Film ArticlesGeneralLatest NewsMollywoodNEWS

മലയാളത്തിന്റെ ചാര്‍ലി ചാപ്ലിന്‍: ഉടലിന്റെ പകര്‍ന്നാട്ടങ്ങള്‍

ഇന്ദ്രന്‍സിനു വെള്ളിത്തിരയിൽ നിന്നും ലഭിച്ച പേരുകളായിരുന്നു കുടക്കമ്പിയും നത്തോലിയും നീര്‍ക്കോലിയുമെല്ലാം.

ഉടലിന്റെ പകര്‍ന്നാട്ടങ്ങള്‍ അരങ്ങേറുന്ന വെള്ളിത്തിരയിലെ ഓരോ വ്യത്യസ്ത ഉടലുകളും വ്യത്യസ്ത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നിലപാടുകളുടെ പ്രതിനിധാനമായി മാറാറുണ്ട്. ഓരോ അഭിനേതാവിനും വെള്ളിത്തിരയ്ക്ക് അകത്തും പുറത്തുമായി വിരുദ്ധ നിലകളിലുള്ള ജീവിതവും പകര്‍ന്നാട്ടങ്ങളും ലഭ്യമാകുമെങ്കിൽ തന്നെയും വെള്ളിത്തിരയിൽ അവരുടെ ഉടലുകള്‍ സൃഷ്ടിക്കുന്ന ബോധങ്ങള്‍ ഒഴിയാബാധയായും മറുതലത്തിൽ ആശീര്‍വാദങ്ങളും അംഗീകാരങ്ങളായും പിന്തുടരുന്ന അവസ്ഥകള്‍ സംജാതമാകാറുണ്ട്.

വെള്ളിത്തിരയിലെ ജീവിതവും യഥാര്‍ത്ഥ ജീവിതവും തമ്മിൽ അതിവിദൂരതയിൽ പ്പോലും സമാനതകള്‍ ഇല്ലാതിരിക്കെത്തന്നെ അഭിനേതാവ്/നടന്‍ പുലര്‍ത്തുന്ന നിലപാടുകള്‍ അത്തരം ദൂരത്തെയും ബോധത്തെയും പുനരാലോചനകള്‍ക്കു വിധേയമാക്കാറുണ്ട്. മലയാളിയുടെ പൊതുബോധത്തിൽ മെലിഞ്ഞു നീണ്ട ഉടലുമായി കുടക്കമ്പിയെന്ന വിളിപ്പേരുമായി പടര്‍ന്നു കയറിയ ഇന്ദ്രന്‍സ് എന്ന നടന്‍ നിഷ്‌ക്കളങ്ക ഹാസ്യത്തിന്റെ പ്രതിനിധിയായി തൊണ്ണൂറുകള്‍ അടക്കമുള്ള കാലഘട്ടത്തിൽ നിലകൊള്ളുന്നു വെങ്കിൽ മില്ലേനിയമനന്തര കാലഘട്ടത്തിൽ വേറിട്ടതും അതീവ ഗൗരവതരവുമായ വേഷങ്ങളിലേക്ക് പകര്‍ന്നാടാന്‍ ഇന്ദ്രൻസിനു കഴിഞ്ഞു.

read also: ഞങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടു: വിവാഹമോചിതയാകുന്നുവെന്ന് മിയ ഖലീഫ

തിരുവനന്തപുരത്തെ കുമാരപുരത്ത് 1956 ൽ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി ജനിച്ച സുരേന്ദ്രനാണ് മലയാളികള്‍ക്കു സുപരിചിതനായ ഇന്ദ്രന്‍സ്. സുരേന്ദ്രനിൽ നിന്നും ഇന്ദ്രന്‍സിലേയ്ക്കുള്ള ദീര്‍ഘമായ യാത്രയിൽ ജീവിതത്തിന്റെ ഭിന്ന ഭാവങ്ങള്‍ വിശേഷിച്ചും ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും അനുയാത്രകളായിരുന്നു.

