GeneralLatest NewsMollywood

മധുര സംഗീതത്തില്‍ ചാലിച്ച പ്രണയകാവ്യം

പ്രണയ ആല്‍ബങ്ങളുടെ സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ’.

പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ പ്രേക്ഷകര്‍ പലപ്പോഴും ആഘോഷിച്ചിട്ടുണ്ട്. മഴയുടെയും മഞ്ഞിന്റെയും കുളിരായി… ഒഴുകുന്ന നദിയായി… പ്രണയം. കാലം എത്രമാറിയാലും ആഘോഷങ്ങളും ഫാഷനുകളും മാറിയാലും പ്രണയം ഇന്നും മനസ്സില്‍ നിറയുന്ന വികാരമാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ പല തലങ്ങളിലായി അറിഞ്ഞും അറിയാതെയും നമ്മുടെ ഉള്ളിലേക്ക് കടന്നു വരുന്ന ഒരു അനുഭൂതിയോ വികാരമോ. നിര്‍വചിക്കാന്‍ എളുപ്പമല്ലാത്ത ആ ഒന്നിനെ പ്രണയമെന്ന് വിളിക്കാം. മലയാളി മനസ്സുകളില്‍ ആല്‍ബങ്ങളിലൂടെ പ്രണയമഴ പൊഴിച്ച സംവിധായകന്‍ വീണ്ടുമെത്തുന്നു. മധുര സംഗീതത്തില്‍ ചാലിച്ച പുതിയൊരു പ്രണയകാവ്യവുമായി.

സംഗീതം, പ്രണയം, ഹാസ്യം, കുടുംബം എന്നിങ്ങനെ പ്രേക്ഷകരുടെ അഭിരുചികളെ ത്രസിപ്പിക്കുവാനുള്ള രസക്കൂട്ടുമായി അവര്‍ എത്തുന്നു. സമ്പത്തിന്റെയും വിനയന്റെയും ജീവിതകഥയുമായി ന്യൂജെന്‍ തലമുറകളുടെ പുതിയ പ്രണയകാവ്യം.. മനോഹരമായ ഗാനങ്ങളുടെ അകമ്പടിയോടെ പ്രണയകഥ പറയാന്‍ ഈസ്റ്റ്‌കോസ്റ്റ് ബാനര്‍ ഒരുക്കുന്ന പുതിയ ചിത്രം ചില ന്യൂ ജെന്‍ നാട്ടു വിശേഷങ്ങള്‍. അപ്രതീക്ഷിത ജീവിതാനുഭവങ്ങള്‍ പ്രണയത്തിന്റെ ചട്ടക്കൂട്ടില്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് വീണ്ടും ചില നാട്ടുവിശേഷങ്ങൾ.

പ്രണയ ആല്‍ബങ്ങളുടെ സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ’.ചിത്രത്തിലെ പ്രധാന കഥാപാത്രമായ വിനയനെ അവതരിപ്പിക്കുന്നത് പുതുമുഖം അഖില്‍ പ്രഭാകരനാണ്. ഓര്‍മ്മക്കായ്, നിനക്കായ്, ആദ്യമായ്, ഇനിയെന്നും, എന്നെന്നും എന്ന ആല്‍ബങ്ങളിലെ ഈസ്റ്റ് കോസറ്റ് വിജയന്റെ ഗാനങ്ങള്‍ എന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തതാണ്. വരികളും സംഗീതവുംകൊണ്ട് ശ്രോതാക്കളെ പിടിച്ചിരുത്തുന്ന അഞ്ചു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്.

പൊട്ടിച്ചിരിയുടെ രസക്കൂട്ടുമായിദേശീയ പുരസ്കാര ജേതാവ് സുരാജും ഹരീഷും ഒന്നിക്കുന്ന ഈ ചിത്രം ന്യൂജനറേഷൻ യുവ തലമുറയുടെ നാട്ടുവിശേഷങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നു. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ശിവകാമി,സോനു എന്നിങ്ങനെ താരനിരകള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എൽ പുരം ജയസൂര്യയാണ്. പുതിയ തലമുറയേയും പഴയതലമുറയേയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ ജൂലൈ പകുതിയോടെ തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button