GeneralLatest NewsMollywoodNEWSWOODs

ചലച്ചിത്ര അക്കാദമി രൂപീകരിച്ചിട്ട് 25 വര്‍ഷം!! ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികൾ നടത്തുമെന്ന് മന്ത്രി

മലയാള സിനിമയുടെ ചരിത്രത്തിലെ അമൂല്യമായ ഓര്‍മ്മകളുടെ ശേഖരം സംരക്ഷിച്ച് പ്രദര്‍ശിപ്പിക്കുന്നതിനായി സമഗ്രമായ ഒരു മ്യൂസിയം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിച്ചിട്ട് 25 വർഷം പൂർത്തിയാകുമ്പോൾ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികൾ നടത്താൻ തയാറെടുക്കുകയാണ് സർക്കാർ. ഇത് സംബന്ധിച്ച കാര്യങ്ങൾ സാംസ്കാരിക സിനിമ വകുപ്പ് മന്ത്രി സജി ചെറിയാൻ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

പോസ്റ്റ് പൂർണ്ണ രൂപം,

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിച്ചിട്ട് ഇന്ന് 25 വര്‍ഷം തികയുകയാണ്. 1998 ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17 തിങ്കളാഴ്ച) വൈകുന്നേരം ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രി സ: ഇ.കെ നായനാര്‍ ആണ് ചലച്ചിത്ര അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സാംസ്‌കാരിക വകുപ്പു മന്ത്രി സ: ടി.കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ചെയര്‍മാന്‍ ശ്രീ.ഷാജി എന്‍. കരുണ്‍ ആമുഖഭാഷണം നടത്തി. ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രമുഖരായ മൃണാള്‍സെന്‍, ശബാന ആസ്മി, ഗിരീഷ് കാസറവള്ളി, സയ്യിദ് മിര്‍സ, ബാലു മഹേന്ദ്ര,അടൂര്‍ ഗോപാലകൃഷ്ണന്‍, മമ്മൂട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം നല്ല സിനിമയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒരു അക്കാദമിക്ക് രൂപം നല്‍കിയത്. ഇന്ത്യന്‍ സിനിമയുടെ ഗുണകരമായ മാറ്റത്തിനായി 1980ല്‍ ശിവരാമകാരന്ത് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സ്വീകരിച്ച നടപടികളുടെ ഫലമായിരുന്നു ഇത്.

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഉയര്‍ന്ന കലാമൂല്യമുള്ള സിനിമയുടെ പ്രോല്‍സാഹനത്തിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്തുത്യര്‍ഹമായ നിരവധി സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിയാഫിന്റെ അംഗീകാരമുള്ള ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെ 27 പതിപ്പുകള്‍ പൂര്‍ത്തിയാക്കി പ്രേക്ഷകപങ്കാളിത്തം കൊണ്ടും പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ മികവുകൊണ്ടും ഇന്ത്യയിലെ ഏറ്റവും മികച്ച മേളയെന്ന ഖ്യാതി നേടി. ചലച്ചിത്ര അക്കാദമി രൂപീകരിച്ച് പത്താംവര്‍ഷത്തില്‍ 2008ല്‍ ഡോക്യുമെന്ററികള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കുമായി തുടങ്ങിയ അന്താരാഷ്ട്ര മേളയായ ഐ.ഡി.എസ്.എഫ്.എഫ്.കെ 15 പതിപ്പുകള്‍ പൂര്‍ത്തിയാക്കി. നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, വിമന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, റീജണല്‍ ഫെസ്റ്റിവല്‍ എന്നീ മേളകള്‍, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ടെലിവിഷന്‍ അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ജെ.സി ഡാനിയേല്‍ അവാര്‍ഡ്, ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാര നിര്‍ണയങ്ങളും സമര്‍പ്പണവും, ചലച്ചിത്രഗവേഷണത്തിനായുള്ള ഫെലോഷിപ്പ് പദ്ധതി, ചലച്ചിത്ര പൈതൃകസംരക്ഷണത്തിനായുള്ള ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്, ഇംഗ്‌ളീഷിലും മലയാളത്തിലുമുള്ള ചലച്ചിത്രപഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന യു.ജി.സി അംഗീകൃത ജേണല്‍ ആയ ചലച്ചിത്രസമീക്ഷ, നല്ല സിനിമ നാട്ടിന്‍പുറങ്ങളിലേക്ക് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ടൂറിംഗ് ടാക്കീസ്, കോളേജുകളും സര്‍വകലാശാലകളുമായി സഹകരിച്ചുകൊണ്ടുള്ള അക്കാദമിക് പങ്കാളിത്ത പരിപാടികള്‍, ചലച്ചിത്രാസ്വാദന ക്യാമ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംസ്ഥാനത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ സവിശേഷമായ ഒരു സ്ഥാനം ഇതിനകം നേടിയെടുത്തിട്ടുണ്ട്.

ശതാബ്ദിയോടടുക്കുന്ന മലയാള സിനിമയുടെ ചരിത്രത്തിലെ അമൂല്യമായ ഓര്‍മ്മകളുടെ ശേഖരം സംരക്ഷിച്ച് പ്രദര്‍ശിപ്പിക്കുന്നതിനായി സമഗ്രമായ ഒരു മ്യൂസിയം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സിനിമയുടെ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കുള്ള തൊഴില്‍പരിശീലന പദ്ധതി, ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചലച്ചിത്രപഠനപരിപാടി, വിദേശ സര്‍വകലാശാലകളിലെയും ഇന്ത്യയിലെ മറ്റു സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിന്റെ തനതായ കലയും സംസ്‌കാരവും സിനിമയിലൂടെ പഠിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതി തുടങ്ങിയ നൂതനപദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ചു നടപ്പാക്കി വരുകയാണ് ഇപ്പോള്‍ ചലച്ചിത്ര അക്കാദമി. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചലച്ചിത്രകലയുടെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്ന വിപുലമായ ആഘോഷപരിപാടികള്‍ക്ക് ഉടന്‍ തുടക്കമാവും.

shortlink

Related Articles

Post Your Comments


Back to top button