
മുംബയ്: നടൻ അജാസ് ഖാൻ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി രംഗത്ത്. റിയാലിറ്റി ഷോയിലൂടെ അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന്റെ പേരിൽ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ബലാത്സംഗ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചാർകോപ്പ് പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അജാസ് ഖാൻ അവതാകരനായ റിയാലിറ്റി ഷോയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം ചെയ്തും ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നാണ് യുവതിയുടെ പരാതി. ഹൗസ് അറസ്റ്റ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയുടെ വേഷം വാഗ്ദാനം ചെയ്താണ് അജാസ് ഖാൻ വിളിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. ഷൂട്ടിംഗിനിടെ അജാസ് ആദ്യം യുവതിയോട് വിവാഹാഭ്യർത്ഥന നടത്തി. പിന്നീട് ഇവരുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് ആരോപണം.
ഹൗസ് അറസ്റ്റ് എന്ന പരിപാടിക്കിടയിൽ മത്സരാർത്ഥികളോട് കാമസൂത്രയിലെ വിവിധ സെക്സ് പൊസിഷനുകൾ അനുകരിക്കാൻ അജാസ് ഖാൻ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. .ഇതോടെ അജാസ് ഖാനും പരിപാടിക്കുമെതിരെ ബജ്റംഗ് ദൾ പ്രവർത്തകൻ മുംബയ് പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് അജാസ് ഖാനും റിയാലിറ്റി ഷോയുടെ നിർമാതാവ് രാജ് കുമാർ പാണ്ഡെയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ മോശമായി ചിത്രീകരിച്ചു, പൊതുസ്ഥലത്ത് സഭ്യമല്ലാത്ത രീതിയിൽ പെരുമാറി തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. വിവാദത്തെ തുടർന്ന് അജാസ് ഖാൻ, ഷോ പ്രക്ഷേപണം ചെയ്ത ‘ഉല്ലു’ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന്റെ സിഇഒ വിദ്യ അഗർവാൾ എന്നിവർക്ക് ദേശീയ വനിതാ കമ്മിഷൻ സമൻസ് അയച്ചിട്ടുണ്ട്. മേയ് ഒമ്പതിനകം കമ്മിഷന് മുൻപിൽ ഹാജരാകാനാണ് നിർദ്ദേശം.
സ്ത്രീകളായ മത്സരാർത്ഥികളോടും അജാസ് ഖാൻ സെക്സ് പൊസിഷനുകൾ അഭിനയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സ്ത്രീകളെ അജാസ് ഖാൻ പ്രേരിപ്പിക്കുന്ന വീഡിയോ ശകലങ്ങൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് നടനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമുയർന്നു. വിഡിയോ വിവാദമായതോടെ അഡൽട്ട് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഉല്ലുവിൽ നിന്ന് റിയാലിറ്റി ഷോയുടെ എപ്പിസോഡുകൾ നീക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 11 മുതലാണ് ഇത് സംപ്രേഷണം ചെയ്ത് തുടങ്ങിയത്.
Post Your Comments