GeneralLatest NewsMollywood

ബിജെപി ബന്ധം കാരണം അവര്‍ ലക്ഷ്യം വെക്കുന്നത് എന്നെ; അച്ഛന് വേണ്ടി വോട്ടുപിടിക്കാന്‍ പോയതിന്റെ പകയെന്ന് ഗോകുല്‍ സുരേഷ്

ഒരു മകന്‍ എന്ന നിലയില്‍ അതില്‍ കുറഞ്ഞതൊന്നും എനിക്ക് ചെയ്യാനാവില്ല.

അച്ഛന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന്റെ പേരില്‍ നിര്‍മാതാക്കള്‍ തന്നോട പക കാണിക്കുന്നുവെന്ന് നടന്‍ ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയുടെ മകനായ ഗോകുല്‍ തന്റെ പുതിയ ചിത്രമായ സായാഹ്ന വാര്‍ത്തകള്‍ എന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെയാണ് രംഗത്തെത്തിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മത്സരിച്ചിരുന്നു. അച്ഛന് പിന്തുണയുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗോകുലും പങ്കെടുത്തിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ നിര്‍മാതാക്കള്‍ ഷൂട്ടിങ് നീട്ടിക്കൊണ്ടുപോവുകയാണ് എന്നാണ് താരത്തിന്റെ ആരോപണം.

”ഞാന്‍ ബിജെപിക്കാരനല്ല. എന്നാല്‍ എന്റെ അച്ഛന് വേണ്ടി ഞാന്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. അച്ഛന്‍ 18 ദിവസമാണ് പ്രചരണം നടത്തിയത്. എന്നാല്‍ അതില്‍ ആറ് ദിവസം മാത്രമാണ് ഞാന്‍ പങ്കെടുത്തത്. ഒരു മകന്‍ എന്ന നിലയില്‍ അതില്‍ കുറഞ്ഞതൊന്നും എനിക്ക് ചെയ്യാനാവില്ല. എന്നാല്‍ ഇതുകൊണ്ട് നിര്‍മാതാക്കള്‍ അറിഞ്ഞുകൊണ്ട് അവരുടെ പ്രൊജക്‌ട് തന്നെ നീട്ടിക്കൊണ്ടുപോവുകയാണ്. ‘ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ സുരേഷ് പറഞ്ഞു.

ഈ ചിത്രത്തിലെ തന്റെ ലുക്കിന്റെ പൂര്‍ണതയ്ക്ക് വേണ്ടി മറ്റ് ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും ഗോകുല്‍ വ്യക്തമാക്കി. എന്നാല്‍ നിര്‍മാതാക്കള്‍ ഈചിത്രം പാതി വഴിയില്‍ ഉപേക്ഷിച്ച്‌ മറ്റു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണെന്നും താരം ആരോപിച്ചു. അവരുടെ നീക്കങ്ങള്‍ തനിക്കെതിരെയാണെന്ന് സൂചനകള്‍ നല്‍കാതെ വളരെ സൂഷ്മമായാണ് നിര്‍മാതാക്കളുടെ പ്രവര്‍ത്തനമെന്നും താരം ആരോപിച്ചു.

”എനിക്കെതിരെയല്ല അവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കാണിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതേസമയം തന്നെ ബിജെപി ബന്ധം കാരണം എന്നെ തന്നെയാണ് ലക്ഷ്യം വെക്കുന്നത്.’ ഗോകുല്‍ വ്യക്തമാക്കി. രാഷ്ട്രീയ പരിഹാസ ചിത്രമായാണ് സായാഹ്ന വാര്‍ത്തകള്‍ എത്തുന്നത്. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതിനാല്‍ ചിത്രം പരിഹസിക്കുന്നത് അവരെതന്നെയാണ്. എന്നാല്‍ എന്റെ അച്ഛന്‍ ബിജെപിക്കാരനായിട്ടും പാര്‍ട്ടിയെ കളിയാക്കിയിട്ടും ഈ ചിത്രത്തിന്റെ ഭാഗമാകാനുള്ള മനസ് ഞാന്‍ കാണിച്ചു. ഇപ്പോഴും ഇതുമായി മുന്നോട്ടുപോകാനാണ് എന്റെ തീരുമാനം. അതേപോലെ നിര്‍മാതാക്കളും പ്രൊഫഷണലായി പെരുമാറണം. എന്നാല്‍ അവര്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഞാന്‍ പ്രൊഫഷണല്‍ അല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് അവരുടെ ശ്രമം. ചിത്രം പൂര്‍ത്തിയാക്കി തീയെറ്ററില്‍ എത്തിക്കുന്നതിന് പകരം മറ്റു പല കാര്യങ്ങളിലാണ് അവരുടെ ശ്രദ്ധ” ഗോകുല്‍ ആരോപിച്ചു.

താന്‍ ഷൂട്ടിങ്ങിന് സഹകരിക്കുന്നില്ലെന്ന് നിര്‍മാതാക്കള്‍ തനിക്കെതിരേ ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫ് കേരളയ്ക്ക് പരാതി നല്‍കിയെന്നു ഗോകുല്‍ പറഞ്ഞു. കൂടാതെ തന്റെ അച്ഛന്റെ ഓഫിസിന്റെ സഹകരണത്തില്‍ കൊല്‍ക്കത്തയില്‍ ഷൂട്ട് ചെയ്യാനുള്ള അനുവാദം വരെ വാങ്ങി നല്‍കിയെന്നും താരം പറഞ്ഞു. എന്നാല്‍ ഗോകുലിന്റെ ആരോപണങ്ങള്‍ നിര്‍മാതാക്കളില്‍ ഒരാളായ മെഹ്ഫൂസ് തള്ളി. നടനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും മറ്റ് ചില കാരണങ്ങള്‍കൊണ്ടാണ് ഷൂട്ടിങ് നീളുന്നതെന്നും പറഞ്ഞ അദ്ദേഹം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും ഷൂട്ടിങ് ഉടന്‍ പുനരാരംഭിക്കുമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button