GeneralLatest NewsNEWS

‘അച്ഛൻ കൊട്ടാരത്തിൽ വളർന്ന തമ്പുരാൻ പയ്യനല്ല, അദ്ദേഹവും കുഴിയിൽ ഭക്ഷണം കഴിച്ചു’: വിശദീകരണവുമായി ദിയ കൃഷ്ണ

കൊച്ചി: മണ്ണിൽ കുഴി കുത്തി അതിൽ ഭക്ഷണം കൊടുത്തിരുന്നത് നൊസ്റ്റാൾജിയയായി പങ്കുവച്ച നടൻ കൃഷ്ണ കുമാറിന്റെ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിന് വിശദീകരണം നൽകി രംഗത്തെത്തിയ മകൾ ദിയ കൃഷ്ണയ്ക്ക് നേരെയും സൈബർ ആക്രമണം ഉണ്ടായി. ഇപ്പോഴിതാ തനിക്കും പിതാവിനും എതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയും വിശദീകരണവും നൽകി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. കുഴിയിൽ കഞ്ഞി കൊടുക്കുന്നത് അന്നത്തെ രീതിയാണെന്നും അത് കണ്ടപ്പോൾ കൊച്ചു കുട്ടിയായ അച്ഛന് തോന്നിയ കൊതിയാണ് അന്ന് വീഡിയോയിൽ പറഞ്ഞതെന്നും ദിയ പറഞ്ഞു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് ദിയ വിവാദങ്ങൾക്ക് മറുപടി പറഞ്ഞത്.

ദിയയുടെ വാക്കുകൾ ഇങ്ങനെ:

കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ അച്ഛന്റെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് പോയതായിരുന്നു. അവിടെ നിന്ന് അമ്മ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോകുമ്പോൾ പഴങ്കഞ്ഞി കണ്ടു. ആദ്യമായാണ് ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ പഴഞ്ചോറ് കാണുന്നത്. വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണമാണ് പഴഞ്ചോറ്. പ്രത്യേകിച്ച് എനിക്കും അച്ഛനും. ആ വ്‌ലോഗിൽ അച്ഛൻ പറഞ്ഞത്. പഴഞ്ചോറ് കണ്ടപ്പോൾ തന്നെ അച്ഛന് പഴയ കാലം ഓർമ വന്നുവെന്നാണ് പറയുന്നത്. പഴയ കാലം എന്നാൽ അച്ഛന് ഇരുപതോ മുപ്പതോ വയസുള്ളപ്പോഴല്ല, ഏഴോ എട്ടോ വയസുള്ളപ്പോഴത്തെ കാര്യമാണ്. അച്ഛൻ സാധാരണയിൽ സാധാരണക്കാരായ, ലോവർ മിഡിൽ ക്ലാസ് ഫാമിയിൽ നിന്നുമാണ് വരുന്നത്. അദ്ദേഹം വലുതായ ശേഷമാണ് മീഡിയയിലേക്ക് വരുന്നതും ഇന്നത്തെ നിലയിലേക്ക് എത്തുന്നതും.

അച്ഛന്റെ അമ്മയും അച്ഛനും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അച്ഛന്റെ അമ്മ വളരെ കനിവുള്ള സ്ത്രീയായിരുന്നു. കുട്ടിക്കാലത്ത് അവിടെ പോയാൽ വെറും കയ്യോടെ തിരികെ വിടില്ല. ഒന്നുമില്ലെങ്കിൽ ഒരു ബിസ്‌ക്കറ്റ് എങ്കിലും തന്നു വിടുമായിരുന്നു. എൺപതുകളിലെ കാര്യമാണ് അച്ഛൻ പറഞ്ഞത്. അച്ഛന്റെ വീട്ടിൽ പണിക്കു വരുന്ന ആളുകളെക്കുറിച്ചല്ല പറഞ്ഞത്. അച്ഛന്റെ വീടിന്റെ അടുത്ത് പണിക്ക് വരുന്നവരെക്കുറിച്ചാണ് പറഞ്ഞത്. അവർ ക്ഷീണിച്ച് നിൽക്കുന്നത് കണ്ട് അവർക്ക് ഭക്ഷണം കൊടുക്കാൻ അച്ഛന്റെ അമ്മയ്ക്ക് തോന്നിയിരുന്നു. ലോവർ മിഡിൽ ക്ലാസ് ഫാമിലി ആയതിനാൽ എല്ലാവർക്കുമുള്ള പാത്രവും ഗ്ലാസും ട്രേയുമൊന്നും കാണില്ല. ഒരു പത്തമ്പത് പേർക്ക് കൊടുക്കാൻ ഇതൊന്നും തികയില്ല. വീട്ടിൽ ഒരു രണ്ടുമൂന്ന് പാത്രങ്ങളൊക്കെയേ ഉണ്ടാകൂ.

അവർക്ക് ഭക്ഷണം കൊടുക്കണം എന്നു തോന്നി. അങ്ങനെ അമ്മൂമ്മ അവർക്ക് എല്ലാവർക്കും പഴഞ്ചോറുണ്ടാക്കും. നാട്ടിൻ പുറത്ത് പണ്ട് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന രീതിയാണ് ഇത്. മണ്ണിൽ കുഴികുത്തി അതിൽ ഇല വച്ച് ചോറ് ഒഴിച്ച് കഴിക്കുന്നത്. കൈ വച്ചോ പ്ലാവിന്റെ ഇല വച്ചോ കഴിക്കും. എന്റെ അച്ഛനും അപ്പൂപ്പനും എന്റെ കൂട്ടുകാരുടെ അച്ഛന്മാരുമെല്ലാം അങ്ങനെ കഴിച്ചിട്ടുണ്ട്. അത് അന്നത്തെ ട്രഡിഷനാണ്. അന്ന് അങ്ങനെയാണ് കഴിക്കുന്നത്. അവർ അങ്ങനെ കഴിക്കുന്നത് കാണുമ്പോൾ കൊച്ചുകുട്ടിയായ അച്ഛനും അങ്ങനെ കഴിക്കണമെന്ന് കൊതി തോന്നിയിട്ടുണ്ട്. എഴെട്ട് വയസുള്ള പയ്യന് തോന്നിയ ആഗ്രഹത്തെക്കുറിച്ചാണ് അച്ഛൻ ആ വീഡിയോയിൽ പറയുന്നത്. അല്ലാതെ താഴ്ന്ന ജാതിക്കാർക്ക് കുഴി കുത്തി കഞ്ഞി കൊടുത്തു എന്നല്ല അച്ഛൻ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button