Coming SoonLatest NewsNEWS

സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ ഇരുന്നൂറാമതു ചിത്രം ‘എല്ലാം ശരിയാകും’ നവംബർ 19ന് പ്രദർശനത്തിനെത്തുന്നു

പ്രശസ്ത സംഗീത സംവിധായകൻ ഓസേപ്പച്ചൻ്റെ സംഗീത സംവിധാനത്തിൽ ഇരുന്നൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’. ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നവംബർ പത്തൊമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുകയാണ്. സെൻട്രൽപിക്ച്ചേഴ്സാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

ആരവം എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറിയ ഔസേപ്പച്ചൻ മലയാള സിനിമയിലെ മുൻനിര സംഗീത സംവിധായകനിലേക്കുയരാൻ അധികം സമയം വേണ്ടി വന്നില്ല. പ്രശസ്തരായ നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിക്കുവാനുള്ള അവസരവും കൈവന്നു.

കമൽ സംവിധാനം ചെയ്ത ഉണ്ണികളെ ഒരു കഥ പറയാം എന്ന ചിത്രത്തിലെ ഗാനങ്ങൾ ഔസേപ്പച്ചനെ ഏറെ പ്രശസ്തനാക്കി. ഇന്നും മലയാളികളുടെ മനസ്സിൽ അതിലെ ഗാനങ്ങൾക്ക് ഏറെ സ്ഥാനമുണ്ട്.

ജോഷി, പ്രിയദർശൻ, സിബി മലയിൽ, ഭരതൻ ഫാസിൽ, സിദ്ദിഖ്, രാജസേനൻ, തുടങ്ങി പ്രശസ്തരും നവാഗതരുമൊക്കെയായി എണ്ണമറ്റ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഏതു കാലഘട്ടത്തിനനുസരിച്ചും ഗാനങ്ങൾ ഒരുക്കുവാൻ കഴിഞ്ഞുവെന്നതാണ് ഔസേപ്പച്ചൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്.

രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ ഒരു തികഞ്ഞ കുടുംബകഥ പറയുന്ന ചിത്രമാണ് എല്ലാം ശരിയാകും. പൊളിറ്റിക്കൽ ഫാമിലി ത്രില്ലർ. ആസിഫ് അലിയും രജിഷ വിജയനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഇന്ദ്രൻസ്, ജോണി ആൻ്റണി ബാലു വർഗീസ്, ജെയിംസ് ഏല്യാ, ശങ്കരാഭരണം ഫെയിം തുളസി, അഞ്ജു മേരി തോമസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നാലു ഗാനങ്ങളാണുള്ളത്. ഹരി നാരായണനാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഹരിശങ്കർ, സിതാര കൃഷ്ണകുമാർ, വില്യം ഫ്രാൻസിസ്, രാഹുൽ എന്നിവരാണ് ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

തോമസ് തിരുവല്ല ഫിലിംസ് & ഡോ പോൾ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ തോമസ് തിരുവല്ലമും ഡോ. പോളും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇതിലെ ഗാനങ്ങളുടെ പ്രകാശന കർമ്മം ഇക്കഴിഞ്ഞ ദിവസം തൃശൂരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ്റെ വസതിയിൽ വച്ച് ലളിതമായ ചടങ്ങേടെ നടന്നു. സത്യം ഓഡിയോസ് ആണ് ഗാനങ്ങൾ വാങ്ങിയിരിക്കുന്നത്.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button