വസ്ത്രാലങ്കാര മേഖലയിലൂടെയാണ് സുരേന്ദ്രന്‍ ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. കോസ്റ്റൂം രംഗത്ത് എത്തിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിപ്രകാരമാണ്..’ വളരെ യാദൃച്ഛികമായിട്ടാണ് വസ്ത്രാലങ്കാര രംഗത്തേക്ക് എത്തുന്നത്. കുമാരപുരത്ത് നമ്മുടെ കൂടെ നാടകത്തിൽ അഭിനയിക്കുന്ന മോഹന്‍ദാസാണ് അതിന് നിമിത്തമാകുന്നത്. അക്കാലത്ത് നാടകത്തിൽ വളരെ സജീവമായി അഭിനയിക്കുകയാണ്. സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടണമെങ്കിൽ നല്ല ഗ്ലാമര്‍ വേണം. എന്നാൽ, എന്റെ ശരീരവും രൂപവും വെച്ച് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം വല്ലാത്തൊരാഗ്രഹമാണെന്ന തിരിച്ചറിവ് എനിക്ക് നല്ലതായിയുണ്ടായിരുന്നു. അതിനാൽ ഈ ആഗ്രഹം ആരോടും പറയാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല. സിനിമയുടെ പരിസരങ്ങളിൽ എങ്ങനെയെങ്കിലും പ്രവേശിക്കണം എന്ന ആഗ്രഹം വളർന്നുകൊണ്ടിരുന്നു. അപ്പോഴാണ് മോഹന്‍ദാസിന്റെ ക്ഷണം. വസ്ത്രാലങ്കാരം സാധാരണ ടെയ്‌ലര്‍മാര്‍ക്കുള്ള പണിയാണെന്നും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ് ഇപ്പോള്‍ ഈ മേഖലയിൽ സജീവമായുള്ളതെന്നും മോഹന്‍ദാസ് പറഞ്ഞാണ് മനസ്സിലാകുന്നത്. ഏതായാലും മോഹന്‍ദാസ് പറഞ്ഞ ആ വഴിയിൽ ക്കൂടി ഞാന്‍ നടന്നു. ലക്ഷ്മണന്‍ ചേട്ടന്റെ അസിസ്റ്റന്റായാണ് വര്‍ക്ക് ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാര്യങ്ങളെല്ലാം മനസ്സിലാക്കി. കൂടെ മദ്രാസിലേക്ക് പോവുകയാണ്. ആദ്യത്തെ സിനിമ ചൂതാട്ടം. നിത്യഹരിതനായകന്‍ പ്രേംനസീറും യുവാക്കളുടെ ഹരമായിരുന്ന താരറാണി ജയഭാരതിയും അച്ചന്‍കുഞ്ഞും സത്താറുമൊക്കെയുള്ള സിനിമ. സിനിമയുടെ വെള്ളി വെളിച്ചത്തിൽ ഏതോ സ്വപ്നഭൂമികയിലെത്തിയതുപോലെ അങ്ങനെ ഒഴുകി നടന്നു. ‘

read also: ഇതുവരെ കണ്ടതല്ല, ഇനി വരുന്നത് ചുരുളിയുടെ മറ്റൊരു വേർഷൻ: വിനയ് ഫോർട്ട്

സിനിമയുടെ അത്ഭുത ലോകത്തിൽ എത്തിയ സുരേന്ദ്രന്‍ സി എസ് ലക്ഷ്മണനിൽ നിന്നും കോസ്റ്റ്യൂമര്‍ വേലായുധന്റെ സഹായിയായി മദ്രാസിൽ ചേക്കേറുകയും സിനിമയുടെ പിന്നാമ്പുറങ്ങളിലെ തിരക്കുകളിൽ മുഴുകുകയും ചെയ്തു. തുടര്‍ച്ചയായ ജോലി ഭാരത്തിന്റെ സമ്മര്‍ദ്ദത്തിനിടയിൽ ഈ പണികളെല്ലാം ഉപേക്ഷിച്ച് സ്വതന്ത്രനായി തിരുവനന്തപുരത്തേയ്ക്കു തിരിച്ചെത്തുകയും തയ്യൽക്കട ആരംഭിക്കുകയും ചെയ്തു. സുരേന്ദ്രനിലെ ഇന്ദ്രനെപ്പിടിച്ചു കടയ്ക്കു ഇന്ദ്രന്‍സെന്ന പേരു ചാര്‍ത്തിക്കൊടുത്തുവെങ്കിൽ പിൽക്കാലത്ത് അത്തരമൊരു പേര് ടെറ്റിൽ കാര്‍ഡിൽ ‘കോസ്റ്റ്യൂം ഇന്ദ്രന്‍സ്’ എന്നായും പിന്നീട് അഭിനേതാക്കളുടെ ലിസ്റ്റിൽ ഇന്ദ്രന്‍സെന്നായും ചേര്‍ക്കപ്പെട്ടു. മലയാളിയുടെ ഓര്‍മ്മയിലെത്തുന്ന ഒരുപിടി ഹാസ്യ കഥാപാത്രങ്ങളുടെ നിരയി. ഇന്ദ്രന്‍സെന്ന മെലിഞ്ഞ മനുഷ്യന്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുമുണ്ടാകുന്നത് കാലം കാത്തുവെച്ച അനുഗ്രഹങ്ങളുടെ ഭാഗമായിരുന്നു.

