GeneralLatest NewsMollywood

അയാള്‍ നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് അയാളെ പുറത്താക്കിയത്? കൂറ് മാറിയവര്‍ രാജിവെച്ച്‌ പുറത്ത് പോവുക; നടന്‍ ഹരീഷ് പേരടി

അമ്മ എന്ന സംഘടനയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് നമ്മളെ വിട്ടു പോയ ഒരു പാട് നടി നടന്‍മാരോടുള്ള ഉത്തരവാദിത്വമാണെന്ന് കൂടി ഞാന്‍ വിശ്വസിക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയുടെ നേതൃത്വത്തിലുളളവര്‍ തന്നെ കൂറ് മാറിയതില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് താര സംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതെന്ന് ഹരീഷ് പേരടി ചോദിക്കുന്നു. ഒന്നുകില്‍ നേതൃത്വത്തിന് അയാള്‍ തെറ്റുകാരനല്ല എന്ന് പൂര്‍ണ ബോധ്യമുള്ള സ്ഥിതിക്ക് അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുക. അല്ലെങ്കില്‍ കൂറ് മാറിയവര്‍ രാജിവെച്ച്‌ പുറത്ത് പോവണമെന്നും ഹരീഷ് പേരടി ഫേസ് ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

അന്തരിച്ച മുരളി ചേട്ടനാണ് അമ്മ എന്ന പേര് ഈ സംഘടനക്ക് ഇട്ടത്. അമ്മ എന്ന സംഘടനയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് നമ്മളെ വിട്ടു പോയ ഒരു പാട് നടി നടന്‍മാരോടുള്ള ഉത്തരവാദിത്വമാണ്. തീരുമാനം തന്നെ അറിയിക്കണ്ട. പൊതുസമൂഹത്തെ അറിയിക്കുക. എന്നിട്ട് വേണം അന്തസ്സുള്ള അംഗങ്ങള്‍ക്ക് കൂറ് മാറണോ എന്ന് തീരുമാനിക്കാന്‍ എന്നും ഹരീഷ് പേരടി വ്യക്തമാക്കി.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ആരോപണ വിധേയനായ നടന്‍ കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നിയമമാണ്.. അതിന് വിധി പ്രസ്താവിക്കാന്‍ ഞാനാരുമല്ല.. പക്ഷെ സംഘടനാ തലപ്പത്തിരിക്കുന്നവര്‍ തന്നെ അവര്‍ പോലീസിന് കൊടുത്ത മൊഴി തിരുത്തി ഇങ്ങിനെ കൂറ് മാറി കളിക്കുമ്ബോള്‍ സ്വഭാവികമായും ഒരു ചോദ്യം ഉയര്‍ന്ന് വരുന്നു. അയാള്‍ നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് അയാളെ പുറത്താക്കിയത്?..

ഒന്നുകില്‍ നേതൃത്വത്തിന് അയാള്‍ തെറ്റുകാരനല്ല എന്ന് പൂര്‍ണ്ണ ബോധ്യമുള്ള സ്ഥിതിക്ക് അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുക. അല്ലെങ്കില്‍ കൂറ് മാറിയവര്‍ രാജിവെച്ച്‌ പുറത്ത് പോവുക. കാരണം ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് മാത്രം പുറത്ത് വന്ന ഒരു പാട് പാവപ്പെട്ട അംഗങ്ങള്‍ അമ്മയിലുണ്ട്. അവരുടെ മാനത്തിനും വിലയുണ്ട്. അന്തരിച്ച മുരളിചേട്ടനാണ് അമ്മ എന്ന പേര് ഈ സംഘടനക്ക് ഇട്ടത് എന്നാണ് ഞാന്‍ കേട്ടത്.

അതുകൊണ്ട് തന്നെ അമ്മ എന്ന സംഘടനയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് നമ്മളെ വിട്ടു പോയ ഒരു പാട് നടി നടന്‍മാരോടുള്ള ഉത്തരവാദിത്വമാണെന്ന് കൂടി ഞാന്‍ വിശ്വസിക്കുന്നു. തീരുമാനം എന്നെ അറിയിക്കണ്ട. പൊതു സമൂഹത്തെ അറിയിക്കുക. എന്നിട്ട് വേണം അന്തസ്സുള്ള അംഗങ്ങള്‍ക്ക് കൂറ് മാറണോ എന്ന് തീരുമാനിക്കാന്‍ (കൂറ് മാറാനും മാറ്റാനുമുള്ളതാണല്ലോ).

അടികുറിപ്പ്- ഈ അഭിപ്രായത്തിന്റെ പേരില്‍ എന്നെ ആര്‍ക്കും വിലക്കാന്‍ പറ്റില്ല. ലോകം പഴയ കോടമ്ബാക്കമല്ല.. വിശാലമാണ്.. നിരവധി വാതിലുകള്‍ തുറന്ന് കിടക്കുന്നുണ്ട്.. ഏത് വാതിലിലൂടെ പോകണമെന്ന് പോകാന്‍ തയ്യാറായവന്റെ തീരുമാനമാണ്. നല്ല തീരുമാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചുകൊണ്ട്- ഹരീഷ് പേരടി

shortlink

Related Articles

Post Your Comments


Back to top button