CinemaMollywoodNEWS

എന്‍റെ സിനിമ തുടങ്ങുമ്പോള്‍ അവിടെ ഹരിഹരന്‍ സാര്‍ വരരുത്: കാരണം വെളിപ്പെടുത്തി ഭദ്രന്‍

ഹരിഹരന്‍ എന്ന മലയാളത്തിലെ ഏറ്റവും ടോപ്‌ ലെവല്‍ സംവിധായകന്റെ ശിഷ്യനായി സിനിമയിലെത്തിയ മറ്റൊരു ഹിറ്റ് സംവിധായകനാണ് ഭദ്രന്‍, തന്റെ ഗുരുവായ ഹരിഹരനെക്കുറിച്ച് അദ്ദേഹം പങ്കുവയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പോലെ വ്യത്യസ്തമാണ് ഭദ്രനിലെ ഗുരു സ്നേഹവും.

ഭദ്രന്‍ ഹരിഹരനെക്കുറിച്ച് പറയുന്നതിങ്ങനെ

“ഒരാള്‍ക്കൊപ്പം ശിഷ്യപ്പെടുമ്പോള്‍ അദ്ദേഹത്തോടോപ്പം കടന്നു ചെന്ന് ആ ജോലി നമുക്ക് ചെയ്യാന്‍ സാധിക്കില്ല. അപ്പോള്‍ അദ്ദേഹത്തിന് വേണ്ടുന്ന കാര്യങ്ങള്‍ സ്വരൂപിച്ചു കൊടുക്കുക എന്നത് നമ്മുടെ ഡ്യൂട്ടിയാണ്, ഹരിഹരന്‍ സാറിന്റെ കീഴില്‍ അങ്ങനെ പ്രവര്‍ത്തിച്ച ഒരു ശിഷ്യനായിരുന്നു ഞാന്‍, ഏതു ജോലിക്കും നമ്മള്‍ മിടുക്കനാണെന്ന് സ്ഥാപിക്കേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഹരിഹരന്‍ സാറിന്റെ മുന്നില്‍ എപ്പോഴും സ്മാര്‍ട്ട് ആയിട്ടുള്ള ഒരു അസിസ്റ്റന്റ്റ് ആകാന്‍ ശ്രമിച്ചിട്ടുള്ള വ്യക്തിയായിരുന്നു ഞാന്‍. ഡബ്ബിംഗ് തിയേറ്ററിലൊക്കെ സാര്‍ എങ്ങനെ ‘പൈലറ്റ്‌ ട്രാക്കില്‍’ പറയിപ്പിച്ചിട്ടുണ്ടോ അത് പോലെ ഞാനും പറയിപ്പിക്കുമായിരുന്നു, ഡബ്ബ് ചെയ്യുന്ന സമയത്ത് നടന്‍ സുകുമാരന്‍ തമാശയോടെ പറയും, “ഡിവൈഎസ്പി ഉള്ളപ്പോള്‍ ഇന്‍സ്പെക്ടര്‍ ഞെളിയാണോ എന്ന്”.

ഹരിഹരന്‍ സാറിനൊപ്പം ജോലി ചെയ്യുമ്പോള്‍ മറ്റൊരു സംവിധായകന് കീഴില്‍ ജോലി ചെയ്യാന്‍ ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. സാറിന്റെ അച്ചടക്കവും, ഒരു സീന്‍ നന്നായി കാണാന്‍ ആഗ്രഹിക്കുന്ന പരിശ്രമവുമൊക്കെ ഒരു ശിഷ്യനെന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വളരെ വിചിത്രമായി തോന്നാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. എന്‍റെ ആദ്യ സിനിമയുടെ പൂജ വേളയില്‍ ഒരു ശിഷ്യന്‍ തന്റെ ഗുരുനാഥന്‍ ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിച്ച ആളാണ് ഞാന്‍, ഇദ്ദേഹം ഉണ്ടാകാത്ത ഒരു ദിവസം ഉണ്ടെങ്കില്‍ ആ ദിവസം മതി എന്റെ സിനിമയുടെ പൂജ. കാരണം ഇദ്ദേഹത്തിന്റെ മുന്നില്‍ നിന്ന്, “സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ കട്ട് ഇറ്റ്” എന്ന് പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല”,- ഭദ്രന്‍ വ്യകതമാക്കുന്നു.

ഹരിഹരന്റെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഭദ്രന്‍ സഹാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982-ല്‍ പുറത്തിറങ്ങിയ ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന ചിത്രത്തിലൂടെ ഭദ്രന്‍ സ്വതന്ത്ര സംവിധാന രംഗത്തേക്ക് കടന്നു വന്നു.

കടപ്പാട് : സഫാരി ടിവി (ചരിത്രം എന്നിലൂടെ)

shortlink

Related Articles

Post Your Comments


Back to top button