ചൂതാട്ടം എന്ന ചിത്രത്തിൽ കുതിരവട്ടം പപ്പുവിനൊപ്പം അഭിനയിക്കുവാനും ഡബ്ബു ചെയ്യുവാനുമുള്ള അവസരങ്ങള്‍ ലഭിച്ചു. ചലച്ചിത്ര രംഗത്തെ കോസ്റ്റ്യൂം വര്‍ക്കിനൊപ്പം തന്റെ അഭിനയിക്കണമെന്നുമുള്ള ആഗ്രഹത്തെ പ്രകടിപ്പിച്ചപ്പോള്‍ ചെറുവേഷങ്ങള്‍ നല്കുവാന്‍ സംവിധായകന്‍ തയ്യാറായതിന്റെ തെളിവാണ് എഴുന്നള്ളത്ത് (ഹരികുമാര്‍), മാലയോഗം (സിബി മലയിൽ ), ആധാരം (സിബി മലയിൽ ) എന്നു തുടങ്ങി ഒരു നിര ചിത്രങ്ങള്‍. മൂന്നു പതിറ്റാണ്ടിലധികം നീളുന്ന ചലച്ചിത്ര സപര്യയിൽ അഞ്ഞൂറിലധികം ചിത്രങ്ങള്‍ക്ക് ജീവന്‍ പകരുവാന്‍ ഇന്ദ്രൻസിനു കഴിഞ്ഞു. കമ്പോള സിനിമ പ്രത്യക്ഷമായും പരോക്ഷമായും ഹിന്ദുത്വ അജണ്ടകള്‍ക്കു വിധേയപ്പെട്ട കാലത്ത്, നായകന്റെ നിഴലാകുന്ന, കൂട്ടാളിക്കളി കൊണ്ടും കൊടുത്തും പാരവെച്ചും പങ്കുവെച്ചും മുന്നേറുന്ന കഥാപാത്രങ്ങളിലൂടെ ഇന്ദ്രന്‍സ് എന്ന താരം മലയാളികള്‍ക്കു പ്രിയപ്പെട്ടവനാക്കി.

കുടക്കമ്പിയും നത്തോലിയും നീര്‍ക്കോലിയും

മെലിഞ്ഞ ഉടൽ രൂപത്തിലൂടെ മലയാളിയുടെ ചിരിയരങ്ങിനു വഴിയൊരുക്കിയ ഇന്ദ്രന്‍സിനു വെള്ളിത്തിരയിൽ നിന്നും ലഭിച്ച പേരുകളായിരുന്നു കുടക്കമ്പിയും നത്തോലിയും നീര്‍ക്കോലിയുമെല്ലാം. 1993ൽ രാജസേനന്‍ സംവിധാനം ചെയ്ത, കമ്പോള സിനിമയുടെ ചരിത്രത്തിൽ വന്‍ വിജയം നേടിയ മേലേപ്പറമ്പിൽ ആണ്‍വീടിലെ ബ്രോക്കര്‍ പരമശിവത്തിലൂടെ പോപ്പുലര്‍ താരമായ ഇന്ദ്രന്‍സ് തുടര്‍ന്നുള്ള കാലയളവിൽ കമ്പോള സിനിമകളുടെ അനിഷേധ്യ ഘടകമായി മാറുന്നുണ്ട്. ജയറാം (മേലേപ്പറമ്പിൽ ആണ്‍വീട് (1993) മുതൽ ഉത്തമന്‍ (2002) വരെയുള്ള നിരവധി ചിത്രങ്ങള്‍), ദിലീപ് (മാനത്തെക്കൊട്ടാരം (1994) മുതൽ നാടോടിമന്നന്‍ (2013) വരെയുള്ള ചിത്രങ്ങള്‍), മുകേഷ് (സുന്ദരി നീയും സുന്ദരന്‍ ഞാനും (1995) മുതൽ വിദേശി നായര്‍ സ്വദേശി നായര്‍ (2005) വരെയുള്ള ചിത്രങ്ങള്‍) ഒപ്പം പ്രേംകുമാര്‍, കലാഭവന്‍ മണി, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ ചിത്രങ്ങളിൽ ബഹുഭൂരിപക്ഷത്തിലും രസകരമായ നര്‍മ്മ രംഗങ്ങളുമായി ഇന്ദ്രന്‍സ് പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളിലും (സ്ഫടികം, ബാലേട്ടന്‍, പട്ടാളം, രാക്ഷസ രാജാവ്, മേഘസന്ദേശം) പ്രേക്ഷക ശ്രദ്ധ നേടിയിരുന്ന റോളുകള്‍ അവതരിപ്പിക്കുകയുണ്ടായി.

