CinemaKeralaLatest NewsMollywoodNEWS

നടൻ ജയസൂര്യ കർഷകരെക്കുറിച്ച് പറഞ്ഞതാണ് പലർക്കും പ്രശ്നം, രാജപ്പൻ എന്ന കർഷൻ ആത്മഹത്യ ചെയ്തത് അവർ കാണുന്നില്ല: കുറിപ്പ്

ആദായം കിട്ടണമെങ്കിൽ അടിമയെ പോലെ മേലാളന്മാരുടെ കാല് പിടിക്കേണ്ട അവസ്ഥ

കേരളത്തിലെ നെല്ല് കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ നടൻ ജയസൂര്യ പൊതുവേദിയിൽ തുറന്ന് പറഞ്ഞത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

നടനെ പരിഹസിച്ചും അപമാനിച്ചും പലരും രം​ഗത്തെത്തി. എന്നാൽ നടൻ ചെയ്തത് നല്ല കാര്യമാണെന്നും അദ്ദേഹത്തിന് പരിപൂർണ്ണ പിന്തുണ നൽകുന്നുവെന്നും ആരാധകരും കർഷകരും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നെല്ല് നൽകിയിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് രാജപ്പൻ എന്ന കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. മൂന്ന് ഏക്കർ ഭൂമിയിൽ പുഞ്ചകൃഷി ചെയ്യുന്ന ശ്രീ രാജപ്പൻ എന്ന കർഷകനാണ് കേരളത്തിലെ സിവിൽ സപ്ലൈസിന്റെ കർഷക സ്നേഹം കാരണം ജീവൻ വെടിയേണ്ടി വന്നത്. ഒരു ലക്ഷത്തി അറുപതിനായിരം രൂപയുടെ നെല്ല് കൊടുത്തിട്ട് കിട്ടിയത് വെറും 28,043 രൂപ. നോക്കണേ, സ്വന്തം പാടത്തിൽ വിതച്ച സ്വന്തം അധ്വാനത്തിന് കൂലി കിട്ടണമെങ്കിൽ, അതിന്റെ ആദായം കിട്ടണമെങ്കിൽ അടിമയെ പോലെ മേലാളന്മാരുടെ കാല് പിടിക്കേണ്ട അവസ്ഥ. ഇതല്ലേ യഥാർത്ഥ മാടമ്പിത്തരമെന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി ചോദിക്കുന്നത്.

കുറിപ്പ് വായിക്കാം

ഇത് ആത്മഹത്യയല്ല, മറിച്ച് ഇവിടുത്തെ പിഴച്ച സിസ്റ്റം ചെയ്ത കൊലപാതകമാണ്. നശിച്ച രാഷ്ട്രീയ ധ്രുവീകരണം ഒന്ന് കൊണ്ട് മാത്രം വെളിവില്ലാതെ പോയ ഈ സമൂഹം കൊന്നതാണ് ഈ പാവം കർഷകനെ!! പൊതുവേദിയിൽ സത്യം വിളിച്ചുപ്പറഞ്ഞ ജയസൂര്യയുടെ നെഞ്ചത്ത് കുതിര കയറിയ ഓരോരുത്തന്മാർക്കും ഇതേ കുറിച്ച് എന്താണ് പറയാൻ ഉള്ളത്?? പകലന്തിയോളം പണിയെടുക്കുന്ന കർഷകർ, അവരുടെ പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും ആകെ തുകയായ പാടം. അവിടെ വിതച്ച വിത്ത്. അവരുടെ കഷ്ടപ്പാട്, അധ്വാനം ഒക്കെ ചേർത്ത് അവർ അവിടെ നെല്ല് കൊയ്തെടുക്കുന്നു. എന്നിട്ടോ? അതിന് ന്യായമായി കിട്ടേണ്ട വിലയെ ഔദാര്യമായി കാണുന്ന കൃഷി വകുപ്പും അതിന്റെ മേലെയുള്ള ഭരണകൂടവും.

