സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു പ്രാരാബ്ധക്കാരന്‍; ലോനപ്പന്റെ പ്രതീക്ഷകള്‍

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ. സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയാത്ത പ്രാരാബ്ധക്കാരന്‍ ,ലോനപ്പന്റെ ജീവിതമാണ് ലിയോ തദ്ദേവൂസ് സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ പ്രമേയം.

അവിവാഹിതരായ മൂന്നു പെങ്ങന്മാരും ലോനപ്പനും അടങ്ങുന്ന കുടുംബമാണ് ഈ ചിത്രത്തിന്‍റെ കാതല്‍. അപ്പാപ്പനില്‍നിന്ന് കിട്ടിയ വീടും പഴയൊരു വാച്ച് റിപ്പയറിങ് കടയുമാണ് ലോനപ്പന്റെ ആകെയുള്ള സമ്പാദ്യം. തന്റെ രണ്ടു ചേച്ചിമാരുടെയും അനിയത്തിയുടെയും വിവാഹം നടത്താന്‍ ലോനപ്പന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലകാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോകുന്നു. ഒരു നാട്ടിന്‍ പുറത്ത് സാധാരണ ജീവിതം നയിക്കുന്ന ലോനപ്പന്റെ ജീവിതത്തില്‍ അയാള്‍ പഠിച്ച സ്കൂളില്‍ നടക്കുന്ന ഒരു പൂര്‍വ്വ വിദ്യാര്‍ഥി സംഗമം കൊണ്ടുണ്ടാകുന്ന മാറ്റങ്ങളാണ് സിനിമയേ മുന്നോട്ട് നയിക്കുന്നത്.

തനിക്കൊപ്പം പഠിച്ചവര്‍ ജീവിതത്തിന്റെ ഉയര്‍ന്ന നിലകളില്‍ എത്തിയത് തിരിച്ചറിയുന്ന ലോനപ്പന്‍ സ്കൂള്‍ കാലത്ത് മിടുക്കനായ തനിക്ക് ഒന്നുമാകാന്‍ കഴിയാതെ പോയതിന്റെ നിരാശയിലാകുന്നു. തന്റെ സ്വപ്‌നങ്ങള്‍ തിരിച്ചു പിടിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുന്നതും അതിലൂടെ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ഈ ചിത്രം. തൃശ്ശൂര്‍ ജില്ലയിലെ മാള, ഇരിങ്ങാലക്കുട മേഖലകളിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാഷയുടെയും ആചാരങ്ങളുടെയും സംസ്‌കാരങ്ങളുടെയുമൊക്കെ പശ്ചാത്തലത്തിലൂടെയാണ് ഈ കഥ മുന്നോട്ട് പോകുന്നത്.

നാട്ടിൻ പുറത്തെ നന്മ വളരെ മനോഹരമായി ആവിഷ്കരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും , ദൃശ്യങ്ങളും മനോഹരമാണ്. പഴയ ജയറാമിന്റെ തിരിച്ചുവരവാണ് ഈ ചിത്രമെന്നു തന്നെയാണ് ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകാഭിപ്രായം. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ്‌ മാത്യു നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ജയറാമിന്റെ വല്യേച്ചിയായി ശാന്തികൃഷണയും കുഞ്ഞേച്ചിയായി നിഷ സാരംഗും എത്തുമ്പോള്‍ അനിയത്തിയായി ഇവയും മികച്ച പ്രകടനം നടത്തുന്നു. ജയറാമിന്റെ നായികയായി എത്തുന്നത് അങ്കമാലി ഡയറീസിൽ കൂടി ശ്രദ്ധേയയായ അന്ന രാജനാണ്. എന്നാല്‍ വല്ലപ്പോഴും വന്നു മുഖം കാണിച്ചു പോകുന്ന ഒരു നായികമാത്രമായി അന്ന ചുരുങ്ങുന്നു.

അനില്‍കുമാര്‍

SHARE