തുണയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അവാർഡ് നിർണ്ണയത്തിൽ ജൂറി അംഗങ്ങളെ സ്വാധീനിച്ചുവെന്നും ഇടപെട്ടുവെന്നുമുള്ള വിനയന്റെ ആരോപണം തള്ളുകയാണ് മന്ത്രി. രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസമാണെന്ന് മന്ത്രി പറഞ്ഞു. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് റോൾ ഉണ്ടായിരുന്നില്ലെന്നും ഇടപെടാൻ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഭംഗിയായാണ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ മന്ത്രി, സംസ്‌കാരിക വകുപ്പിന് അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണ് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള ആളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും മന്ത്രി ചോദിച്ചു. ചലച്ചിത്ര അവാർഡിൽ പുനഃപരിശോധന ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ തന്നെ പ്രമുഖരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നതെന്നും, ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണ്ണയത്തിൽ ഇടപെടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവാർഡ് നിർണ്ണയ സമിതിയാണ് ജേതാക്കളെ കണ്ടെത്തിയത്. അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്ക് തന്നെയാണെന്നും അവാർഡ് കിട്ടാതെ പോയവരാരും മോശമാണെന്ന് പറയുന്നില്ലെന്നും സജി ചെറിയാൻ പ്രതികരിച്ചു. ആരോപണങ്ങളിൽ അന്വേഷണത്തിന്റെ ആവശ്യമില്ല. തെളിവുണ്ടെങ്കിൽ ഹാജരാക്കിയാൽ നോക്കാം. പരാതിയുണ്ടെങ്കിൽ അവർ നിയമപരമായി പോകട്ടെയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ രംഗത്തെത്തിയിരുന്നു. കോടതിയെ സമീപിക്കുമെന്നും വിനയൻ അറിയിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് നേരിട്ട് ഇടപെട്ടുവെന്നാണ് വിനയന്റെ ആരോപണം. ഇക്കാര്യം വ്യക്തമാക്കുന്ന ജൂറിയംഗം നേമം പുഷ്പരാജിന്റെ ഓഡിയോ പുറത്തുവിട്ടുകൊണ്ടാണ് വിനയൻ തന്റെ നിലപാട് അറിയിച്ചത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടതായി നേമം പുഷ്പരാജ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button