CinemaGeneralLatest NewsNEWS

സ്‌ക്രീനില്‍ രക്ഷിച്ചു ഇനി നാട്ടില്‍ രക്ഷിക്കാം എന്ന ചിന്തയാണ് ഇവര്‍ക്ക്: അരവിന്ദ് സ്വാമി

നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചൂടൻ ചർച്ചകൾ തമിഴ്‌നാട്ടിൽ അവസാനിച്ചിട്ടില്ല. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന കക്ഷി ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്ട്രര്‍ ചെയ്തു കഴിഞ്ഞു. രണ്ട് സിനിമകള്‍ കൂടി ചെയ്ത ശേഷം വിജയ് അഭിനയം പൂര്‍ണമായും ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ വിജയ്ക്ക് സിനിമ മേഖലയിൽ നിന്നും നിരവധി പേർ ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു. മക്കള്‍ ഈയക്കം അടക്കമുള്ള തന്റെ ഫാന്‍സ് ക്ലബുകളെ രാഷ്ട്രീയമായി പരിവര്‍ത്തനപ്പെടുത്തി 2026ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ദളപതിയുടെ മുന്നൊരുക്കം.

താര രാഷ്ട്രീയത്തെ കുറിച്ച് നടന്‍ അരവിന്ദ് സ്വാമി ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിജയ്‌യെ അടക്കം പരാമര്‍ശിച്ചായിരുന്നു അരവിന്ദ് സ്വാമിയുടെ വാക്കുകള്‍. സ്‌ക്രീനിലെ രക്ഷപ്പെടുത്തലുകള്‍ കണ്ട് ജീവിതത്തിലും രക്ഷിക്കുമെന്ന് പ്രതീക്ഷിച്ച് വോട്ട് ചെയ്യരുത് എന്നായിരുന്നു അരവിന്ദ് സ്വാമി പറഞ്ഞത്. ഈ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാവുന്നത്.

‘ഞാന്‍ രജനികാന്തിന്റെ ഫാന്‍ ആണ്, കമല്‍ സാറിന്റെ ഫാനാണ്, വിജയ്‌യെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഇത് കൊണ്ട് അവര്‍ക്ക് വോട്ട് ചെയ്യാന്‍ പാടില്ല. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ അല്ലെങ്കില്‍ പദ്ധതികള്‍ എന്നിവയില്‍ എനിക്ക് ആദ്യം വിശ്വാസം വരണം. നിങ്ങള്‍ ഒരു താരം ആയിരിക്കാം, എന്നാല്‍ ഒരു സര്‍ക്കാറിന്റെ നയം രൂപീകരിക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കും. ഞാന്‍ സ്‌ക്രീനില്‍ കുറേയാളെ രക്ഷിച്ചു, ഇനിയിപ്പോ നാട്ടില്‍ രക്ഷിക്കാം എന്ന ഒരു താരത്തിന് വരുന്ന മൈന്റ് സെറ്റില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതുമാകാം.

എന്നാല്‍, ഇങ്ങനെ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ ഒരു സംസ്ഥാനത്തിന്റെ നയരൂപീകരണം നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കണം. അത് നിങ്ങളെക്കൊണ്ട് സാധിക്കും അത് പഠിക്കാന്‍ കൂടി സമയം കണ്ടെത്തണം. നിങ്ങള്‍ക്ക് ചുറ്റും ആളുകളുണ്ടാകും. അതിനൊപ്പം ക്രിയേറ്റീവായ ആളുകളെയും ഒപ്പം ചേര്‍ക്കേണ്ടതുണ്ട്’, അരവിന്ദ് സ്വാമി പറഞ്ഞിരുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button