GeneralLatest NewsNEWS

‘തുല്യപ്രാധാന്യമുള്ള വേഷം ചെയ്യുന്ന നായികമാര്‍ക്ക് നായകനെക്കാള്‍ കുറഞ്ഞ വേതനം നൽകുന്നത് ഇപ്പോഴും തുടരുന്നു’ : ലാറ ദത്ത

തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങി 2003 ൽ ഇറങ്ങിയ അന്ദാസ് എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമാലോകത്ത് എത്തിയതാണ് ലാറ ദത്ത. അന്ദാസിലെ അഭിനയത്തിന് മികച്ച് പുതുമുഖ നടിക്കുള്ള പുരസ്കാരവും ലാറ നേടിയിരുന്നു.

ഇപ്പോളിതാ തന്റെ പുതിയ ചിത്രമായ ഹിക്കപ്സ് ആന്റ് ഹോക്കപ്സിന്റെ പ്രമോഷന്‍ പരിപാടിയിൽ സംസാരിക്കവേ മധ്യവയസ്‌കരായ നായകന്മാര്‍ക്ക് യുവതികളായ നായികമാരെ തിരയുന്ന ബോളിവുഡ് പ്രവണതയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കയാണ് ലാറ ദത്ത.

‘അമ്പത് കഴിഞ്ഞ നായകന്മാര്‍ ഇപ്പോഴും കാമുകന്മാരായി തന്നെ അഭിനയിക്കുന്നു. അവര്‍ക്ക് നായികമാരായി എത്തുന്നതാവട്ടെ, അവരുടെ പകുതി പ്രായം മാത്രമുള്ള നായികമാരും. ബോളിവുഡിലാണ് ഇപ്പോള്‍ ഈ പ്രവണത കൂടുതലും കണ്ടുവരുന്നത്. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ പോലുള്ള നടന്മാരും അതിനെ പ്രമോട്ട് ചെയ്യുന്നു എന്നതാണ് കഷ്ടം.

പണ്ട് മുതലേയുള്ള ശീലമാണ് അത്. എത്ര പ്രായമായ നായകന്മാര്‍ക്കും ഇരുപത് വയസ്സുള്ള നായികമാരെ തിരഞ്ഞെടുക്കുന്ന രീതി ഇപ്പോഴും തുടരുന്നു.അതേ സമയം മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്, പതുക്കെയാണെന്ന് മാത്രം. നായികമാര്‍ക്കും പ്രാധാന്യമുള്ള മികച്ച തിരക്കഥകള്‍ ഉണ്ടാവുമ്പോള്‍ മാറ്റം സംഭവിച്ചേക്കാം. സ്ത്രീ എഴുത്തുകാരും ഇന്ന് ഈ മേഖലയിലുള്ളത് കൊണ്ട് അത്തരം തിരക്കഥകള്‍ വരുന്നുണ്ട്. ചില മികച്ച കഥകള്‍ വായിക്കാന്‍ എനിക്കും അവസരം ലഭിച്ചു’- ലാറ പറഞ്ഞു.

‘മറ്റൊരു പ്രധാന പ്രശ്നം വിവേചനം ആണ്. അത് നെപ്പോട്ടിസം ആയിരിയ്ക്കാം, അല്ലെങ്കില്‍ ലിംഗ വിവേചനത്തിന്റേതായിരിയ്ക്കാം. പാരമ്പര്യമുള്ള താരങ്ങള്‍ക്ക് കൂടുതല്‍ അറ്റന്‍ഷന്‍ നല്‍കുന്നതും, തുല്യപ്രാധാന്യമുള്ള വേഷം ചെയ്യുന്ന നായികമാര്‍ക്ക് നായകനെക്കാള്‍ കുറഞ്ഞ വേതനം നല്‍കുന്നതും എല്ലാം ഇപ്പോഴും തുടരുന്നു’- ലാറ ദത്ത കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button