1993 ലെ മേലേപ്പറമ്പിൽ ആണ്‍വീടിലെ ബ്രോക്കര്‍ പരമശിവത്തിൽ നിന്നും 2015 ലെ ആട് ലെ പി പി ശശി ആശാന്‍ വരെയുള്ള കോമഡി ക്യാരക്ടറുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യം അത്തരം ക്യാരക്ടറുകള്‍ എല്ലാം തന്നെ (കോമിക്കുകള്‍ ആണെങ്കിലും) മലയാളികളുടെ ജീവിതത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ പരിചയത്തിലാവുകയോ ഇടപഴകുകയോ ചെയ്ത കഥാപാത്രങ്ങളായിരിക്കുമെന്നുള്ളതാണ്. നത്തോലി (വധു ഡോക്ടറാണ്), നാരായണ്‍കുട്ടി (ആദ്യത്തെ കണ്‍മണി), മംഗളന്‍ മങ്കൊമ്പ് (അവിട്ടം തിരുനാള്‍ ആരോഗ്യ ശ്രീരാമന്‍), ആരോഗ്യസ്വാമി (കുസൃതിക്കാറ്റ്), പൊന്നപ്പന്‍ (മാന്നാര്‍ മത്തായി സ്പീക്കിംഗ്), നീര്‍ക്കോലി നാരായണന്‍ (മാന്‍ ഓഫ് ദ മാച്ച്), സാക്ഷി (കിലുകിൽ പരമ്പരം), സുന്ദരേശന്‍ (മന്ത്രമോതിരം), ഉത്തമന്‍ (പഞ്ചാബി ഹൗസ്), പരമു (കുഞ്ഞിരാമായണം) വിളക്കൂതി വാസു (സ്വസ്ഥം ഗൃഹഭരണം), തൊമ്മി (മേഘസന്ദേശം), കണാരന്‍ (വാൽ ക്കണ്ണാടി), പപ്പന്‍ (ചതിക്കാത്ത ചന്തു), വീരമണി (പാണ്ടി പ്പട), , ദാസപ്പാപ്പി (ലീല) എന്നീ കഥാപാത്രങ്ങള്‍ ഉദാഹരണം

പകര്‍ന്നാട്ടത്തിന്റെ രണ്ടാം പാതി

മലയാളി കണ്ടു പരിചയച്ചതും പഴകിയതുമായ കോമഡി റോളുകളിൽ നിന്നും സീരിയസ് റോളുകളിലേയ്ക്കുള്ള ഇന്ദ്രന്‍സിന്റെ പരാവര്‍ത്തനങ്ങള്‍ സമാന്തര സിനിമയിലെ ലബ്ധ പ്രതിഷ്ഠരോടൊപ്പവും സിനിമയിലെ യുവതലമുറയുടെ ഒപ്പവുമായിരുന്നു. എം പി സുകുമാരന്‍ നായര്‍, ടി വി ചന്ദ്രന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശരത്, ഡോ, ബിജു, മാധവ് രാംദാസ്, മനോജ് കാന, മനു പി എസ്, ചന്ദ്രന്‍ നരിക്കോട്, വി സി അഭിലാഷ് എന്നിവരുടെ ചിത്രങ്ങളിലൂടെ ജനപ്രിയ താരത്തെ കേന്ദ്രീകരിച്ചു നില്ക്കുന്ന കോമഡിയുടെ പരിവേഷങ്ങള്‍ പറിച്ചുകളഞ്ഞുവെന്നു മാത്രമല്ല അത്ഭുതാവഹമായ പ്രകടനങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തു.

