
ന്യൂഡൽഹി: ഇന്ത്യാ-പാക് സംഘർഷത്തിന്റെ തീവ്രത താൻ നേരിട്ടറിഞ്ഞെന്ന് നടി ഐശ്വര്യാ രാജ്. സംജാദ് സംവിധാനം ചെയ്യുന്ന ഹാഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജയ്സാൽമീറിലെത്തിയതായിരുന്നു നടി. താമസിക്കുന്ന ഹോട്ടലിന് പുറത്തൊരു ധാബയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ആകാശത്ത് വലിയ പ്രകാശം കണ്ടെന്ന് അവർ പറഞ്ഞു. തിരികെ ഹോട്ടലിലെത്തിയപ്പോഴാണ് അത് പാകിസ്ഥാന്റെ ഷെല്ലാക്രമണമാണെന്ന് മനസിലായതെന്നും അവർ പറഞ്ഞു.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ കണ്ട പ്രകാശം ഇന്ത്യൻ സൈന്യത്തിന്റെ മോക്ക് ഡ്രില്ലിന്റെ ഭാഗമായുള്ളതാണെന്നാണ് ആദ്യം കരുതിയതെന്ന് ഐശ്വര്യാ രാജ് പറഞ്ഞു. പിന്നീടാണ് കേട്ട ശബ്ദവും ആകാശത്തിലെ വെളിച്ചവും പറക്കുന്ന ഷെല്ലുകളായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ഹോട്ടൽ മുറിയിലെ ടിവി ഓണാക്കിയപ്പോഴാണ് കാര്യങ്ങൾ ഭയാനകമാണെന്ന് മനസിലായത്. ഇതൊരു ഡ്രിൽ അല്ല, യഥാർത്ഥ പോരാട്ടമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ശരിക്കും ഭയപ്പെട്ടുവെന്നും ഐശ്വര്യ പറഞ്ഞു.
‘ഹാഫ്’ എന്ന മലയാള സിനിമയുടെ ഇരുനൂറംഗ സംഘം കഴിഞ്ഞ 10 ദിവസമായി രാജസ്ഥാനിലെ ജയ്സാൽമീറിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് നടത്തിവരികയായിരുന്നു. സംഘർഷം രൂക്ഷമായതോടെ സിനിമയുടെ ചിത്രീകരണം നിർത്തി സംഘം നാട്ടിലേക്ക് തിരിച്ചിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തുകൊണ്ടാണ് ഐശ്വര്യ ശ്രദ്ധേയയായത്.
Post Your Comments