GeneralLatest NewsNEWS

മരയ്ക്കാര്‍ ഒ.ടി.ടി റിലീസ്: ‘വൈകാരികമായി വായില്‍ത്തോന്നുന്നത് വിളിച്ചു പറയുന്നത് ശരിയല്ല’: സിയാദ് കോക്കര്‍

തിരുവനന്തപുരം : മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒ.ടി.ടി റിലീസിന് കൊടുക്കുന്നു എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസമാണ് ഉറപ്പിച്ചത്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ ഉയർന്നു വന്നിരുന്നു. എന്നാൽ മരയ്ക്കാര്‍ ഒ.ടി.ടി റിലീസിന് കൊടുക്കുന്നുണ്ടെങ്കില്‍ അതില്‍ ഒരു എതിര്‍പ്പുമില്ലെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കര്‍ പറയുന്നത് .

തിയേറ്റര്‍ തുറന്നു കഴിഞ്ഞാല്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ 200 തിയേറ്ററില്‍ മൂന്ന് ആഴ്ചയെങ്കിലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും 86 തിയേറ്ററുകള്‍ മാത്രമാണ് അതിനോട് അനുകൂലിച്ചതെന്ന് സിയാദ് കോക്കര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു.

സിയാദ് കോക്കറിന്റെ വാക്കുകൾ :

‘ഇത്രയും വലിയൊരു സിനിമ റിസ്‌ക് എടുത്ത് തിയേറ്ററുകാര്‍ക്ക് വേണ്ടി റിലീസ് ചെയ്യുമ്പോള്‍ 86 തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതിയോ? വൈകാരികമായി ഇതിനെ എടുത്ത് വായില്‍ത്തോന്നുന്നത് വിളിച്ചുപറയുന്നത് ശരിയല്ല. സത്യാവസ്ഥകള്‍ ഇതിന്റെ പുറകിലുണ്ട്. ഒ.ടി.ടി റിലീസിന് കൊടുക്കാമെന്നത് ഒരു നിര്‍മ്മാതാവിന്റെ തീരുമാനമാണെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുകയും പിന്തുണയ്‌ക്കുകയും ചെയ്യും

200 തിയേറ്ററില്‍ മൂന്നാഴ്ച മരക്കാര്‍ പ്രദര്‍ശിപ്പിക്കാമെന്ന് നേരത്തെ ഫിയോക് ആന്റണി പെരുമ്പാവൂരിന് വാഗ്ദാനം നല്‍കിയിരുന്നു. നിലവില്‍ 50 ശതമാനമാണ് ഓഡിയന്‍സ്. എന്തു നഷ്ടവും സഹിച്ച് ഇദ്ദേഹം റിലീസ് ചെയ്‌തോട്ടെ എന്ന് പറയുന്നതില്‍ എന്ത് മര്യാദയാണ് ഉള്ളത്. രണ്ടു കൂട്ടരും സഹകരിക്കണം. തിയേറ്ററില്‍ ആള് കയറണം. അതേപോലെ ആന്റണി പെരുമ്പാവൂരിന് നഷ്ടം വരാനും പാടില്ല. അതിനൊരു പോംവഴിയാണ് കാണേണ്ടത്.

ഇത്രയും മുതല്‍ മുടക്കുള്ള തിയേറ്ററിലേക്കായി കാത്തിരുന്ന സിനിമ വെറും 86 തിയേറ്ററില്‍ റിലീസ് ചെയ്‌തോ എന്ന് പറയുന്നത് ശരിയല്ല. സാധാരണ സിനിമയായി ഇതിനെ കാണുന്നതും ശരിയല്ല. ലാഭമല്ല മുതല്‍ മുടക്കെങ്കിലും തിരിച്ചു കിട്ടുന്ന പ്രൊപ്പോസല്‍ വന്നാലേ ഒ.ടി.ടിക്ക് കൊടുക്കൂ എന്നേ ആന്റണി പറഞ്ഞിട്ടുള്ളൂ. മനോവിഷമം കൊണ്ടാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ പുറത്ത് വെല്ലുവിളി ഉയര്‍ത്തുന്നത് ശരിയല്ല. മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും ബാന്‍ ചെയ്യുമെന്നൊന്നും പറയുന്നതും ശരിയല്ല’- സിയാദ് കോക്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button