വാര്‍ദ്ധക്യത്തിലും യുവത്വ കഥാപാത്രങ്ങളെ കെട്ടിയാടുവാന്‍ നിര്‍ബന്ധം പിടിക്കുന്ന സൂപ്പര്‍താരങ്ങളുടെ പ്രകടനങ്ങളെ വാഴ്ത്തുന്നവരുടെ പൊതുബോധത്തിൽ വിള്ളലുകള്‍ സൃഷ്ടിക്കുന്ന പ്രകടനങ്ങളിലേക്ക്, അനായാസമായും ആര്‍ജ്ജവത്തോടെയും എത്തുവാന്‍ ഇന്ദ്രന്‍സിനു കഴിഞ്ഞു. മൂന്നു പതിറ്റാണ്ടിലെ അഭിനയ ജീവിതത്തിന്റെ പരിണാമങ്ങള്‍ പ്രതീക്ഷാവഹമായിരുന്നുവെന്നു വിശ്വസിക്കുന്ന ഇദ്ദേഹം രണ്ടാം വരവിലെ കഥാപാത്രങ്ങള്‍ പുതിയ അനുഭവ പാഠങ്ങളാണ് നല്കിയതെന്നു കൂടി സമര്‍ത്ഥിക്കുന്നു.

മാധവ് രാംദാസിന്റെ അപ്പോത്തിക്കിരി, മനോജ് കാനയുടെ അമീബ, പ്രിയനന്ദന്റെ സൂഫി പറഞ്ഞ കഥ, മനു പി എസിന്റെ മണ്‍റോ തുരുത്ത്, രഞ്ജിത്തിന്റെ ലീല, ചന്ദ്രന്‍ നരിക്കോടിന്റെ പാതി, വി സി അഭിലാഷിന്റെ ആളൊരുക്കം, മഹേഷ് നാരായണന്റെ മാലിക് വരെയുള്ള ചിത്രങ്ങൾ ഇന്ദ്രന്‍സിന്റെ അഭിനയപാടവത്തെ സൂപ്പര്‍ താരങ്ങളുടെ പ്രകടനത്തിനുമേലെ പ്രതിഷ്ഠിക്കുകയുണ്ടായി.

മലയാള സിനിമ സാങ്കേതികവിദ്യയിലും സര്‍ഗ്ഗാത്മകതയിലും രാഷ്ട്രീയ കാഴ്ചപ്പാടുകളിലും പുത്തന്‍ പരിസരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കാലയളവിലാണ് ഇന്ദ്രന്‍സിനെത്തേടി മികച്ച കഥാപാത്രങ്ങള്‍ എത്തിയത്. സൂപ്പര്‍താരങ്ങള്‍ മാസ് മസാലകളുടെ പിന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു മലയാളി ജനതയെ അപഹാസ്യരാക്കിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലയളവിൽ താരപദവിയുടെ ബാധ്യതാഭാരങ്ങള്‍ ഒന്നുമില്ലാതെ ഇന്ദ്രന്‍സ് അവിസ്മരണീയ കഥാപാത്രങ്ങളെ പകര്‍ന്നാടുന്നതും ജനഹൃദയങ്ങളിലേക്ക് എത്തുന്നതും.