അമ്പലപ്പുഴ നാലുപാടം കൃഷിശേഖരത്തിൽ മൂന്ന് ഏക്കർ ഭൂമിയിൽ പുഞ്ചകൃഷി ചെയ്യുന്ന ശ്രീ രാജപ്പൻ എന്ന കർഷകനാണ് കേരളത്തിലെ സിവിൽ സപ്ലൈസിന്റെ കർഷക സ്നേഹം കാരണം ജീവൻ വെടിയേണ്ടി വന്നത്. ഒരു ലക്ഷത്തി അറുപതിനായിരം രൂപയുടെ നെല്ല് കൊടുത്തിട്ട് കിട്ടിയത് വെറും 28,043 രൂപ. നോക്കണേ, സ്വന്തം പാടത്തിൽ വിതച്ച സ്വന്തം അധ്വാനത്തിന് കൂലി കിട്ടണമെങ്കിൽ, അതിന്റെ ആദായം കിട്ടണമെങ്കിൽ അടിമയെ പോലെ മേലാളന്മാരുടെ കാല് പിടിക്കേണ്ട അവസ്ഥ. ഇതല്ലേ യഥാർത്ഥ മാടമ്പിത്തരം? കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ തുക സപ്ലൈകോ നൽകുന്നത് നേരിട്ട് ആണോ? അല്ല! കർഷകർ നെല്ല് നൽകുന്നത് സപ്ലൈകോയ്ക്ക്. അപ്പോൾ ന്യായമായും പണം നൽകേണ്ടത് ആ സ്ഥാപനം അല്ലേ?? അങ്ങനെ ആവേണ്ടതാണ്. പക്ഷേ പ്രബുദ്ധത കൂടിപ്പോയ, കർഷകരോട് അൻപ് ഒരുപാട് ഉള്ള കേരളത്തിൽ അങ്ങനെയല്ല.

പണത്തിന് പകരം ഏറ്റെടുത്ത നെല്ലിന്റെ അളവ് രേഖപ്പെടുത്തിയ ഒരു രസീതാണ് സപ്ലൈകോ കർഷകർക്ക് നൽകുന്നത്. ഈ രസീതുമായി കർഷകർ ദേശസാത്കൃത ബാങ്കുകളിൽ ചെല്ലണം. എന്നിട്ടോ? ചെന്നാലുടൻ പണം കിട്ടുമോ? ഇല്ല! അതിന് ചില കടമ്പകൾ ഉണ്ടത്രേ. പണം ലഭിക്കുക ലോൺ ആയിട്ടാണ്.

നമ്മൾ അധ്വാനിച്ചു പണിയെടുത്തതിന്റെ അധ്വാനഫലം കൊണ്ടുപോയിട്ട് അതിന്റെ പണം വാങ്ങാൻ നമ്മൾ ചെല്ലേണ്ടത് ബാങ്കിൽ അവരുടെ വായ്പ ഉപഭോക്താവ് ആയിട്ട്. എന്നിട്ട് അത് സമയത്ത് കിട്ടുന്നുണ്ടോ? അതുമില്ല. വിതത്തിന്റെ നല്ല സമയം അപ്പാടെ എല്ലു മുറിയെ കൃഷി ചെയ്ത്, ജീവിതസായാഹ്നത്തിൽ എത്തുമ്പോൾ കൂട്ടായി കിട്ടുന്ന അസുഖത്തിന് ചികിൽസിക്കണമെങ്കിൽ ഇവന്മാരുടെ അടുത്ത് പോയി കിട്ടേണ്ട പണം ഇരക്കേണ്ടുന്ന അവസ്ഥ. അതാണ്‌ ഈ പാവം മനുഷ്യന്റെ ജീവിതത്തിൽ സംഭവിച്ചത്. സ്വന്തം അധ്വാനഫലമായി കിട്ടേണ്ടിയിരുന്ന ഒന്നേ കാൽ ലക്ഷത്തിലധികം രൂപ കിട്ടേണ്ട സമയത്ത് കിട്ടിയിരുന്നേൽ അദ്ദേഹത്തിന് ഈ കടുംകൈ ചെയ്യേണ്ടി വരുമായിരുന്നോ? ഇല്ല!

ഇതിന് സമാധാനം പറയേണ്ടത് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കൃഷി വകുപ്പ് മാത്രമാണ്. ഒപ്പം പിഴച്ചു പോയ ഇവിടുത്തെ സിസ്റ്റവും, അപ്പൊ അന്തംസ് ജയസൂര്യയുടെ വീട് വരെ ഒരു റൂട്ട് മാർച്ച് നടത്തണ്ടേ.

 

 

shortlink

Related Articles

Post Your Comments


Back to top button