GeneralMollywood

രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് മനസ്സ് തുറന്ന് മോഹൻലാൽ

വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്നും അതിനായി ബിജെപി കരുനീക്കങ്ങള്‍ തുടങ്ങിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് മനസ്സ് തുറന്ന് മോഹൻലാൽ.

പ്രധാനമന്ത്രിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയതു മുതല്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായതാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അതിനെക്കുറിച്ച് തുറന്നു പറയുകയാണ്‌ താരം. പ്രധാനമന്ത്രിയുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ… ‘‘അദ്ദേഹം എന്നെ ‘മോഹൻജി’ എന്നാണ് വിളിച്ചത്. ഞങ്ങൾ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചിട്ടേയില്ല. ഒരിക്കൽ പോലും രാഷ്ട്രീയം കടന്നുവന്നില്ല. ആ സമയത്ത് ഒരു കുട്ടിയുടെ കൗതുകത്തോടെ അദ്ദേഹം കാര്യങ്ങൾ ചോദിക്കുകയായിരുന്നെന്ന് എനിക്കു തോന്നി. രാഷ്ട്രീയത്തെക്കുറിച്ച് എനിക്കൊരറിവും ഇല്ലാത്തതു കൊണ്ട് അതിനെക്കുറിച്ച് പറയാനൊന്നുമില്ലായിരുന്നു. ഞാനും ഒരു കുട്ടിയെ പോലെയാണ് അദ്ദേഹത്തോടു പെരുമാറിയത്.

ഏതു രാഷ്ട്രീയക്കാരുടെ കൂടെ സമയം ചെലവഴിച്ചാലും പ്രചരിപ്പിക്കപ്പെടുന്ന കാര്യമാണ് നമ്മുടെ രാഷ്ട്രീയ പ്രവേശനം. അതോടെ ആ രാഷ്ട്രീയ പാർട്ടിയുടെ ആളായി മാറും. പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാൻ തിരുവനന്തപുരത്ത് മത്സരിക്കും എന്നു വരെ ആരൊക്കെയോ പ്രഖ്യാപിച്ചു. പക്ഷേ, രാഷ്ട്രീയത്തിലേക്ക് ഞാനില്ല. ഒരു രീതിയിലും താൽപര്യമില്ലാത്ത കാര്യമാണത്. എനിക്ക് ഇപ്പോഴുള്ളതു പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം.

മലയാളസിനിമയിലെ ചുരുക്കം പേരെ രാഷ്ട്രീയത്തിലേക്കിറങ്ങിയിരുന്നുള്ളൂ. ഒരു കാലത്ത് നസീർസാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷേ, ഇപ്പോൾ ഗണേഷും മുകേഷും ഇന്നസെന്റും സുരേഷ് ഗോപിയുമെല്ലാം ഈ രംഗത്തു സജീവമാണ്. പലരും എന്നോട് രാഷ്ട്രീയത്തിലേക്കു വരാനും ഇലക്‌ഷനു നിൽക്കാനുമെല്ലാം പറഞ്ഞു. പക്ഷേ, ഞാനില്ല. അറിയാത്ത മേഖലയിലേക്ക് ഇറങ്ങാതിരിക്കുകയല്ലേ നല്ലത്” .

shortlink

Related Articles

Post Your Comments


Back to top button