മലയാളത്തിന്റെ ചാര്‍ലി ചാപ്ലിന്‍

ആഗോളതലത്തിൽ വലിയൊരു ആരാധക നിരയെ സൃഷ്ടിച്ചെടുത്ത അത്ഭുത പ്രതിഭയായിരുന്നു ചാര്‍ലി ചാപ്ലിന്‍. ഇന്ത്യന്‍ സിനിമയിൽ ഒരുപാടു തവണ ചാപ്ലിന്റെ അനുകരണങ്ങള്‍ ബോധപൂര്‍വ്വവും അബോധപൂര്‍വ്വവുമായി സൃഷ്ടിക്കപ്പെട്ടു എന്നതിൽ നിന്നും ചാപ്ലിന്റെ സ്വാധീനം നമുക്കു മനസ്സിലാക്കാവുന്നതാണ്. നിശ്ശബ്ദ സിനിമയുടെ കാലത്ത് ശാരീരിക പ്രകടനങ്ങളിലൂടെ ഹാസ്യരംഗങ്ങള്‍ സൃഷ്ടിച്ച ചാപ്ലിന്റെ അഭിനയ പ്രതിഭ പിൽക്കാലത്ത് ഗൗരവതരമായ പ്രശ്‌നങ്ങളിലേക്കുകൂടി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇത്തരത്തിൽ ആഗോളീയനായി നിലകൊള്ളുന്ന ചാപ്ലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ആര്‍ ശരത് ബുദ്ധന്‍ ചിരിക്കുന്നു എന്ന ചലച്ചിത്രം തയ്യാറാക്കിയപ്പോള്‍ ചാര്‍ലി ചാപ്ലിന്‍ ആകാൻ തിരഞ്ഞെടുത്തത് ഇന്ദ്രന്‍സിനെയായിരുന്നു. ഒരു ഹാസ്യനടന്‍ ചാര്‍ലി ചാപ്ലിന്‍ ആകാന്‍ അതിതീവ്രമായി ആഗ്രഹിച്ച് ചാപ്ലിന്‍ അനുകരണത്തിലൂടെ മുന്നോട്ടു പോകുമ്പോള്‍ അയാളുടെ കരിയറിലും ജീവിതത്തിലുമുണ്ടാകുന്ന വെല്ലുവിളികളായിരുന്നു ബുദ്ധന്‍ ചിരിക്കുന്നുവെന്നതിന്റെ ഉള്ളടക്കം.

ചാപ്ലിന്റെ ജീവിതവും ഇന്ദ്രന്‍സിന്റെ ജീവിതവും തമ്മിൽ ചില സമാനതകള്‍ വിദൂരതയിൽ കണ്ടെത്താവുന്നതാണ്. ഇരുവരുടേയും ബാല്യകാലങ്ങള്‍ സാമ്പത്തിക പരാധീനതകള്‍ നിറഞ്ഞതായിരുന്നു. ഇരുവരുടേയും ചലച്ചിത്ര ജീവിതത്തിന്റെ തുടക്കം നിര്‍ദോഷമായ ഹാസ്യത്തിലൂടെയായിരുന്നു. അടുത്ത ഘട്ടത്തിൽ ഹാസ്യത്തിൽ നിന്നും ചാപ്ലിന്‍ ഗൗരവപൂര്‍ണ്ണമായ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്ന ചിത്രങ്ങളിലേക്കു മാറുന്നു. അഭിനയ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇന്ദ്രന്‍സ് കോമഡി റോളുകളിൽ നിന്നും സാമൂഹ്യ പ്രതിബദ്ധതയുള്ളതും രാഷ്ട്രീയ നിലപാടുകള്‍ പങ്കുവെയ്ക്കുന്നതുമായ ചിത്രങ്ങളിലേക്കു മാറുന്നുണ്ട്. കമ്യൂണിസ്റ്റ് അനുഭാവി എന്ന നിലയിലും ചാപ്ലിനും ഇന്ദ്രന്‍സിനും സമാനതകളുണ്ട്.

സര്‍ഗ്ഗാത്മക പ്രതിഭയുടെ അടിസ്ഥാനത്തിൽ ചാപ്ലിനും ഇന്ദ്രന്‍സിനും വ്യത്യസ്ത ധ്രുവങ്ങളിലാണ്. ചാപ്ലിനെപ്പോലെ ആഗോളീയനായി തീരുവാന്‍ ഇന്ദ്രന്‍സിനു കഴിയാതെ പോയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പരിമിതികളാലല്ല, മറിച്ച് കേരള ദേശത്തിന്റെ പരിമിതിയുടെ തുടര്‍ച്ച മൂലമായിരുന്നു. ഗൗരവതരമായ റോളുകള്‍ ചെയ്തു തുടങ്ങിയ ഇന്ദ്രന്‍സ് ‘ഞാനീ രംഗത്തൊരു തുടക്കക്കാരനാണ്. മലയാള സിനിമയിൽ ഇനിയും ഞാനുമുണ്ടെന്ന’ സാക്ഷ്യപ്പെടുത്തൽ ഇന്ദ്രൻസ് എന്ന നടന്റെ ആഡംബരങ്ങളും അഹങ്കാരങ്ങളുമില്ലാത്ത ജീവിതത്തെ അടയാളപ്പെടുത്തുന്നു.

ഡോ. രശ്മി ജി, കെ എസ് അനിൽ കുമാര്‍

shortlink

Related Articles

Post Your Comments


Back to top button